Local Adalat- General decisions and amendments

തദ്ദേശ അദാലത്ത്- പൊതു തീരുമാനങ്ങൾ, ചട്ടഭേദഗതികൾ

1. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വസ്ത്രനികുതി വാടക തുടങ്ങിയവയ്ക്ക് കൂട്ടുപലിശ ഈടാക്കുന്നത്‌ അവസാനിപ്പിക്കും. ചില തദ്ദേശ സ്ഥാപനങ്ങളിലുള്ള കൂട്ടുപലിശ സംവിധാനത്തിനാണ്‌ അവസാനമാവുക, ഇനി എല്ലായിടത്തും ക്രമപലിശ മാത്രമാകും ഈടാക്കുക.

2. കോർപ്പറേഷൻ/മുൻസിപ്പൽ അതിർത്തിക്കുള്ളിൽ രണ്ട് സെന്റ് വരെയുള്ള ഭൂമിയിൽ നിർമ്മിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് മുന്നിൽ 3 മീറ്റർ വരെയുള്ള വഴിയാണെങ്കിൽ, ഫ്രണ്ട് യാർഡ് ഒരു മീറ്റർ ആയി കുറച്ചുകൊണ്ട് ചട്ട ഭേദഗതി കൊണ്ടുവരും. താമസ ആവശ്യത്തിനു അനുയോജ്യമായ വേറെ ഭൂമി ഇല്ലാത്ത കുടുംബങ്ങൾക്കാണ് നിബന്ധനകൾക്ക് വിധേയമായി ഈ ഇളവ് അനുവദിക്കുക.

3. സംസ്ഥാനത്ത് 80 ചതുരശ്ര മീറ്റർ വരെയുള്ള സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന വീടുകൾക്ക് 2024-25 വരെയുള്ള വസ്തുനികുതി പിഴപ്പലിശ ഒഴിവാക്കി നൽകും. ഈ കുടുംബങ്ങൾക്ക് നികുതി കുടിശ്ശിക മാത്രം അടച്ചാൽ മതിയാവും.

4. 60 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ള വീടുകൾക്ക് യുഎ നമ്പറാണെങ്കിലും വസ്തുനികുതി ഉണ്ടാകില്ല. യുഎ നമ്പറുള്ള കെട്ടിടങ്ങൾക്ക് നിലവിൽ മൂന്ന് ഇരട്ടി നികുതിയാണ് ചുമത്തുന്നത്. അതേസമയം 60 ച. മീറ്ററിൽ താഴെയുള്ള അവരവർ താമസിക്കുന്ന വീടുകളെ നികുതിയിൽ നിന്ന് സർക്കാർ ഒഴിവാക്കിയിരുന്നു. ഈ ഇളവ് യുഎ നമ്പർ ലഭിച്ച വീടുകൾക്കും ബാധകമാക്കാനാണ് നിർദേശം നൽകിയത്.

5. കെട്ടിടത്തെ സംബന്ധിച്ച് പാലിക്കേണ്ട നിബന്ധനകൾ എല്ലാം പാലിച്ചിട്ടുണ്ടെങ്കിൽ, പ്ലോട്ട് ഏരിയയിൽ കുറവോ കൂടുതലോ വന്നു എന്ന കാരണത്താൽ മാത്രം പെർമിറ്റ് റദ്ദാക്കില്ല. കെട്ടിട നിർമ്മാണ ചട്ടം 19(5) ലാണ് ഇളവ് നൽകുക.

6. ഒരു വശം അടഞ്ഞതും 75 മീറ്ററിൽ കുറഞ്ഞ നീളമുള്ളതുമായ തെരുവുകളുടെ അതിരിലുള്ള പ്ലോട്ടുകളിൽ നിർമ്മിക്കുന്ന കെട്ടിടങ്ങൾ, ആ തെരുവുമായി ഒന്നര മീറ്റർ അകലം പാലിക്കണമെന്ന വ്യവസ്ഥയിൽ ഇളവ്‌ വരുത്തും. അപ്രകാരമുള്ള തെരുവ് അഞ്ചിൽ അധികരിക്കാത്ത എണ്ണം പ്ലോട്ടുകളിലേക്കോ കെട്ടിടങ്ങളിലേക്കോ നയിക്കുന്ന വഴിയാണെങ്കിൽ ആ വഴി പ്രയോജനപ്പെടുത്തുന്ന എല്ലാ ഭൂവുടമകളും കെട്ടിട ഉടമകളും എഴുതി നൽകുന്ന സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ തെരുവിനോട് ചേർന്നുള്ള പ്ലോട്ട്‌ അതിരിൽ നിന്നും കെട്ടിടത്തിലേക്കുള്ള ദൂരം ഒരു മീറ്റർ വരെയാക്കി കുറയ്ക്കാവുന്നതാണ്‌ എന്ന ഭേദഗതിയാണ്‌ വരുത്തുക. ഇതിന്‌ ആവശ്യമായ ഭേദഗതി കെട്ടിട നിർമ്മാണ ചട്ടം 23 ആം ചട്ടത്തിന്റെ രണ്ടാം ഉപചട്ടത്തിൽ വരുത്തും.

