online

* സേവനങ്ങള്‍ ഓണ്‍ലൈനില്‍
* സുതാര്യം, എളുപ്പം

സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യമായും എളുപ്പത്തിലും ലഭ്യമാക്കാന്‍ പുത്തന്‍ ഓണ്‍ലൈന്‍ സൗകര്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ്. ഓണ്‍ലൈന്‍ വഴി ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി ഐഎല്‍ജിഎംഎസ് (ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം) സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നടപ്പാക്കി. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ക്ളൗഡ് അധിഷ്ഠിത സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത്. സേവനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാനും സമയബന്ധിതമായി ലഭിക്കാനും ഇത് സഹായിക്കും. ംംം.രശശ്വേലി.ഹഴെസലൃമഹമ.ഴീ്.ശി വഴി പൊതുജനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. 2020 സെപ്റ്റംബറില്‍ 153 പഞ്ചായത്തുകളിലും, 2021 സപ്തംബറില്‍ 156 പഞ്ചായത്തുകളിലും ഈ സോഫ്‌റ്റ്വെയര്‍ സേവനം ആരംഭിച്ചിരുന്നു. ബാക്കിയുള്ള 632 ഗ്രാമപഞ്ചായത്തുകളിലാണ് ഇപ്പോള്‍ സജ്ജമാക്കിയത്.

പഞ്ചായത്തുകളിലേക്കുള്ള അപേക്ഷകളും ഫീസുകളും സ്വന്തം കമ്പ്യൂട്ടറോ, മൊബൈല്‍ഫോണോ ഉപയോഗിച്ചോ, അക്ഷയകേന്ദ്രത്തിലൂടെയോ, കുടുംബശ്രീ ഹെല്‍പ്പ്‌ഡെസ്‌ക് വഴിയോ സമര്‍പ്പിക്കാനും അടയ്ക്കാനും സാധിക്കും. എല്ലാ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഐബിപിഎംഎസ് (ഇന്റഗ്രേറ്റഡ് ബില്‍ഡിംഗ് പ്ലാന്‍ മാനേജ്‌മെന്റ് സിസ്റ്റം) സേവനം ഉറപ്പുവരുത്താന്‍ ഈ കാലയളവില്‍ സര്‍ക്കാരിന് സാധിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഇനി ഒരു കുടക്കീഴില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

എല്ലാ നഗരസഭകളിലും തൊഴില്‍ നികുതി ഓണ്‍ലൈനായി അടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. ഐടി മിഷന്റെ സഹായത്തോടെ നഗരകാര്യ ഡയറക്ടറേറ്റില്‍ ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കി. വകുപ്പിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് കാര്യക്ഷമത വര്‍ധനവിനായി ഇ-എംബുക്ക്, പ്രൈസ് ത്രി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. റോഡ് കട്ടിംഗുമായി ബന്ധപ്പെട്ട് സുഗമ പോര്‍ട്ടലും നിലവില്‍ വന്നു. സാങ്കേതിക, മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്‌കോര്‍ സോഫ്റ്റ്വെയര്‍ സജ്ജീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മ സേനകളുടെ അജൈവ പാഴ്വസ്തു ശേഖരണ പ്രക്രിയ ഊര്‍ജ്ജിതമാക്കാനും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനും ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ് പദ്ധതി നടപ്പാക്കി.

ഇ- ഗവേണന്‍സ് എന്നതിനപ്പുറം മൊബൈല്‍ ആപ്പ് വഴി എല്ലാ സേവനങ്ങളും വകുപ്പുതല യോഗങ്ങളും മറ്റും നടപ്പാക്കാനുതകുന്ന വിധത്തില്‍ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും വിവിധ ഏജന്‍സികള്‍ തയ്യാറാക്കിയ സോഫ്‌റ്റ്വെയര്‍ സേവനങ്ങള്‍ സംയോജിപ്പിക്കുകയും ചെയ്യാനുള്ള നടപടികളും പുരോഗമിക്കുകയാണ്.