Local Government Public Service Ordinance Comprehensive population

തദ്ദേശഭരണ പൊതുസര്‍വ്വീസ് ഓര്‍ഡിനന്‍സ്  സമഗ്രം ജനപക്ഷം : എം വി ഗോവിന്ദന്‍ മാസ്റ്റര്‍

 തദ്ദേശ സ്വയംഭരണ പൊതുസര്‍വ്വീസ് രൂപീകരിക്കുന്നതിന് കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിയമങ്ങളും മറ്റ് നിയമങ്ങളും ഭേദഗതി ഓര്‍ഡിനന്‍സിന്റെ കരട് മന്ത്രിസഭാ യോഗം അംഗീകരിച്ച സാഹചര്യത്തില്‍ സമഗ്രവും ജനപക്ഷത്ത് നില്‍ക്കുന്നതുമായ പൊതുസര്‍വ്വീസ് സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാവുകയാണെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിനും വിവിധ തട്ടുകളായി നടക്കുന്ന പ്രാദേശിക ആസൂത്രണ വികസന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും പദ്ധതി നിര്‍വ്വഹണത്തിനും വേണ്ടിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ഒരു ഏകീകൃത സേവനം ഒരുക്കിയിരിക്കുന്നത്.

പഞ്ചായത്ത്, നഗരകാര്യം, നഗര ഗ്രാമാസൂത്രണം, തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം, ഗ്രാമവികസനം എന്നിവയിലെ സര്‍വീസുകളെ സംയോജിപ്പിച്ചാണ് തദ്ദേശസ്വയംഭരണ വകുപ്പ് എന്ന പേരില്‍ ഒരു പൊതുസര്‍വീസ് രൂപീകരിച്ചത്. ഭരണഘടനയില്‍ തന്നെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയ്ക്കുവേണ്ടി സമഗ്രമായ ഒരു ജില്ലാ പദ്ധതിയും ഇതിനായി ജില്ലാ ആസൂത്രണ സമിതിയും ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. മുനിസിപ്പല്‍ ആക്ടില്‍ ഇതിനാവശ്യമായ വ്യവസ്ഥകളുണ്ട്. തയ്യാറാക്കുന്ന പദ്ധതികളുടെ നടത്തിപ്പ് ഉള്‍പ്പെടെയുള്ള മുനിസിപ്പാലിറ്റികളുടെയും പഞ്ചായത്തുകളുടെയും ഇടയിലുള്ള പൊതുവായ വിഷയങ്ങളില്‍ ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കൂട്ടിയിണക്കുന്നതിനുള്ള ഏകീകൃത ഉദ്യോഗസ്ഥ സംവിധാനം കൂടുതല്‍ മെച്ചപ്പെട്ട തദ്ദേശസ്വയംഭരണ നിര്‍വ്വഹണത്തിന് സഹായകമാകും. ഏകീകൃത സാങ്കേതിക – സാങ്കേതികേതര ഉദ്യോഗസ്ഥ സംവിധാനം ഉണ്ടാവുന്നതിലൂടെയുള്ള ഏകോപനവും അതുവഴിയുണ്ടാവുന്ന മേല്‍നോട്ടവും പദ്ധതി- പദ്ധതിയിതര പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാവും. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ജനപക്ഷമാക്കി മാറ്റാനും ഉതകുമെന്ന് മന്ത്രി വ്യക്തമാക്കി.

ജില്ലയ്ക്ക് മാത്രമായോ, സംസ്ഥാനത്തിനൊട്ടാകെയോ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ജീവനക്കാരെ ഏകോപിപ്പിച്ച് പൊതുസര്‍വ്വീസ് രൂപീകരിക്കണമെന്ന് പഞ്ചായത്ത് , മുനിസിപ്പാലിറ്റി ആക്റ്റുകളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതുകൂടി ഉള്‍ക്കൊണ്ടാണ് ഏകീകൃത വകുപ്പ് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുസര്‍വ്വീസിലേക്ക് സംയോജിക്കപ്പെട്ട നഗര-ഗ്രാമാസൂത്രണ വകുപ്പിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ മറ്റ് സര്‍വീസുകളിലെ ജീവനക്കാരെപ്പോലെ കേരള പബ്ലിക് സര്‍വ്വീസ് ആക്റ്റിന് കീഴില്‍ ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ നഗര-ഗ്രാമാസൂത്രണ ആക്റ്റ് ഭേദഗതി ചെയ്യേണ്ടതുണ്ട്. പഞ്ചായത്ത്-മുനിസിപ്പാലിറ്റി ആക്റ്റുകളും ഭേദഗതിക്ക് വിധേയമാക്കണം. ഓരോ ആക്റ്റിനും പ്രത്യേകമായി ഭേദഗതികള്‍ കൊണ്ടുവരുന്നതിന് പകരം എല്ലാ ആക്റ്റുകളുടെയും വ്യവസ്ഥയ്ക്ക് വിധേയമായി ഒരു പൊതു സര്‍വ്വീസ് രൂപീകരിക്കാനും കേരള പബ്ലിക്ക് സര്‍വ്വീസ് ആക്റ്റിന് കീഴില്‍ ചട്ടങ്ങളുണ്ടാക്കാനും വ്യവസ്ഥ ചെയ്യുകയാണുണ്ടായത്. പൊതുവായ ഒരു ആക്റ്റ് ഉചിതമായതിനാലാണ് 2020ലെ തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകരിക്കല്‍ എന്ന നിയമത്തിന്റെ കരട് ഓര്‍ഡിനന്‍സായി പുറത്തിറക്കിയതെന്ന് മന്ത്രി കൂട്ടിചേര്‍ത്തു