7. താമസ ആവശ്യത്തിനുള്ള വീടുകൾ നിർമ്മിക്കുന്നതിന് ദേശീയപാതാ സർവീസ് റോഡുകളിൽ നിന്നുള്ള ആക്സസ് പെർമിഷൻ നിർബന്ധമാക്കില്ല. ആക്സസ് പെർമിഷൻ ഇല്ലാതെ തന്നെ വീടുകൾക്ക് ഇനി മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ബിൽഡിങ് പെർമിറ്റും നമ്പറും ലഭിക്കും. വിവിധ ജില്ലാ അദാലത്തുകളിൽ വന്ന പരാതികൾ പരിഗണിച്ചാണ് പൊതുവായ തീരുമാനം സർക്കാർ സ്വീകരിച്ചത്.

8. വിമാനത്താവളം, റെയിൽവെ, പ്രതിരോധ സ്ഥാപനങ്ങൾ എന്നിവയുടെ എൻഒസിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കും.

9. റോഡ് വീതി കൂട്ടലിന്റെ ഭാഗികമായി പൊളിച്ച് നീക്കിയ കെട്ടിടങ്ങളുടെ ശേഷിക്കുന്ന ഭാഗം, വിസ്തൃതിയും നിലകളുടെ എണ്ണവും അധികരിക്കാതെ ബലപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് അനുമതി നൽകാം. ഇളവ് ലഭിക്കാൻ സ്ഥലം സൗജന്യമായി തന്നെ വിട്ടുനൽകണമെന്നില്ല. ഇതിനായി കെട്ടിടനിർമ്മാണ ചട്ടം 66ൽ ചട്ടഭേദഗതി കൊണ്ടുവരും.

10. 2024ലെ അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണ ചട്ടത്തിലെ ലോ റിസ്ക് കെട്ടിങ്ങളുടെ നിർവചനത്തിൽ മാറ്റം വരുത്തും. ഓരോ ഉപയോഗത്തിനുമുള്ള കെട്ടിടങ്ങളുടെ നിയമലംഘനങ്ങളുടെ പരമാവധി പരിധി ഇതിൽ നിർവചിച്ചിട്ടുണ്ട്. ഒന്നിലധികം ഉപയോഗ ഗണത്തിലുള്ള കെട്ടിടങ്ങളാണെങ്കിൽ, ഓരോ ഉപയോഗത്തിനുമുള്ള ഭാഗങ്ങളും പരിധിക്കുള്ളിൽ നിൽക്കുകയാണെങ്കിൽ ക്രമവത്കരിച്ച് നൽകാനാകുന്ന രീതിയിലാണ് ചട്ടഭേദഗതി കൊണ്ടുവരിക.

11. വെയിലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം നൽകുന്നതിനായി നിലം നിരപ്പിൽ പന്തലിടുന്ന രീതി സംസ്ഥാനത്തുണ്ട്. ഇത്തരത്തിൽ വശങ്ങളിൽ തുറന്ന നിലയിൽ വീടുകൾക്ക് മുൻപിൽ ഷീറ്റ് ഇടുന്നത് പ്രത്യേക നിർമ്മിതിയായി കണക്കാക്കില്ല. നിബന്ധനകൾക്ക് വിധേയമായിട്ടാണ് ഈ ഇളവ് അനുവദിക്കുക. ഇത് സംബന്ധിച്ച ഭേദഗതി കെട്ടിട നിർമ്മാണ ചട്ടം 23(1), 2 (bf) യിൽ വരുത്തും. സ്ഥാപിക്കുന്ന ഷീറ്റ് റോഡിലേക്ക് കയറി നിൽക്കുന്നത് പോലെയുള്ള നിയമലംഘനങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയാകും ഈ ഇളവ് നൽകുന്നത്. ഈ ഭാഗത്ത് തറ നിർമ്മിക്കാനോ, ചട്ടങ്ങൾ അനുവദിക്കാത്ത ഏതെങ്കിലും ആവശ്യങ്ങൾക്കായി ഉപയോഗിക്കാനോ പാടുള്ളതല്ല.

12. ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടുകൾക്ക് യു എ നമ്പറാണ് ലഭിക്കുന്നതെങ്കിൽ പോലും അവസാന ഗഡു അനുവദിക്കും. ഇത് സംബന്ധിച്ച പൊതു നിർദ്ദേശം നൽകി.

