കണ്ണൂർ ജില്ലാ അദാലത്ത്- പ്രധാന തീരുമാനങ്ങൾ, പരിഹാരം
1. കെട്ടിടത്തെ സംബന്ധിച്ച് പാലിക്കേണ്ട നിബന്ധനകൾ എല്ലാം പാലിച്ചിട്ടുണ്ടെങ്കിൽ, പ്ലോട്ട് ഏരിയയിൽ കുറവോ കൂടുതലോ വന്നു എന്ന കാരണത്താൽ പെർമിറ്റ് റദ്ദാക്കുന്ന ചട്ടത്തിൽ ഇളവ് നൽകും. കെട്ടിട നിർമ്മാണ ചട്ടം 19(5) ലാണ് ഇളവ് നൽകുക. കണ്ണൂരിൽ നടന്ന തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ ജില്ലാതല അദാലത്തിൽ വിളയാങ്കോട് സ്വദേശി പി.പി. ദാമോദരൻ്റെ പരാതി പരിഗണിച്ചാണ് പ്രഖ്യാപനം. സംസ്ഥാനത്തെങ്ങും ആയിരക്കണക്കിന് പേർക്ക് ഈ ഇളവ് ഗുണകരമാവും.
കെട്ടിട നിർമ്മാണ പെർമ്മിറ്റിനായി അപേക്ഷിക്കുമ്പോൾ നൽകിയ അപേക്ഷയിൽ സമർപ്പിച്ച ആകെ ഭൂമിയിൽ നിന്നും 21 സെൻ്റ് സ്ഥലം നിർമ്മാണത്തിനിടെ സാമ്പത്തിക ബാധ്യത വന്നതിനെ തുടർന്ന് ദാമോദരൻ വിൽപ്പന നടത്തിയിരുന്നു. കെട്ടിട നിർമ്മാണം പൂർത്തിയായപ്പോൾ നേരത്തേ നിർമ്മാണ പെർമ്മിറ്റ് അനുവദിച്ച സ്ഥലത്തിൻ്റെ അളവിൽ വ്യത്യാസമുള്ളതായി കണ്ടെത്തി, ഇക്കാരണം പറഞ്ഞ് കെട്ടിട നമ്പർ നിഷേധിക്കുകയായിരുന്നു. നിലവിലുള്ള ചട്ടപ്രകാരം അംഗീകൃത പ്ലാനിൽ ഉൾപ്പെട്ട പ്ലോട്ടിൻ്റെ ഭാഗം മറ്റേതെങ്കിലും വ്യക്തിക്ക് കൈമാറുകയോ വിൽക്കുകയോ ചെയ്താൽ അനുവദിച്ച പെർമ്മിറ്റ് അസാധുവാകും. ആകെ സ്ഥലത്തിൻ്റ അളവിലുള്ള കുറവല്ലാതെ അപേക്ഷകൻ്റെ നിർമ്മിതിയിൽ മറ്റ് ചട്ടലംഘനങ്ങളൊന്നും ഇല്ല എന്നും കണ്ടെത്തിയിട്ടുണ്ട്. ഈ കാര്യങ്ങൾ പരിഗണിച്ചാണ് പരാതിക്കാരന് അനുകൂലമായ തീരുമാനം എടുത്തത്. ഈ ഇളവ് എല്ലാവർക്കും ഗുണകരമാവുന്ന പൊതുതീരുമാനമാക്കി മാറ്റുകയും ചെയ്തു. ഇതിന് ആവശ്യമായ ചട്ട ഭേദഗതി നടത്തും.
വിൽപ്പനയ്ക്ക് പുറമെ ദാനം, റോഡിന് വിട്ടുനൽകൽ, ഭൂമി അധികമായി ആർജിക്കൽ തുടങ്ങിയ കാരണങ്ങളാലും പ്ലോട്ടിന്റെ അളവിൽ വ്യത്യാസം വന്നാൽ അനുവദിച്ച പെർമ്മിറ്റ് റദ്ദാകുന്ന സ്ഥിതിയുണ്ട്. കെട്ടിട നിർമാണത്തിന് മറ്റ് വിധത്തിൽ ചട്ടലംഘനങ്ങൾ വരാത്തവർക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതിനാലാണ് പ്ലോട്ട് ഏരിയയിൽ കുറവോ കൂടുതലോ വന്നതിനു ശേഷവും ചട്ടലംഘനം ഇല്ലാത്ത പക്ഷം പെർമ്മിറ്റ് നിലനിൽക്കുന്ന നിലയിൽ ചട്ടങ്ങളിൽ മാറ്റം കൊണ്ടുവരുന്നത്.
2. യു എ നമ്പറുള്ള വീടുകളുടെ ഉടമസ്ഥാവകാശവും ഇനി നിബന്ധനകൾക്ക് വിധേയമായി കൈമാറാം. ആദ്യത്തെ ഉടമയ്ക്ക് യു എ നമ്പർ നൽകുമ്പോൾ നിഷ്കർഷിച്ച നിബന്ധനകൾ കൈമാറിക്കിട്ടിയ പുതിയ ഉടമയ്ക്കും ബാധകമാക്കും. യു എ നമ്പറുള്ള കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാനുള്ള സാങ്കേതിക തടസങ്ങൾ നീക്കാൻ നിർദേശം നൽകി. ഇതിന് ആവശ്യമായ സൗകര്യങ്ങൾ സഞ്ചയയിലും കെ സ്മാർട്ടിലും ഒരുക്കും. പാപ്പിനിശ്ശേരി കടവത്ത് വയലിലെ ശബ്നാസിന്റെ പരാതിയിലാണ് പൊതുനിർദേശം നൽകിയത്.
റവന്യൂ രേഖകൾ പ്രകാരം ഉടമസ്ഥാവകാശവും കൈവശ അവകാശവും മാറ്റിക്കിട്ടിയിട്ടും യുഎ നമ്പറുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റിക്കിട്ടിയില്ല എന്ന പരാതിയുമായാണ് ശബ്നാസ് അദാലത്തിലെത്തിയത്. റവന്യൂ രേഖകൾക്ക് അനുസൃതമായി യുഎ നമ്പറുള്ള വീടുകളുടെയും ഉടമസ്ഥാവകാശം കൈമാറി നൽകാനാണ് ഉത്തരവിട്ടത്.
3. ലൈഫ് ഭവന പദ്ധതിയിലൂടെ നിർമിക്കുന്ന വീടുകൾ, നിർമ്മാണത്തിനിടെ പുനർനിർമ്മിക്കാൻ കഴിയാത്തതുപോലെ പ്രകൃതി ദുരന്തങ്ങളിൽ തകർന്നാൽ, തിരിച്ചടവിൽ നിബന്ധനകളോടെ ഇളവ് അനുവദിക്കും. ആന്തൂർ മോറാഴയിലെ വി വി നിഷയുടെ അപേക്ഷ പരിഗണിച്ചാണ് തദ്ദേശ അദാലത്തിൽ മന്ത്രി പ്രഖ്യാപനം നടത്തിയത്. ലൈഫ്- പി എം എ വൈ ