2024 മാർച്ച് 31നകം കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമാക്കാൻ വിപുലമായ പദ്ധതികൾക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ട പ്രവർത്തനങ്ങൾ ജൂൺ 5ന് പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു. മെയ് 2ന് മാലിന്യമുക്ത കേരളത്തെക്കുറിച്ച് ജനപ്രതിനിധികളെ ബോധവത്കരിക്കാൻ വാർഡ് മെമ്പർമാർ വരെയുള്ള ദ്ദേശ സ്വയം ഭരണ സ്ഥാപന ജനപ്രതിനിധികളോട് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഓൺലൈനിൽ സംസാരിക്കും.
സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളും മാലിന്യമുക്തമാക്കാൻ വിപുലമായ പ്രവർത്തനങ്ങൾ നടത്താൻ യോഗത്തിൽ തീരുമാനമായി. ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായി ജൂൺ 5ന് സംസ്ഥാനത്തെ എല്ലാ ഓഫീസുകളെയും ഹരിതഓഫീസുകളാക്കി പ്രഖ്യാപിക്കും. എല്ലാ ഓഫീസുകളും ഹരിത ഓഫീസുകളായെന്ന് ഉറപ്പാക്കാൻ വകുപ്പുകളുടെ ഏകോപിപ്പിച്ച പ്രവർത്തനം നടക്കും. സ്കൂളുകളുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂൺ5ന് മുൻപ് ശുചിയാണെന്ന് ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.ഇതോടൊപ്പം വിപുലമായ ജനകീയ ക്യാമ്പയിനും നടത്തും. എല്ലാ സർക്കാർ ഓഫീസുകളിലും ജൈവമാലിന്യം സംസ്കരിക്കാൻ ഉറവിട മാലിന്യ സംസ്കരണ സംവിധാനം നടപ്പിലാക്കും. സർക്കാർ ഓഫീസുകളിലെ അജൈവ മാലിന്യം യൂസർഫീ നൽകി ഹരിതകർമ്മസേനയ്ക്ക് നൽകണം. ഓഫീസിൽ ഗ്രീൻ പ്രോട്ടോക്കോൾ ഓഫീസറെ നിയോഗിക്കും. സർക്കാർ ഓഫീസുകളിലെ ക്ലീനിംഗ് സ്റ്റാഫിന് പരിശീലനം നൽകാനും യോഗം തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, റസിഡന്റ് അസോസിയേഷൻ, കുടുംബശ്രീ തുടങ്ങി എല്ലാ വിഭാഗത്തെയും ഉൾപ്പെടുത്തി മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിപുലമായ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ജൂൺ 5ന് ഏറ്റെടുക്കണമെന്നും യോഗം തീരുമാനിച്ചു.