13. യു എ നമ്പറുള്ള വീടുകളുടെ ഉടമസ്ഥാവകാശവും ഇനി നിബന്ധനകൾക്ക് വിധേയമായി കൈമാറാം. ആദ്യത്തെ ഉടമയ്ക്ക് യു എ നമ്പർ നൽകുമ്പോൾ നിഷ്കർഷിച്ച നിബന്ധനകൾ കൈമാറിക്കിട്ടിയ പുതിയ ഉടമയ്ക്കും ബാധകമാക്കും. യു എ നമ്പറുള്ള കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാനുള്ള സാങ്കേതിക തടസങ്ങൾ നീക്കും. വസ്തുനികുതി ഈടാക്കുന്നതിന്റെ ഭാഗമായാണ് കെട്ടിട നമ്പറിട്ട് ഉടമസ്ഥരുടെ വിവരം രജിസ്റ്ററിൽ ചേർക്കുന്നത്. ഈ ആവശ്യത്തിന് വേണ്ടിയാണിത്.

14. പട്ടിക വർഗ സങ്കേതങ്ങളിൽ വളരെക്കാലമായി താമസിക്കുന്ന സ്ഥലത്തെ വീടിന്, പട്ടയവും നികുതി റെസിപ്റ്റും ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി നമ്പർ നിഷേധിക്കില്ല. ഊരുഭൂമിയാണെങ്കിൽ നമ്പറും റവന്യൂ ഭൂമിയാണെങ്കിൽ യുഎ നമ്പറും നിബന്ധനകൾക്ക് വിധേയമായി ലഭ്യമാക്കും. ഈ ഇളവിന് അനുയോജ്യമായ മാറ്റങ്ങൾ കെ സ്മാർട്ടിൽ വരുത്തും.

15. തദ്ദേശ സ്വയം ഭരണ സ്ഥാപനം ഭവന നിർമ്മാണത്തിനായി വാങ്ങി ഗുണഭോക്താവിന് നൽകുന്ന ഭൂമി, നിർമ്മാണ പ്രവർത്തനത്തിന് യോഗ്യമാണെന്ന് ഉറപ്പുവരുത്തണമെന്ന എന്ന പൊതുനിർദേശം നൽകി.

16. സർക്കാരിൽ നിന്ന് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിച്ചിട്ടും നിർമ്മാണം നടത്തിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി, കൈപ്പറ്റിയ തുകയും പലിശയും തിരിച്ചടയ്ക്കാൻ നിർദേശം ലഭിച്ചവർക്ക് തുകയിൽ ഇളവ് അനുവദിക്കാൻ സംസ്ഥാനതലത്തിൽ പ്രത്യേക സമിതിയെ നിയോഗിക്കും. ആനുകൂല്യം ലഭിച്ച കാലയളവ്, കുടുംബത്തിന്റെ സാഹചര്യവും പരിഗണിച്ചാവും സമിതി വിഷയങ്ങൾ പരിഹരിക്കുക.

17. ലൈഫ് ഭവന പദ്ധതിയിലൂടെ നിർമിക്കുന്ന വീടുകൾ, നിർമ്മാണത്തിനിടെ പുനർനിർമ്മിക്കാൻ കഴിയാത്ത തരത്തിൽ പ്രകൃതി ദുരന്തങ്ങളിൽ തകർന്നാൽ, തിരിച്ചടവിൽ നിബന്ധനകളോടെ ഇളവ് അനുവദിക്കും.

