മികച്ച അയൽക്കൂട്ടം, പൗർണ്ണമി(സുൽത്താൻബത്തേരി, വയനാട്)
മികച്ച എ.ഡി.എസ് തിച്ചൂർ എ.ഡി.എസ്(വരവൂർ സി.ഡി,എസ്, തൃശൂർ)

വയനാട് സുൽത്താൻ ബത്തേരി സി.ഡി.എസിലെ ധ്വനി ഓക്സിലറി ഗ്രൂപ്പ് സംസ്ഥാനത്തെ മികച്ച ഓക്സിലറി ഗ്രൂപ്പ്

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രവർത്തന മികവിന് സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയ പതിനേഴ് വിഭാഗങ്ങളിലെ അവാർഡ് വിജയികളെ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

മികച്ച അയൽക്കൂട്ട വിഭാഗത്തിൽ ഒന്നാം സ്ഥാനം പൗർണ്ണമി അയൽക്കൂട്ടം ( സുൽത്താൻ ബത്തേരി സി.ഡി.എസ്, വയനാട്) രണ്ടാം സ്ഥാനം ഭാഗ്യശ്രീ (ശ്രീകൃഷ്ണപുരം സി.ഡി.എസ്, പാലക്കാട്) മൂന്നാം സ്ഥാനം അശ്വതി അയൽക്കൂട്ടം (തിരുവാണിയൂർ സി.ഡി.എസ്, എറണാകുളം)

മികച്ച എ.ഡി.എസ് വിഭാഗത്തിൽ തിച്ചൂർ എ.ഡി.എസ്(വരവൂർ സി.ഡി,എസ്, തൃശൂർ) ഒന്നാം സ്ഥാനവും പുന്നാംപറമ്പ് എ.ഡി.എസ്(ശ്രീകൃഷ്ണപുരം സി.ഡി.എസ്, പാലക്കാട്) രണ്ടാം സ്ഥാനവും മാട്ടറ എ.ഡി.എസ്(ഉളിക്കൽ, കണ്ണൂർ) മൂന്നാം സ്ഥാനവും നേടി.

മികച്ച ഓക്സിലറി ഗ്രൂപ്പിനുള്ള ഒന്നാം സ്ഥാനം വയനാട് സുൽത്താൻ ബത്തേരി സി.ഡി.എസിലെ ധ്വനി ഓക്സിലറി ഗ്രൂപ്പിനാണ്. രണ്ടാം സ്ഥാനം പുനർജ്ജനി(പോർക്കുളം, തൃശൂർ) ഗ്രൂപ്പിനാണ്. മൂന്നാം സ്ഥാനം കോഴിക്കോട് ജില്ലയിലെ തിരുവള്ളൂർ സി.ഡി.എസിലെ വിങ്ങ്സ് ഓഫ് ഫയർ, ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സി.ഡി.എസിലെ വൈഭവം ഓക്സിലറി ഗ്രൂപ്പും പങ്കിട്ടു.

മികച്ച ജില്ലാ മിഷനുള്ള അവാർഡ് കൊല്ലം ജില്ലാ മിഷൻ നേടി. തൃശൂർ ജില്ലാമിഷനാണ് രണ്ടാം സ്ഥാനം. എറണാകുളം, വയനാട് ജില്ലാ മിഷനുകൾ മൂന്നാം സ്ഥാനം പങ്കിട്ടു.

മികച്ച ഊരുസമിതി വിഭാഗത്തിൽ പാലക്കാട് ജില്ലയിലെ അഗളി പഞ്ചായത്ത് സമിതിയിലെ ദൈവഗുണ്ഡ് ജെല്ലിപ്പാറ ഊരുസമിതിക്കാണ് ഒന്നാം സ്ഥാനം. വയനാട് ജില്ലയിലെ തിരുനെല്ലി സി.ഡി.എസിലെ സ്ത്രീശക്തി ഊരുസമിതിക്കാണ് രണ്ടാം സ്ഥാനം.

