Adolescence-survey report released

ലഹരി കേസുകളിൽ ഉൾപ്പെട്ടുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന കൗമാരക്കാരെ സംബന്ധിച്ച എക്സൈസിൻറെ സർവ്വേ റിപ്പോർട്ട് പ്രകാശനം ചെയ്തു.

സർവേ

മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടവരും, വിമുക്തിയുടെ ഡീ അഡിക്ഷൻ കേന്ദ്രങ്ങളിലും കൗൺസിലിംഗ് കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തിയവരുമായ 600 പേരിലാണ് ഈ പഠനം നടത്തിയത്. എല്ലാവരും 19 വയസിൽ താഴെയുള്ളവരാണ്. 155 പേർ കുറ്റാരോപിതരാണ്. 376പേർ വിമുക്തി ജില്ലാ ഡി അഡിക്ഷൻ കേന്ദ്രങ്ങളിലും, കോഴിക്കോട് കൊച്ചി തിരുവനന്തപുരം കൗൺസിലിംഗ് സെൻററുകളിലും ചികിത്സയ്ക്ക് എത്തിയവരാണ്. 69 പേർ ഇരു വിഭാഗങ്ങളിലും ഉൾപ്പെടുന്നു. കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടവരോട് എക്സൈസ് ഉദ്യോഗസ്ഥരും, ചികിത്സയ്ക്ക് എത്തിയവരിൽ നിന്ന് മനശാസ്ത്ര വിദഗ്ധരുമാണ് വിവരം ശേഖരിച്ചത്. കുട്ടികളുടെ സ്വകാര്യത പൂർണമായി കാത്തുസൂക്ഷിച്ചുുകൊണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സർവേയിലെ 97% കൗമാരക്കാരും ഏതെങ്കിലും ലഹരി ഉപയോഗിച്ചവരാണ്. ഈ സർവേയിലെ കണ്ടെത്തലുകൾ, സമൂഹത്തിൻറെ മൊത്തം ചിത്രമാകണമെന്നില്ല. എങ്കിലും കൗമാരക്കാരിലെ ലഹരി ഉപയോഗം സംബന്ധിച്ച ചില ദിശാസൂചനകൾ ഇത് മുന്നോട്ടുവെക്കുന്നുണ്ട്. ആകെ 20 ചോദ്യങ്ങൾ ആണ് സർവ്വെയിൽ ഉൾപ്പെടുത്തിയിരുന്നത്. 20 ചോദ്യങ്ങൾക്കും വിവിധ ഉത്തരങ്ങൾ നൽകിയിരുന്നു. ഒന്നിൽ കൂടുതൽ ഉത്തരങ്ങൾ എഴുതാവുന്ന ചോദ്യങ്ങളും സർവ്വെയിൽ ഉൾപ്പെടുത്തിയിരുന്നു.