18. വസ്തുനികുതി പരിഷ്കരണത്തിന്റെ ഭാഗമായി നടത്തേണ്ട നടപടികൾ 2013ലും 2016ലും കൃത്യമായി നടത്താത്തതിനാലും, നടത്തിയവയിൽ തന്നെ കെട്ടിടങ്ങളുടെ വിവരം രേഖപ്പെടുത്തിയതിൽ പിഴവ് ഉള്ളതിനാലും, നികുതി നിശ്ചയിച്ചതിൽ പിഴവ് ഉണ്ടായതായും നമ്പറുള്ള കെട്ടിടങ്ങൾ തന്നെ അനധികൃതമായി മാറിയതായും പരാതി ലഭിച്ചിരുന്നു. ഇതുമൂലം ഭീമമായ കുടിശിക ബാധ്യതയും അതിന്മേൽ പിഴപ്പലിശയും വന്നതായും കാണുന്നു. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി വസ്തുനികുതി പരിഷ്കരണത്തിന് മുൻപുള്ള അസസ്മെന്റ് രജിസ്റ്ററിലെ കെട്ടിടങ്ങൾക്ക് നിയമാനുസൃതം നമ്പർ പുനസ്ഥാപിച്ച് നൽകുന്നതിനും, 2023ലെ സർക്കാർ ഉത്തരവ് 77/2023 പ്രകാരം വിശദമായ പരിശോധന നടത്താനും നിർദേശിച്ചു. ഇതിൽ ആക്ഷേപം ഉള്ളവർക്ക് തദ്ദേശ സ്ഥാപന തലത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെട്ട സമിതി മുൻപാകെ പരാതി നൽകാം. സമയബന്ധിതമായി നികുതി പരിഷ്കരണം നടത്താത്ത നഗരസഭകളിൽ ലിമിറ്റേഷൻ പിരീഡ് കഴിഞ്ഞ കേസുകളിൽ പുതുക്കിയ ഡിമാൻഡ് നൽകിയ വർഷം വരെയുള്ള പിഴപ്പലിശ ഒഴിവാക്കി നൽകി. എങ്കിലും നിയമാനുസൃതമായ നികുതി ഒടുക്കേണ്ടതുണ്ട്. എന്നാൽ ഇത്തരം കേസുകളിൽ ഈ നികുതി ഗഡുക്കളായി അടയ്ക്കാൻ അനുവാദം നൽകും. മേൽ പ്രശ്നങ്ങളിൽ ലൈസൻസ് പുതുക്കാനാവില്ലെന്ന പരാതിയിന്മേൽ 2024 മാർച്ച് 31 വരെ സാധുതയുള്ള ലൈസൻസുകൾ മേൽ നടപടികൾക്ക് വിധേയമായി 2024-25 വർഷത്തേക്ക് പുതുക്കി നൽകാനും അനുവാദം നൽകി. മേൽ പരിശോധനകൾക്ക് ശേഷവും അനധികൃതമാണെന്ന് കണ്ടെത്തുന്ന കെട്ടിടങ്ങൾ ക്രമവത്കരിക്കുന്നതിന് നിയമാനുസൃത നടപടി ഉടമസ്ഥർ സ്വീകരിക്കണം.

19. കെട്ടിടങ്ങളിലെ എമർജൻസി എക്സിറ്റിലേക്കുള്ള ട്രാവൽ ഡിസ്റ്റൻസ് 45 മീറ്ററാക്കി ഉയർത്തും. ഇതിന് ആവശ്യമായ ചട്ട ഭേദഗതി കൊണ്ടുവരും. നിലവിൽ കെട്ടിടനിർമ്മാണ ചട്ടം 36(2) പ്രകാരം ഇത് 30 മീറ്ററാണ്. അതേ സമയം നാഷണൽ ബിൽഡിംഗ് കോഡ് (എൻബിസി) ഭേദഗതി പ്രകാരം ഈ ട്രാവൽ ഡിസ്റ്റൻസ് 45 മീറ്ററായി ഉയർത്തിയിട്ടുണ്ട്. ഇത് പരിഗണിച്ചാണ് കെട്ടിട നിർമ്മാണ ചട്ടത്തിലും ആവശ്യമായ ഭേദഗതി കൊണ്ടുവരുന്നത്.

20. കെട്ടിട നിർമ്മാണ പെർമിറ്റ് എടുത്ത് ശേഷം നിർമ്മാണം ഉപേക്ഷിച്ചാൽ, ഈടാക്കിയ അധിക എഫ് എ ആർ ഫീസ് തിരിച്ചുനൽകുന്ന നിലയിൽ കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തും. കെട്ടിടനിർമ്മാണ ചട്ടങ്ങളിലെ ചട്ടം 16 ആണ് ഭേദഗതി ചെയ്യുക.

21. അധിക എഫ് എ ആർ ഫീസ് അടച്ച് പെർമിറ്റ് എടുക്കുകയും നിർമ്മാണം നടത്തുകയും ചെയ്ത കെട്ടിടം, നിർമ്മാണം പൂർത്തിയാക്കിയ ശേഷം നിശ്ചിത എഫ് എ ആർ പരിധിയിലാണെങ്കിൽ ഒടുക്കിയ അധിക ഫീസ് തിരിച്ചുനൽകും.

22. സ്പെഷ്യൽ സ്കൂളുകൾ, വൃദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായുള്ള സൂപ്പർ വിഷൻ ചാർജ് ഒഴിവാക്കാൻ നിർദ്ദേശം നൽകി. ഈ ഇളവ് ഫീസ് വാങ്ങാതെ സൗജന്യമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ്. 37/2016/LSGD ഉത്തരവ് പ്രകാരം ഓർഫനേജ് ബോർഡിൽ രജിസ്റ്റർ ചെയ്ത ഓർഫനേജുകളെ ഫിറ്റ്നസ് സൂപ്പർ വിഷൻ ചാർജിൽ നിന്ന് മുൻപുതന്നെ ഒഴിവാക്കിയിരുന്നു. ഈ ഉത്തരവ് കൂടുതൽ കാരുണ്യ സ്ഥാപനങ്ങൾക്ക് ബാധകമാക്കാനാണ് തീരുമാനം.

