യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കുന്ന കേരളത്തിന്റെ മഹാമുന്നേറ്റമായ തൊഴിൽസഭകൾക്ക് തുടക്കമാവുകയാണ്. തൊഴിലന്വേഷകരെ വാര്‍ഡ് അടിസ്ഥാനത്തില്‍ തിരിച്ചറിയുകയും ഗ്രാമസഭ മാതൃകയില്‍ സംഘടിപ്പിക്കുകയും തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ തൊഴില്‍ ആസൂത്രണം സാധ്യമാക്കുകയും ചെയ്യുന്നതിനുള്ള സൂക്ഷ്മതല ജനകീയ സംവിധാനമായിരിക്കും തൊഴില്‍സഭകള്‍.
വകുപ്പുകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ചുമതലയില്‍ ഉള്ള തൊഴില്‍-സംരംഭക പദ്ധതികളും പരിപാടികളും തൊഴിലന്വേഷകരിലേക്കും പുതുതലമുറ സംരംഭകരിലേക്കും നേരിട്ടെത്തിക്കുന്നതിനുള്ള പാലമായിരിക്കും തൊഴില്‍സഭകള്‍. നമ്മുടെ നാട്ടിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകരെ കെ-ഡിസ്കിന്റെ കീഴില്‍ നോളജ് ഇക്കോണമി മിഷന്‍റെ ഭാഗമായി പരിശീലനം നൽകിക്കൊണ്ട് കേരളത്തിനും രാജ്യത്തിനും അകത്തും പുറത്തുമുള്ള തൊഴിലുകളിലേക്ക് നയിക്കുക എന്നത് തൊഴിൽസഭകളുടെ ലക്ഷ്യമാണ്. കൂടാതെ കുടുംബശ്രീയുടെ ഷീ-സ്റ്റാർട്സ് എന്ന പുത്തന്‍ സംരംഭക പ്രസ്ഥാനത്തിലൂടെ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംരം ഭക പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തൊഴില്‍സഭ ഊര്‍ജ്ജം നല്കും. പ്രാദേശികമായി തൊഴില്‍ കൂട്ടായ്മകളെ പ്രൊഫഷണല്‍ മനോഭാവത്തോടെയും സാങ്കേതിക സഹായത്തോടെയും പുന:സംഘടിപ്പിക്കുകയും നഗര-ഗ്രാമ ഭേദമില്ലാതെ ലഭ്യമാക്കുകയും ചെയ്യുന്നതിനുള്ള സാധ്യതകളും തൊഴില്‍സഭകള്‍ ആലോചിക്കും.
പ്രാദേശികമായി യുവജനങ്ങളെ സംഘടിപ്പിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തൊഴിലിലേക്ക് എത്തിക്കാനുള്ള ഈ പുത്തൻ ആശയം ലോകത്ത് തന്നെ ആദ്യത്തേതായിരിക്കും. പ്രാദേശിക സംരംഭങ്ങളും തൊഴിൽ സാധ്യതകളും കണ്ടെത്തിക്കൊണ്ട് തൊഴിലന്വേഷകരുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും നൈപുണ്യ വികസനത്തിലൂടെ തൊഴിലിന് കൂടുതൽ അനുയോജ്യമാക്കുകയും ചെയ്യുകയാണ് തൊഴിൽസഭകൾ ചെയ്യുന്നത്. തൊഴിൽസഭകളിൽ തൊഴിൽ/ സംരംഭക ക്ലബ്ബുകൾ രൂപീകരിക്കുകയും തൊഴിൽ തേടുന്നതിനുള്ള പങ്കാളിത്ത പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യും. കേരളത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്കായി പ്രാദേശിക സാമ്പത്തിക വികസന പരിപാടികള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനത്തിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സര്‍ക്കാര്‍ കൈകോര്‍ക്കുന്നത്തിന്റെ പുതിയ ഘട്ടമാണ് തൊഴില്‍സഭകളിലൂടെ ആരംഭിക്കുന്നത്..
ജനകീയ ഇടപെടലുകളിലൂടെ ബദലുകള്‍ സൃഷ്ടിക്കുന്ന മറ്റൊരു കേരളീയ മാതൃകയ്ക്ക് കണ്ണൂർ ജില്ലയിലെ പിണറായിയിലാണ് തുടക്കമാകുന്നത്. സ്വന്തം വാർഡിലെ തൊഴിൽ സഭയിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പങ്കെടുത്ത് ഔദ്യോഗികമായി തൊഴിൽ സഭകൾ ഉദ്ഘാടനം ചെയ്യും. പ്രിയ സുഹൃത്തുകളെ, തൊഴിൽസഭകളിലൂടെ നമുക്ക് കൈകോർക്കാം, തൊഴിലുകള്‍ക്കായ് സംരംഭങ്ങള്‍ക്കായ്, പടുത്തുയർത്താം നവകേരളം.