സർവ്വെയിലെ പ്രധാന കണ്ടെത്തലുകൾ

1. സർവ്വെയിൽ പങ്കെടുത്ത ലഹരിയുമായി സംബന്ധിച്ച കേസുകളിൽ ഉൾപ്പെട്ട വ്യക്തികളിൽ നിന്നും, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കൗൺസെലിംഗ്, ചികിത്സ എന്നിവയ്ക്ക് വിധേയരായ വ്യക്തികളിൽ 97 % പേർ ഒരു തവണയെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചവരാണ്.
2. ലഹരി ഉപയോഗങ്ങളിൽ 82% പേരും രേഖപ്പെടുത്തിയിരിക്കുന്ന പ്രധാന ലഹരി പദാർത്ഥം കഞ്ചാവാണ്. 75.66% പുകവലിയും 64.66% മദ്യവും 25.5% ലഹരി ഗുളികകളും ഉപയോഗിച്ചവരുമാണ്. നിലവിൽ 77.16% പേരും പുകവലി ഉള്ളവരാണ്. മദ്യം ഉപയോഗിക്കുന്ന 69.5%പേരും കഞ്ചാവ് ഉപയോഗിക്കുന്ന 63.5% പേരുമുണ്ട്.
3. ലഹരി എന്താണെന്ന് അറിയാനാണ് ഭൂരിപക്ഷം പേരും ലഹരി ഉപയോഗിച്ച് തുടങ്ങിയത്, 78% പേർ. സ്വാധീനം മൂലം 72%വും സന്തോഷം ലഭിക്കുമെന്ന പ്രതീക്ഷയിൽ 51.5% പേരും ലഹരി ഉപയോഗിച്ചു തുടങ്ങിയെന്നും കണ്ടെത്തി.
4. ആദ്യം ഉപയോഗിച്ച ലഹരി ഏത് എന്നായിരുന്നു ഒരു ചോദ്യം. 78.1% പേരും പുകവലിയിലൂടെയാണ് ലഹരിയിലേക്ക് എത്തിയത്. ആദ്യലഹരിയായി മദ്യം ഉപയോഗിച്ചവർ 36.66%വും, കഞ്ചാവ് ഉപയോഗിച്ചവർ 16.33%വുമാണ്.
5. 79 % വ്യക്തികൾക്കും സുഹൃത്തുക്കളിൽ നിന്നാണ് ആദ്യമായി ലഹരി പദാർത്ഥം ലഭിക്കുന്നത്. കുടുംബാംഗങ്ങളിൽ നിന്ന് ലഹരി ആദ്യമായി ലഭിച്ചവർ 5%മാണ്. സർവേയുടെ ഭാഗമായവരിൽ 38.16% പേർ ലഹരി വസ്തുക്കൾ കൂട്ടുകാർക്ക് കൈമാറിയിട്ടുള്ളവരാണ്.
6. 70%വും പത്തിനും പതിനഞ്ചിനും ഇടയിലുള്ള പ്രായത്തിലാണ് ലഹരി ആദ്യമായി ലഹരി ഉപയോഗിച്ചത്. 15നും 19നും ഇടയിൽ ലഹരി ഉപയോഗം തുടങ്ങിയവർ 20%മാണ്. പത്തുവയസിന് താഴെയുള്ള പ്രായത്തിലാണ് 9% ലഹരി ഉപയോഗം ആരംഭിച്ചത്.
7. 46 % വ്യക്തികളും ലഹരി പദാർത്ഥങ്ങൾ ഒരു ദിവസം ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കുന്നവരാണ്.
8. ലഹരി ഉപയോഗിക്കുന്ന സന്ദർഭങ്ങൾ ചോദിച്ചപ്പോൾ, മഹാഭൂരിപക്ഷവും അഭിപ്രായപ്പെട്ടത് കൂട്ടുകാരോടൊപ്പമാണെന്നാണ്. 80% വും കൂട്ടുകാരോടൊപ്പമാണ് ലഹരി ഉപയോഗം. ഒറ്റയ്ക്ക് 20%പേർ ലഹരി ഉപയോഗിക്കുന്നു. മാനസിക സമ്മർദമുണ്ടാകുമ്പോൾ ലഹരി ഉപയോഗിക്കുന്ന 35.16% പേരുമുണ്ട്. അതേപോലെ, 46% പേരും ദിവസത്തിൽ ഒന്നിൽ കൂടുതൽ തവണ ലഹരി ഉപയോഗിക്കുന്നവരാണ്.
9. 94.16 % വ്യക്തികളും പുകവലിക്കുന്ന രീതിയിലാണ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത്.
10. 77.16 % വ്യക്തികളും നിലവിൽ പുകയില വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്.
11. ലഹരി ഉപയോഗിക്കുന്നവരിൽ 61.5%ത്തിനും വായ് വരണ്ടുപോകുന്ന രോഗാവസ്ഥയുണ്ട്. ക്ഷീണം 52%ശതമാനത്തിനുമുണ്ട്. ഉറക്കം സംബന്ധിക്കുന്ന പ്രശ്നമുള്ളവരാണ് 38.6% പേരും. അക്രമ സ്വഭാവമുള്ള 37%വും ഡിപ്രഷനുള്ള 8.8%വും ഓർമ്മ പ്രശ്നമുള്ള 8.6%വും ആളുകളുണ്ട്.
12. കേസുകളിൽ ഉൾപ്പെട്ടിട്ടുളള (37.3 %) വ്യക്തികളിൽ 4.83 % പേർമാത്രമാണ് രണ്ടിൽ കൂടുതൽ തവണ ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുളളത്.
13. വീണ്ടും ലഹരി ഉപയോഗിക്കാനും ലഹരിക്കടത്തിനും തയ്യാറാകാനുള്ള കാരണം ലഹരിയോടുള്ള ആസക്തി കൊണ്ടാണെന്ന് 16.66% അഭിപ്രായപ്പെട്ടു. സാമ്പത്തിക പ്രശ്നങ്ങളാണ് പിന്നിലെന്ന് അഭിപ്രായപ്പെട്ടവരാണ് 11.16%.
14. ലഹരി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരിൽ 39.83%ത്തിനും ചെയ്ത കാര്യത്തിൽ പശ്ചാത്താപമുണ്ട്. 9.6%ത്തിന് ഇപ്പോളും പശ്ചാത്തപമില്ല.
15. കുറ്റാരോപിതരിൽ 38.16 % പേർ ലഹരി ഉപയോഗത്തിന് തന്റെ സുഹൃത്തുക്കളെകൂടി പ്രലോഭിപ്പിച്ചിട്ടുളളവരാണ്.
16. കുറ്റാരോപിതരിൽ 41.5% പേർ കൗൺസിലിംഗിന് വിധേയരായിട്ടുളളവരാണ്.
17. കുറ്റാരോപിതരിൽ 30.78% പേർ ചികിത്സക്ക് വിധേയരായിട്ടുളളവരാണ്.
18. ലഹരി മുക്തചികിത്സയിലൂടെ രോഗമുക്തി നേടിയവരിൽ 32 % പേർ വിമുക്തി മിഷന്റ വിവിധ പരിപാടികളിൽ പങ്കെടുക്കണമെന്നും അവരുടെ സുഹൃത്തുക്കളെക്കൂടി കൗൺസെലിംഗിനും ചികിത്സക്കും വിധേയരാക്കുവാനും താൽപ്പര്യം പ്രകടിപ്പിച്ചവരാണ്.
19. ലഹരി മുക്തചികിത്സയിലൂടെ രോഗമുക്തി നേടിയവരിൽ 87.33 % പേർ ലഹരി ഉപയോഗം കുറയ്ക്കുന്നതിൽ കൗൺസെലിംഗ് ഏറ്റവും പ്രധാനപ്പെട്ട ഘടകമായി സൂചിപ്പിക്കുന്നു.
20. ലഹരി മുക്തചികിത്സയിലൂടെ രോഗമുക്തി നേടിയവരിൽ 58.16 % പേർ ലഹരി കടത്ത് നിയന്ത്രിക്കുന്നതിൽ ശക്തമായ എൻഫോഴ്സ്മെന്റ് നടപടികൾ ഒരു പ്രധാന ഘടകമാണെന്ന് സൂചിപ്പിക്കുന്നു.