23. വിമുക്തഭടന്മാരുടെ ഐക്യത്തിനും ബോധവൽക്കരണ പരിപാടികൾക്കും വേണ്ടി നിർമ്മിച്ചിട്ടുള്ള വിമുക്തഭട ഭവൻ കെട്ടിടങ്ങളുടെ നികുതി സംസ്ഥാനതലത്തിൽ പുനർ നിർണയിച്ചു. ഇതോടെ ഗ്രാമ പഞ്ചായത്തുകളിൽ 100 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് ചതുരശ്രമീറ്ററിന് പരമാവധി 70 രൂപ എന്ന നിരക്കിൽ ഈടാക്കിയിരുന്ന വസ്തു നികുതി ചതുരശ്ര മീറ്ററിന് പരമാവധി 40 രൂപയായി കുറയും. മുൻസിപ്പാലിറ്റികളിൽ ഇത് 80 രൂപയെന്നത് 60 രൂപയായി കുറയും.

24. സർക്കാർ-എയ്ഡഡ് സ്കൂൾ കെട്ടിടങ്ങളുടെ ശരിയായ വിസ്തീർണ്ണം അസ്സസ്മെന്റ് രജിസ്റ്ററിൽ ചേർത്തിട്ടില്ലാത്തതിനാൽ പെർമിറ്റ്/ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് തടസം നേരിടുന്ന സാഹചര്യം ഒഴിവാക്കുന്നതിന്, ഇത്തരം കെട്ടിടങ്ങളുടെ ശരിയായ വിവരം ഡാറ്റാ പ്യൂരിഫിക്കേഷൻ വഴി സഞ്ചയ ഡാറ്റാബേസിൽ ഉൾപ്പെടുത്തും. പല സ്കൂൾ കെട്ടിടങ്ങൾക്കും വളരെ പഴയ കെട്ടിടമാണ് ഇപ്പോഴുമുള്ളത്. ഇവ പ്രവർത്തിക്കുന്നതും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമാണ്. എന്നാൽ ഇത്തരത്തിലുള്ള പല പഴയ കെട്ടിടങ്ങളുടെയും രേഖ പഞ്ചായത്തിലോ സഞ്ചയ ഡേറ്റാബേസിലോ ഇല്ല. സ്കൂളുകൾക്ക് നികുതി ഒഴിവുണ്ടായിരുന്നതിനാൽ സ്കൂൾ കെട്ടിടങ്ങളുടെ ശരിയായ വിസ്തീർണ്ണം പലപ്പോഴും ഉൾപ്പെടുത്താതെയും പോയിരുന്നു. ഈ സ്കൂളുകളിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ പെർമിറ്റിന് അപേക്ഷിക്കുമ്പോഴും ഫിറ്റ്നസ് സംബന്ധമായ ആവശ്യങ്ങൾ വരുമ്പോഴും, പ്ലോട്ടിലെ പല കെട്ടിടങ്ങളും രേഖകളിൽ ഇല്ല എന്ന സ്ഥിതി വരുന്നു. ഈ പ്രശ്നത്തിനാണ് തദ്ദേശ അദാലത്തിൽ പരിഹാരമായിരിക്കുന്നത്. കെട്ടിടം നേരത്തേ നിലവിൽ ഉണ്ടായിരുന്നു എന്ന് തെളിയിക്കാൻ മതിയായ രേഖകൾ ഹാജരാക്കുന്ന പക്ഷം കെട്ടിടങ്ങൾ ഡാറ്റ പ്യൂരിഫിക്കേഷനിലൂടെ സഞ്ചയ ഡാറ്റ ബേസിൽ സെക്രട്ടറിമാർ ഉൾപ്പെടുത്തും. ഇങ്ങനെ സമർപ്പിക്കുന്ന രേഖകൾ പരിശോധിച്ച് കെട്ടിട നിർമ്മാണത്തിന്റെ കാലം കണക്കാക്കി, കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് ബാധകമാകുന്നതാണോ എന്ന് പരിശോധിക്കും. നിർമ്മാണ ചട്ടങ്ങൾ ബാധകമാകുന്നതിനു മുൻപ് നിർമ്മിച്ച കെട്ടിടങ്ങൾ യാതൊരു ക്രമവൽക്കരണ ഫീസും ഈടാക്കാതെ സഞ്ചയ ഡാറ്റാബേസിൽ ഉൾപ്പെടുത്താവുന്നതാണ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ കെട്ടിടങ്ങളുടെ കാർപെറ്റ് ഏരിയ മാത്രമാണ് ഉണ്ടാവുക. സഞ്ചയ ഡാറ്റാ ബേസിൽ കെട്ടിടത്തിന്റെ യഥാർത്ഥ പ്ലിന്ത് വിസ്തീർണ്ണം ഉൾപ്പെടുത്തുവാൻ എൻജിനീയറിങ് വിഭാഗം റിപ്പോർട്ട് നൽകണം. കൂടാതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ ഉൾപ്പെടാതെ വരുന്ന അനുബന്ധ കെട്ടിടങ്ങളായ ടോയ്ലറ്റ്, കഞ്ഞിപ്പുര, സ്റ്റേജ് മുതലായ കെട്ടിടങ്ങളുടെ വിസ്തീർണവും ഇതോടൊപ്പം സഞ്ചയ ഡാറ്റ ബേസിൽ ഉൾപ്പെടുത്തണം. അനുബന്ധ കെട്ടിടങ്ങളുടെ വിസ്തീർണം സംബന്ധിച്ച സത്യവാങ്മൂലവും മേൽ നടപടികൾക്ക് ആവശ്യമായ അപേക്ഷകളും സർക്കാർ സ്കൂളുകളിൽ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർ, എയ്ഡഡ് സ്കൂളുകളിൽ മാനേജർ എന്നിവർ സമയബന്ധിതമായി സമർപ്പിക്കണം.

