പദ്ധതി അവലോകനത്തിന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് ജില്ലകളിലേക്ക്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി നിർവഹണം ഉൾപ്പെടെ അവലോകനം ചെയ്യുന്നതിനും സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും ആവിഷ്കരിച്ച വിവിധ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നവകേരള തദ്ദേശകം 2.0 എന്ന പേരിൽ ജില്ലാ തല യോഗങ്ങൾ ചേരുന്നു. ഒക്ടോബർ 27ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിലാണ് ആദ്യയോഗം. നവംബർ 22 ന് ഉച്ചയ്ക്ക് കാസർഗോഡ് ചേരുന്ന യോഗത്തോടെ പരിപാടി അവസാനിക്കും. എല്ലാ തദ്ദേശസ്ഥാപന അധ്യക്ഷന്മാരും സെക്രട്ടറിമാരും, ജില്ലാ ആസൂത്രണ സമിതിയുടെ ഭാഗമായ ജില്ലാ കളക്ടർ, ജില്ലാ പ്ലാനിംഗ് ഓഫീസർമാര്, ജില്ലാ തല വകുപ്പ് മേധാവിമാർ, സർക്കാർ പ്രതിനിധി, ഫെസിലിറ്റേറ്റർമാരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാനതലത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഓരോ യോഗത്തിലും പങ്കെടുക്കും. ഈ സർക്കാർ അധികാരമേറ്റതിന് ശേഷം അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് നവകേരള തദ്ദേശകം പദ്ധതി ആവിഷ്കരിച്ചത്. കഴിഞ്ഞ വർഷം നവകേരള തദ്ദേശകത്തിൻറെ ഭാഗമായി എല്ലാ ജില്ലയിലും യോഗം ചേർന്നിരുന്നു. ഇതിൻറെ രണ്ടാം ഘട്ടത്തിനാണ് ഒക്ടോബർ 27 ന് തുടക്കമാവുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മെച്ചപ്പെട്ട പ്രവർത്തനം ഉറപ്പുവരുത്താൻ നവകേരള തദ്ദേശകം 2.0 സഹായകരമാകും. മാലിന്യപ്രശ്നം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തേണ്ടവരാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭാരവാഹികൾ. പുതിയ വികസന സങ്കൽപ്പങ്ങളും പദ്ധതികളും അവരുമായി ചർച്ച ചെയ്യുന്നത് നാടിൻറെ മുന്നോട്ടുപോക്കിന് അനിവാര്യമാണ്.
വാർഷിക പദ്ധതി നിർവഹണത്തിൻറെ അവലോകനം, അതിദാരിദ്രം അവസാനിപ്പിക്കാനുള്ള പദ്ധതിയുടെ പുരോഗതി, വാതിൽപ്പടി സേവനം, ശുചിത്വ കേരളത്തിനായുള്ള പ്രവർത്തനങ്ങൾ, ആയിരത്തിൽ അഞ്ച് പേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയുടെ പുരോഗതിയും തൊഴിൽസഭകളും, മനസോടിത്തിരി മണ്ണും ലൈഫ് പദ്ധതിയും, ലഹരിമുക്ത കേരളത്തിനായുള്ള പ്രവർത്തനങ്ങൾ, കുടുംബശ്രീയും ഷീ സ്റ്റാർട്ട്സും, ഡിജിറ്റൽ ഗവേണൻസും ഐഎൽജിഎംഎസും ഫയൽ തീർപ്പാക്കലും, ആസ്തി രജിസ്റ്റർ പുതുക്കൽ, ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും യോഗത്തിലെ ചർച്ചകൾ. യോഗം ചേരുന്ന തീയതിയും വിശദാംശങ്ങളും ചുവടെ
തിരുവനന്തപുരം 27-10-2022 10.00 AM
പാലക്കാട് 28-10-2022 10.00 AM
കോഴിക്കോട് 31-10-2022 10.00 AM
തൃശൂർ 07-11-2022 02.30 PM
കൊല്ലം 08-11-2022 10.00 AM
മലപ്പുറം 10-11-2022 10.00 AM
ആലപ്പുഴ 11-11-2022 10.00 AM
എറണാകുളം 11-11-2022 02.30 PM
ഇടുക്കി 17-11-2022 10.00 AM
കോട്ടയം 18-11-2022 10.00 AM
പത്തനംതിട്ട 18-11-2022 02.30 PM
വയനാട് 21-11-2022 10.00 AM
കണ്ണൂർ 22-11-2022 10.00 AM
കാസർഗോഡ് 22-11-2022 02.30 PM