മികച്ച സംരംഭ ഗ്രൂപ്പ് വിഭാഗത്തിൽ സഞ്ജീവനി ന്യൂട്രിമിക്സ് യൂണിറ്റ്(താഴെക്കാട് സി.ഡി.എസ്, മലപ്പുറം) ഒന്നാം സ്ഥാനവും ഐശ്വര്യ ശ്രീ അമൃതം ഫുഡ്സ്(തിരുമിറ്റക്കോട്, പാലക്കാട്) രണ്ടാം സ്ഥാനവും നൻമ ഫുഡ് പ്രോസസിങ്ങ് യൂണിറ്റ്(പൊഴുതന, വയനാട്) മൂന്നാം സ്ഥാനവും നേടി.

മികച്ച സംരംഭക വിഭാഗത്തിൽ ശരീഫ(മലപ്പുറം നഗരസഭാ സി.ഡി.എസ്-2, മലപ്പുറം) ഒന്നാം സ്ഥാനവും ഏലിയാമ്മ ഫിലിപ്പ്(പനത്തടി, കാസർകോട്) രണ്ടാം സ്ഥാനവും സന്ധ്യ ജെ(പുളിമാത്ത്, തിരുവനന്തപുരം) മൂന്നാം സ്ഥാനവും നേടി.

മികച്ച ഓക്സിലറി സംരംഭ വിഭാഗത്തിൽ ടീം ഗ്രാമം (പൂതാടി, വയനാട്) ഒന്നാം സ്ഥാനവും, വൺ 18 (വരവൂർ, തൃശൂർ) രണ്ടാം സ്ഥാനവും നേടി. എ.ജീസ് ആരണ്യകം ഹോംസ്റ്റേ ആൻഡ് കഫേ (അമരമ്പലം, മലപ്പുറം)യ്ക്കാണ് മൂന്നാം സ്ഥാനം.

മികച്ച സി.ഡി.എസ്(സംയോജന പ്രവർത്തനം, തനതു പ്രവർത്തനം, ഭരണ നിർവഹണം, മൈക്രോ ഫിനാൻസ് പ്രവർത്തനം) വിഭാഗത്തിൽ കാസർകോട് ജില്ലയിലെ ചെറുവത്തൂർ സി.ഡി.എസിനാണ് ഒന്നാം സ്ഥാനം. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് സി.ഡി.എസ് രണ്ടാം സ്ഥാനവും തൃശൂർ ജില്ലയിലെ വരവൂർ സി.ഡി.എസ് മൂന്നാം സ്ഥാനവും നേടി.

മികച്ച സി.ഡി.എസ് (സാമൂഹ്യ വികസനം, ജെൻഡർ) വിഭാഗത്തിൽ ഒന്നാം സ്ഥാനം തൃശൂർ ജില്ലയിലെ വരവൂർ സിഡി.എസ് നേടി. കിനാലൂർ-കരിന്തളം(കാസർകോട്), കാവിലുംപാറ(കോഴിക്കോട്) രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

മികച്ച സി.ഡി.എസ്(ട്രൈബൽ പ്രവർത്തനം) വിഭാഗത്തിൽ ഒന്നാം സ്ഥാനം ഇടുക്കി ജില്ലയിലെ മറയൂർ സി.ഡി.എസ് നേടി. വയനാട് ജില്ലയിലെ തിരുനെല്ലി സി.ഡി.എസിനാണ് രണ്ടാം സ്ഥാനം.