25. പെർമ്മിറ്റ് പ്രകാരം വീട് നിർമ്മിക്കുകയും, പെർമ്മിറ്റ് നൽകിയത് തെറ്റായതിനാൽ ഒക്യുപൻസിയുടെ സമയത്ത് ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന കേസുകളിൽ ഒക്യുപൻസി അനുവദിക്കുന്നതിന് പൊതു സമീപനം സ്വീകരിക്കാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കും. തെറ്റായി പെർമ്മിറ്റ് നൽകിയ ഉദ്യോഗസ്ഥർക്കെതിരായും തെറ്റായി രേഖകൾ തയ്യാറാക്കുന്ന ലൈസൻസികൾക്കെതിരായും നടപടി സ്വീകരിക്കും.

26. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഡെവലപ്മെന്റ് പെർമിറ്റ് എടുക്കാതെ സ്ഥലം ചെറിയ പ്ലോട്ടുകളായി വിൽക്കുന്നത് ഇതിനകം തന്നെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്ലോട്ട് ഉടമസ്ഥർക്ക് ലഭിക്കേണ്ട പൊതു സൗകര്യങ്ങൾ ഇതു വഴി നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാവുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ചെറു പ്ലോട്ടുകളുടെ ഉടമകൾക്ക് പെർമ്മിറ്റ് നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. ഡവലപ്പറുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ മൂലം ചെറു പ്ലോട്ടുകളുടെ ഉടമസ്ഥർക്ക് പെർമ്മിറ്റ് കിട്ടാത്ത സാഹചര്യം ഒഴിവാക്കികൊണ്ടും, നിയമലംഘനം നടത്തിയവർക്കെതിരെ കർശന നടപടി ഉറപ്പാക്കുന്ന തരത്തിലും ചട്ടങ്ങൾ ഭേദഗതി ചെയ്യും.

27. ലക്ഷം വീടുകളിൽ താമസിക്കുന്നവർക്കുള്ള പുതുക്കിയ പട്ടയം നൽകാൻ ഗ്രാമപഞ്ചായത്ത് അർഹത നിർണയിച്ചു റവന്യൂ വകുപ്പിനെ അറിയിക്കും. 1147/2019 തദ്ദേശ സ്വയം ഭരണ വകുപ്പ് ഉത്തരവ് പ്രകാരം ഉടമസ്ഥാവകാശം കൈമാറ്റം ചെയ്ത വീടുകളുടെ കാര്യത്തിൽ ഇപ്പോൾ താമസിക്കുന്ന കുടുംബങ്ങൾ സഹായത്തിന് അർഹരാണോ എന്ന് തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തി കൈവശരേഖ ലഭ്യമാക്കാൻ റവന്യൂ വകുപ്പിനെ സമീപിക്കണം എന്ന് നിർദേശിക്കുന്നുണ്ട്. 30/06/2015ലെ റവന്യൂ വകുപ്പ് ഉത്തരവ് പ്രകാരം ഇത്തരം കൈമാറ്റങ്ങൾ ക്രമീകരിച്ച് നൽകാനും പുതുക്കിയ പട്ടയം നൽകാനും വ്യവസ്ഥയുണ്ട്. ഈ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ആവശ്യമായ നടപടികൾ സ്വീകരിച്ച് റവന്യൂ വകുപ്പിനെ അറിയിക്കാനുള്ള നിർദേശം നൽകിയത്.

