An access permit is not required for construction of houses near National Highway Service Roads

ദേശീയപാതാ സർവീസ് റോഡുകൾക്ക് സമീപമുള്ള വീട് നിർമ്മാണത്തിന് ആക്സസ് പെർമിറ്റ് നിർബന്ധമാക്കില്ല

* എം എൽ എ യുടെ പരാതിക്ക് ഉദ്ഘാടന വേദിയിൽ തന്നെ തീർപ്പ്; എയർപോർട്ട് എൻ ഒ സി പ്രശ്നം പരിഹരിക്കാൻ സർക്കാർ സംവിധാനം ഉണ്ടാക്കും

താമസ ആവശ്യത്തിനുള്ള വീടുകൾ നിർമ്മിക്കുന്നതിന് ദേശീയപാതാ സർവീസ് റോഡുകളിൽ നിന്നുള്ള ആക്സസ് പെർമിഷൻ നിർബന്ധമാക്കില്ല. ആക്സസ് പെർമിഷൻ ഇല്ലാതെ തന്നെ വീടുകൾക്ക് ഇനി മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ബിൽഡിങ് പെർമിറ്റും നമ്പറും ലഭിക്കും. വിവിധ ജില്ലാ അദാലത്തുകളിൽ വന്ന പരാതികൾ പരിഗണിച്ചാണ് പൊതുവായ തീരുമാനം സർക്കാർ സ്വീകരിച്ചത്. വിമാനത്താവളം, റെയിൽവെ, പ്രതിരോധ സ്ഥാപനങ്ങൾ എന്നിവയുടെ എൻ ഒ സിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ പ്രത്യേക സംവിധാനം ഒരുക്കും.

മലപ്പുറത്ത് നടന്ന തദ്ദേശ അദാലത്തിന്റെ ഉദ്ഘാടന വേദിയിൽ അധ്യക്ഷനായിരുന്ന ടി വി ഇബ്രാഹിം എംഎൽഎ ആണ് ഇക്കാര്യം അധ്യക്ഷ പ്രസംഗത്തിൽ ഉന്നയിച്ചത്. എം എൽ എ ഉന്നയിച്ച വിഷയത്തിന്, തൊടുപിന്നാലെ സംസാരിച്ച മന്ത്രി പരിഹാരം കാണുകയായിരുന്നു. ആക്സസ് പെർമിറ്റിന്റെ മറവിൽ വലിയ ചൂഷണങ്ങൾ നടക്കുന്നുവെന്നും പരാതികളുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലാതല തദ്ദേശ അദാലത്ത് മലപ്പുറം മേൽമുറിയിലെ മഅദിൻ അക്കാദമി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനമെങ്ങും പതിനായിരക്കണക്കിന് പേർക്ക് ഗുണകരമാവുന്ന പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്.

തദ്ദേശ അദാലത്തുകൾ വഴി നിരവധി പൊതുവായ പ്രശ്നങ്ങളിലാണ് ഇതിനകം തീരുമാനം ഉണ്ടാക്കാനായത്. ചട്ടങ്ങളിലെ അവ്യക്തതകളിൽ വ്യക്തത വരുത്തുകയും കാലഹരണപ്പെട്ടവ കാലാനുസൃതമാക്കുകയും ചെയ്യും. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 106 ചട്ടങ്ങളിൽ 351 ഭേദഗതികൾ കൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വസ്തു നികുതി കുടിശ്ശികയ്ക്കും വാടക കുടിശ്ശികയ്ക്കും കൂട്ടുപലിശക്ക് പകരം ക്രമപലിശ മാത്രം ഈടാക്കുക, പഞ്ചായത്തുകളിൽ നടക്കുന്ന വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ സ്വദേശത്തുള്ളവർക്കും വീഡിയോ കോൺഫറൻസ് സംവിധാനത്തിന് അനുമതി, ലൈഫ് ഉൾപ്പെടെ സർക്കാർ പദ്ധതികളിൽ വീട് ലഭിച്ചവർക്ക് 7 വർഷത്തിന് ശേഷം വിൽക്കാൻ അനുമതി തുടങ്ങിയ തീരുമാനങ്ങൾ ഇതിനകം അദാലത്തിൻ്റെ ഭാഗമായി കൈക്കൊണ്ടിട്ടുണ്ട്. മുൻകൂട്ടി ഓൺലൈനായി ലഭിച്ച പരാതികൾ അദാലത്തിൽ വെച്ച് തീർപ്പാക്കും. ഇന്ന് പുതുതായി നേരിട്ട് അദാലത്തിൽ ലഭിക്കുന്ന പരാതികൾ രണ്ട് ആഴ്ചയ്ക്കുള്ളിൽ തീർപ്പാക്കും.