നിഗമനം

കഞ്ചാവാണ് കൂടുതൽ കൗമാരക്കാർ ഉപയോഗിക്കുന്ന ലഹരി വസ്തു. കഞ്ചാവിലേക്ക് പുകവലിയിൽ നിന്നാണ് കൗമാരക്കാർ എത്തുന്നത്. കൂടുതൽ ശക്തമായ എൻഫോഴ്സ്മെൻറ് നടപടികൾ അനിവാര്യമാണ്. എക്സൈസിലെ സോഷ്യോളജിസ്റ്റ് വിനു വിജയൻ, സൈക്കോളജിസ്റ്റ് റീജാ രാജൻ എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്. ഈ സർവ്വെ എക്സൈസ് വകുപ്പ് കണ്ടെടുത്ത മയക്കുമരുന്ന് കേസുകളിലെയും വിമുക്തി കേന്ദ്രങ്ങളിൽ എത്തിയ കൗമാരക്കാരിലും മാത്രം നടത്തിയ ഒരു സർവ്വെയാണ് പൊതുജനങ്ങൾക്കിടയിൽ നടത്തിയ ഒരു സർവ്വെയല്ല. ഈ വിഷയത്തിൽ പൊതുജനങ്ങൾക്കിടയിൽ കൂടുതൽ വിശദമായ ഒരു പഠനം എസ്.പി.സി കേഡറ്റ്സിന്റെ സഹകരണത്തൊടെ ആരംഭിച്ചിട്ടിട്ടുണ്ട്. ഒരു ലക്ഷം പേരിൽ നിന്നും വിവര ശേഖരണം നടത്തി സമഗ്രമായ ഒരു സർവ്വേയാണ് നടക്കുന്നത്. ലഹരിയുടെ ഉറവിടം, ഉപയോഗിക്കപ്പെടുന്ന പ്രധാന ലഹരി പദാർത്ഥങ്ങൾ, കൗമാരക്കാർ ലഹരിയിലേക്ക് ആകർഷിക്കപ്പെടുവാനുള്ള കാരണങ്ങൾ എന്നിവ ഒന്നാം ഭാഗമായും, വിമുക്തിയുടെ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയും തുടർ നിർദേശങ്ങളും രണ്ടാം ഭാഗമായും, എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളുടെ ശക്തിപ്പെടുത്തൽ സംബന്ധിച്ച് മൂന്നാംഭാഗമായും ആണ് സർവ്വേ നടത്തുക. വിദ്യാർഥികൾ, യുവജനങ്ങൾ, തൊഴിലാളികൾ, ഉദ്യോഗസ്ഥർ, ആദിവാസി- തീരദേശ വാസികൾ, അതിഥി തൊഴിലാളികൾ, ഐ.റ്റി പ്രൊഫഷണലുകൾ തുടങ്ങി സമൂഹത്തിലെ വ്യത്യസ്തമായ 26 വിഭാഗങ്ങളിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഇതിൻറെ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്