തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അർഹവും ഉചിതവുമായ പ്രാധാന്യം നൽകുന്ന ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത്. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള ബജറ്റ് വിഹിതം ഈ തവണയും വർധിപ്പിച്ചു. സംസ്ഥാനത്തിന്റെ മൊത്തം പദ്ധതി അടങ്കലിന്റെ 28.09 (8532 കോടി രൂപ) ശതമാനമാണ് ഇക്കുറി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 27.19 ശതമാനവും 2022ൽ 26.5 ശതമാനവുമായിരുന്നു വിഹിതം. ഓരോ വർഷവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വർധിപ്പിക്കണമെന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തെ, കേന്ദ്രസർക്കാരിന്റെ എല്ലാ ഞെരുക്കലുകൾക്കിടയിലും ഉയർത്തിപ്പിടിച്ച ധനവകുപ്പ് മന്ത്രിയെ പ്രത്യേകം അഭിനന്ദിക്കുന്നു. ഇതുകൂടാതെ ഗ്രാമവികസനത്തിന് 1,768.32 കോടിയും നഗരവികസനത്തിന് 961.14 കോടിയും വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീയിലും ലൈഫ് മിഷനിലും സുപ്രധാനമായ ഭാവി പദ്ധതികൾ മുന്നോട്ടുവെക്കാനും ബജറ്റിന് കഴിഞ്ഞു. വികേന്ദ്രീകൃതാസൂത്രണത്തിനും പ്രാദേശിക വികസന പദ്ധതികൾക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ നൽകുന്ന മുൻഗണന ഒരിക്കൽക്കൂടി പ്രഖ്യാപിക്കുന്ന ബജറ്റാണ് ഇത്തവണത്തേത്.
ലൈഫ് പദ്ധതിക്ക് അടുത്ത വർഷത്തേക്ക് 1132 കോടി രൂപയാണ് സംസ്ഥാന ബജറ്റ് വകയിരുത്തിയത്. 2025 മാർച്ച് 31-നകം ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകളുടെ പൂർത്തീകരണം സാധ്യമാക്കും. ഇതിനകം ലൈഫ് ഭവനപദ്ധതിക്കായി ആകെ 17,104.87 കോടി രൂപയാണ് ചെലവഴിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ലൈഫ് പദ്ധതിക്കായി 1966.36 കോടിയാണ് ചെലവഴിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 1,51,073 വീടുകൾക്ക് അനുമതി നൽകി, ഇതിൽ 31,386 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. നാളിതുവരെ 3,71,934 വീടുകളാണ് ലൈഫ് വഴി പൂർത്തിയാക്കിയത്. 1,19,687 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. അടുത്ത രണ്ട് വർഷത്തിനകം പതിനായിരം കോടിയുടെ ഭവന നിർമ്മാണങ്ങൾ ലൈഫ് മിഷൻ വഴി നടത്തും. ഇതിനായി ബജറ്റ് വിഹിതത്തിന് പുറമെ, സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് ദീർഘകാല വായ്പാ പദ്ധതികളും ആവിഷ്കരിക്കും. സംസ്ഥാന ബജറ്റിൽ പി എം എ വൈ ഗ്രാമീണിൽ ഉൾപ്പെട്ടവർക്ക് വീട് നിർമ്മാണത്തിന് 207.92 കോടിയും, പി എം എ വൈ അർബനായി 133 കോടി രൂപയും ഇതോടൊപ്പം നീക്കിവെച്ചിട്ടുണ്ട്. ഹഡ്കോയുടെ വായ്പാ ക്ലെയിം തീർപ്പാക്കുന്നതിന് കെ യു ആർ ഡി എഫ് സി ക്ക് 305.68 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോഴും, പ്രത്യേക ശ്രദ്ധ ചെലുത്തിയാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. 10.5 കോടി തൊഴിൽദിനങ്ങൾ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ സൃഷ്ടിക്കപ്പെടുമെന്ന് കണക്കാക്കി 230 കോടി രൂപ വകയിരുത്തി. സംസ്ഥാന സർക്കാരിന്റെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ 60 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ 165 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ പട്ടികവർഗ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ 100 തൊഴിൽ ദിനങ്ങൾ അധികമായി അനുവദിക്കുന്ന ട്രൈബൽ പ്ലസ് പദ്ധതിക്ക് 35 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
കുടുംബശ്രീക്ക് 265 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. മൂന്ന് ലക്ഷം വനിതകൾക്ക് ഉപജീവനം ഉറപ്പാക്കാൻ കുടുംബശ്രീ നടപ്പാക്കുന്ന കെ ലിഫ്റ്റ് പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. ബജറ്റ് വിഹിതം ഉൾപ്പെടെ 430 കോടിയുടെ പദ്ധതിക്കാണ് കുടുംബശ്രീ രൂപംനൽകിയിരിക്കുന്നത്. Kudumbashree livelihood initiative for transformation- KLIFT പദ്ധതിയിലൂടെ ഒരു അയൽക്കൂട്ടത്തിൽ നിന്നും ചുരുങ്ങിയത് ഒരു സംരംഭം/തൊഴിൽ എന്ന കണക്കിൽ ഉപജീവനമാർഗം സൃഷ്ടിച്ചുകൊണ്ട് കുടുംബശ്രീ അംഗങ്ങൾക്കും ഓക്സിലറി അംഗങ്ങൾക്കും സുസ്ഥിരി വരുമാനം ലഭ്യമാക്കും. കേരളത്തിന്റെ സ്ത്രീമുന്നേറ്റത്തിലെ സുപ്രധാന ചുവടുവെപ്പാകും കെ ലിഫ്റ്റ് എന്ന ഈ പദ്ധതി.
അതിദാരിദ്ര്യ നിർമ്മാർജന പരിപാടിക്ക് 50 കോടി രൂപ ഗ്യാപ് ഫണ്ടായി ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. 2025 നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത കേരളം സാധ്യമാക്കാനുള്ള പ്രവർത്തനത്തിൽ വരുമാനം കുറഞ്ഞ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഇത് മുതൽക്കൂട്ടാകും. കെയർ എക്കണോമിയുടെ ഭാഗമായി മുതിർന്ന പൌരന്മാർക്കായി മികച്ച കെയർ ഹോമുകൾ തുടങ്ങുന്നതും, കേരളത്തിന്റെ സാമൂഹ്യമുന്നേറ്റത്തിന്റെ പുത്തൻ കാൽവെപ്പുകളാകും. കൊല്ലം ജില്ലാ പഞ്ചായത്ത് വിജയകരമായി പൂർത്തിയാക്കിയ ഭരണഘടനാ സാക്ഷരതാ പരിപാടി സംസ്ഥാനവ്യാപകമാക്കുമെന്ന പ്രഖ്യാപനവും അഭിമാനകരമായ മുന്നേറ്റമാണ്. അമൃത് 2 ന് 134.94 കോടി, സ്മാർട്ട് സിറ്റി മിഷൻ 100 കോടി, കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് 120 കോടി, ശുചിത്വമിഷന് 25 കോടി, കൊച്ചിയിലെ ഓപ്പറേഷൻ ബ്രേക്ക് ത്രൂ 10 കോടി, പിഎംജിഎസ്കെയ്ക്ക് 86 കോടി തുടങ്ങി വിവിധ പദ്ധതികൾക്കും ബജറ്റ് സുപ്രധാന പരിഗണന നൽകിയിട്ടുണ്ട്.