ഭൂമിയും വീടുമില്ലാത്ത കുടുംബങ്ങൾക്ക് വേണ്ടി ലൈഫ് മിഷൻ മുഖേന നിർമ്മാണം പൂർത്തീകരിച്ച കടമ്പൂർ (കണ്ണൂർ), പുനലൂർ (കൊല്ലം), വിജയപുരം (കോട്ടയം), കരിമണ്ണൂർ (ഇടുക്കി) എന്നീ നാല് ഭവന സമുച്ചയങ്ങൾ വിതരണം ചെയ്തു. നാല് ഭവന സമുച്ചയങ്ങളിലായി 174 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്.
ലൈഫ് മിഷൻ പദ്ധതിയിലൂടെ ഇതിനകം 3.4 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഇതിനകം വീട് നിർമ്മിച്ചുനൽകാൻ കഴിഞ്ഞു. നാല് പേരുള്ള ഒരു കുടുംബം എന്നെടുത്താൽ, 14 ലക്ഷം പേർ സ്വന്തം വീട്ടിൽ കഴിയുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം അമ്പതിനായിരത്തിലധികം വീടുകളാണ് പൂർത്തീകരിച്ചത്. 64,585 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്. ഇതിൽ 40,645 പേർ 2020ലെ ഗുണഭോക്തൃ പട്ടികയിൽ പെട്ടവരാണ്. ബജറ്റിൽ 1436.26 കോടി രൂപയാണ് ലൈഫിനായി നീക്കിവെച്ചത്. നമ്മുടെ സംസ്ഥാനത്ത് വലിയ ജനപിന്തുണ ലഭിച്ച ഒരു പരിപാടിയുടെ ശരിയായ തോതിലുള്ള പൂർത്തീകരണമാണ് നടന്നുവരുന്നത്. ലൈഫ് മിഷൻ വീടുകൾ നിർമ്മിക്കാൻ ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയുടെ ഭാഗമായി തങ്ങളുടെ ഭൂമിയുടെ ചെറിയൊരു ഭാഗം സർക്കാറിനെ ഏൽപ്പിക്കാം.