മികച്ച സി.ഡി.എസ്(കാർഷിക മേഖല, മൃഗസംരക്ഷണം) വിഭാഗത്തിൽ വരവൂർ(തൃശൂർ) സി.ഡി.എസ് ഒന്നാം സ്ഥാനവും കാസർകോട് ജില്ലയിലെ ബേഡഡുക്ക സി.ഡി.എസ് രണ്ടാം സ്ഥാനവും എറണാകുളം ജില്ലയിലെ വാളകം സി.ഡി.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മികച്ച സി.ഡി.എസ്(കാർഷികേതര ഉപജീവനം) വിഭാഗത്തിൽ ഇടുക്കി ജില്ലയിലെ മരിയാപുരം സി.ഡി.എസ് ഒന്നാം സ്ഥാനം നേടി. മുട്ടിൽ(വയനാട്) രണ്ടാം സ്ഥാനവും ശാസ്താംകോട്ട(കൊല്ലം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മികച്ച സ്നേഹിത വിഭാഗത്തിൽ മലപ്പുറം, തൃശൂർ, തിരുവനന്തപുരം ജില്ലകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

മികച്ച ബഡ്സ് സ്ഥാപനങ്ങളുടെ വിഭാഗത്തിൽ പഴശ്ശിരാജ(മട്ടന്നൂർ സി.ഡി.എസ്, കണ്ണൂർ) ബഡ്സ് സ്കൂളിനാണ് ഒന്നാം സ്ഥാനം. ബഡ്സ് പാരഡൈസ് സ്പെഷൽ സ്കൂൾ(തിരുനെല്ലി, വയനാട്), സ്പെക്ട്രം സ്പെഷൽ സ്കൂൾ(മാറഞ്ചേരി, മലപ്പുറം) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

മികച്ച ജെൻഡർ റിസോഴ്സ് സെൻറർ വിഭാഗത്തിൽ വാഴയൂർ(മലപ്പുറം)ജി.ആർ.സി ഒന്നാം സ്ഥാനവും നന്ദിയോട്(തിരുവനന്തപുരം) രണ്ടാം സ്ഥാനവും പള്ളിപ്പുറം(എറണാകുളം) മൂന്നാം സ്ഥാനവും നേടി.

മികച്ച പബ്ളിക് റിലേഷൻസ് പ്രവർത്തനങ്ങൾ നടത്തിയ ജില്ലയ്ക്കുള്ള ഒന്നാം സ്ഥാനവും കൊല്ലം ജില്ല കരസ്ഥമാക്കി. തൃശൂർ, എറണാകുളം ജില്ലാ മിഷനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഇതിന് മുമ്പ് മികച്ച സി.ഡി.എസുകൾക്ക് അവാർഡു നൽകിയിട്ടുണ്ടെങ്കിലും ഇത്രയും വിഭാഗങ്ങളിലെ പ്രവർത്തനമികവിന് കുടുംബശ്രീ അംഗീകാരം ഏർപ്പെടുത്തുന്നത് ഇതാദ്യമാണ്. കുടുംബശ്രീ പദ്ധതി പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും മികവുറ്റതും ശ്രദ്ധേയവുമായ നേട്ടങ്ങൾക്ക് ആദരം നൽകുന്നതിൻറെയും ഭാഗമായാണ് അവാർഡ് ഏർപ്പെടുത്തുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി അധ്യക്ഷയും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ കൺവീനറുമായിട്ടുള്ള സംസ്ഥാനതല പുരസ്കാര നിർണയ കമ്മിറ്റിയാണ് പതിനേഴ് വിഭാഗങ്ങളിൽ നിന്നുള്ള സംസ്ഥാനതല വിജയികളെ തിരഞ്ഞെടുത്തത്. സംസ്ഥാനതലത്തിൽ വിജയികളായ എല്ലാവർക്കും കാഷ് അവാർഡും മെമൻറോയും സർട്ടിഫിക്കറ്റും ഉൾപ്പെടുന്ന പുരസ്കാരം കുടുംബശ്രീ ദിനമായ മെയ് പതിനേഴിന് തിരുവനന്തപുരം ടാഗോർ ഹാളിൽ മുഖ്യമന്ത്രി വിതരണം ചെയ്യുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ഗീത നസീർ പ്രോഗ്രാം ഓഫീസർ ശ്യാംകുമാർ കെ.യു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.