28. തീരദേശ പരിപാലന നിയമ പരിധിയിൽ ഉൾപ്പെട്ടതും അനുമതി വാങ്ങാതെ നിർമിച്ചതുമായ വീടുകളുടെ നിർമ്മാണം ക്രമവത്കരിച്ചു നൽകുന്ന വിഷയത്തിൽ സമയപരിധി നീട്ടന്നതിന്‌ കേരളാ കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറ്റിയോട് ശുപാർശ ചെയ്തു.

29. കെട്ടിട നിർമാണ ചട്ടം നിലവിൽ വരുന്നതിനു മുൻപ് നിർമിച്ച നോൺ റെസിഡൻഷ്യൽ കെട്ടിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ഒക്യുപൻസി ചേഞ്ച് നിർബന്ധമാക്കാതെ ലൈസൻസ് തുടർന്നും നൽകും.

30. വീഡിയോ കോൺഫറൻസിലൂടെ വിവാഹ രജിസ്ട്രാർക്ക് മുൻപിൽ ഹാജരാകാനുള്ള സൗകര്യം എല്ലാവർക്കും ഒരുക്കാൻ നിർദ്ദേശം നൽകി. ഗ്രാമപഞ്ചായത്തിൽ വിവാഹിതരാവുന്നവ ദമ്പതികൾക്കും അപേക്ഷ നൽകിയാൽ രജിസ്ട്രാർക്ക് മുൻപിൽ ഓൺലൈനായി ഹാജരായി വിവാഹം രജിസ്റ്റർ ചെയ്യാം.

31. ഗസറ്റിൽ പേര് മാറ്റിയാൽ ഇനി മുതൽ വിവാഹ രജിസ്റ്ററിലെയും സർട്ടിഫിക്കറ്റിലേയും പേര് തിരുത്താം. ഗസറ്റിലെ മാറ്റം അനുസരിച്ച് സ്കൂൾ രജിസ്റ്ററിലും, അതിന്റെ അടിസ്ഥാനത്തിൽജനന സർട്ടിഫിക്കറ്റിലും മാറ്റം വരുത്താൻ നിലവിൽ സൗകരമുണ്ട്. ഗസറ്റ് വിജ്ഞാപനത്തിന്റെയും സ്കൂൾ രേഖകളുടെയും അടിസ്ഥാനത്തിൽ വിവാഹ രജിസ്റ്ററിലും നിയമവകുപ്പിന്റെ അനുമതിക്ക് വിധേയമായി തിരുത്തൽ വരുത്താം.

32. സെറിബ്രൽ പാൾസി ബാധിച്ച കുട്ടികൾക്ക് സ്കൂളിൽ പോകുമ്പോൾ ഡയപ്പർ വാങ്ങാൻ, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ തദ്ദേശ സ്ഥാപനത്തിന് സഹായം നൽകാൻ അനുമതി നൽകും. ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ തനത് ഫണ്ടോ സ്പോൺസർഷിപ്പോ പരിഗണിക്കാം. ഇക്കാര്യം പദ്ധതി മാർഗരേഖയിൽ ഉൾപ്പെടുത്തും.

33. സംസ്ഥാനത്തെ ഹൈറേഞ്ച് മേഖലയിൽ ജീവിക്കുന്ന ദാരിദ്ര്യ രേഖക്ക് താഴെയുള്ള വയോജനങ്ങൾക്ക് കമ്പിളി പുതപ്പ് ലഭ്യമാക്കാനുള്ള പദ്ധതി നടപ്പിലാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. പദ്ധതി മാർഗനിർദേശങ്ങളിൽ ഇതിന് അനുസരിച്ച് മാറ്റം വരുത്തും.

34. ജലജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിച്ച തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾ ഏകോപിപ്പിക്കാനും പരിഹരിക്കാനും വാട്ടർ അതോറിറ്റി, തദ്ദേശ സ്വയം ഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ ജില്ലാതലത്തിൽ കൂടിയാലോചന നടത്തും. റോഡ് നവീകരണത്തിന് വാട്ടർ അതോറിറ്റിയുമായി ആലോചിച്ച് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന് സാങ്കേതിക അനുമതി നൽകി പദ്ധതി നിർവഹണം നടത്താം.

