വികസിത രാജ്യങ്ങളിൽ നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതവും എല്ലാ രാജ്യങ്ങളും ഒരുപോലെ നേരിടേണ്ട സഹാചര്യമാണ് നിലനിൽക്കുന്നത്. സമതുലിതമായല്ല ആഗോളതലത്തിൽ ഇത് നേരിടേണ്ടി വരുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുന്നതിലുപരി വികസന പ്രവർത്തനങ്ങൾക്ക് തടസ്സം വരാതെ അവയെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങളാണ് നാം തേടേണ്ടത്. കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന പ്രശ്നങ്ങളെ നേരിടുന്നതിനും പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾക്കുമായി ഹരിതകേരളം മിഷൻ സംസ്ഥാനത്ത് നടത്തിവരുന്ന പ്രവർത്തനങ്ങൾ ഇതിനകംതന്നെ ദേശീയ ശ്രദ്ധ ആകർഷിച്ചു. ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറച്ച് 2050-ഓടെ നെറ്റ് സീറോ കാർബൺ അവസ്ഥയിലെത്താനുള്ള സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഇപ്പോൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പ്രവർത്തനങ്ങൾ.