35. 1998-2001 കാലഘട്ടത്തിൽ കൊല്ലം/കോഴിക്കോട് ഡെവലപ്പ്മെന്റ് അതോറിറ്റിയിൽ നിന്ന് ലോണെടുത്തവർക്ക് പലിശ പൂർണമായി ഒഴിവാക്കി, മുതൽ മാത്രം ഈടാക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ എന്ന രീതിയിൽ ആവശ്യമായ തീരുമാനം കൊല്ലം/കോഴിക്കോട് കോർപറേഷനോട് കൈക്കൊള്ളാൻ നിർദേശിച്ചു.

36. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് റോഡിതര മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ച് നടത്തേണ്ട പ്രവർത്തനങ്ങൾ പൂർത്തീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ബാക്കിയുള്ള റോഡിതര മെയിൻ്റനൻസ് ഫണ്ട് തനത് ആസ്തികൾ കൂടി സംരക്ഷിക്കുന്നതിനായി നിബന്ധനകൾക്ക് വിധേയമായി ഉപയോഗിക്കാം. ഇങ്ങനെ ഫണ്ട് വിനിയോഗിക്കുന്നതിന് മാർഗരേഖയിൽ ഭേദഗതി വരുത്തും.

37. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമ്മിക്കുന്ന മിനി എം സി എഫുകളുടെ സ്പെസിഫിക്കേഷൻ ഇനി മുതൽ തദ്ദേശസ്ഥാപനങ്ങൾക്ക് അനുയോജ്യമായ നിലയിൽ നിശ്ചയിക്കാം. തൊഴിലുറപ്പ് മിഷൻ അംഗീകരിച്ച സ്പെസിഫിക്കേഷനിൽ നിർമ്മിക്കുന്നവ ചെറുതാണെന്നും കൂടുതൽ വലുപ്പമുള്ളവ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള പരാതിയെ തുടർന്നാണ് തീരുമാനം. ഇത് സംബന്ധിച്ച് പൊതുനിർദ്ദേശം സർക്കാർ പുറപ്പെടുവിക്കും.

ഉദ്യോഗസ്ഥരുടെ അശ്രദ്ധ മൂലമുള്ള പ്രശ്നങ്ങളെ വളരെ ഗൌരവത്തോടെ സമീപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ അദാലത്തിൽ ഭിന്നശേഷി പെൻഷൻ, ഉദ്യോഗസ്ഥരുടെ ഡേറ്റാ എൻട്രി പ്രശ്നം മൂലം നഷ്ടമായ വിഷയം വന്നിരുന്നു. നഷ്ടമായ തുക പഞ്ചായത്തിന്റെ തനതുഫണ്ടിൽ നിന്ന് നൽകാനും, തുക തെറ്റ് വരുത്തിയ ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കാനുമായിരുന്നു തീർപ്പ്. അതേ അദാലത്തിൽ തന്നെ കുടിവെള്ള പദ്ധതിയുടെ ചെക്ക് മെഷർമെന്റ് നടക്കാത്തതിനാൽ, കുടിശിക ലഭിക്കാതെ ഗുണഭോക്തൃ കൺവീനർ 15 വർഷമായി കടക്കെണിയിലായ വിഷയം വന്നിരുന്നു. പലിശ സഹിതം തുക നൽകാൻ തീർപ്പായി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനിൽ നിന്ന് പലിശ ഈടാക്കും.

കാലങ്ങളായി നിലനിൽക്കുന്ന വിവിധ തർക്കങ്ങളും അദാലത്തിൽ പരിഹരിച്ചിട്ടുണ്ട്. മീനടം, പാമ്പാടി ഗ്രാമപഞ്ചായത്തുകൾ തമ്മിൽ ഒരു കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകൾ പഴക്കമുള്ള തർക്കം പരിഹരിക്കാനും, രണ്ട് പഞ്ചായത്തുകളിലെ 18 വാർഡുകളിലെ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്ക് ജീവൻ നൽകാനുമായി. അതുപോലെയാണ് പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിൽ തെറ്റായി ഉൾപ്പെട്ടിരുന്ന 29 കുടുംബങ്ങളെ ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്ത് നിവാസികളാക്കി മാറ്റാനും അദാലത്തിന് കഴിഞ്ഞു. 30 വർഷത്തിലധികമായി നിലനിൽക്കുന്ന പ്രശ്നമാണ് പരിഹരിച്ചത്. 29 വീടുകൾ നെടുമ്പ്രം പഞ്ചായത്തിന്റെ പതിമുന്നാം വാർഡിലെ വസ്തു നികുതി നിർണയ രജിസ്റ്ററിൽ നിന്നും ഒഴിവാക്കി ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്തിന്റെ വസ്തുനികുതി നിർണയ രജിസ്റ്ററിൽ ഉൾപ്പെടുത്തുകയെന്ന സങ്കീർണമായ പ്രശ്നത്തിനാണ് പരിഹാരമായത്.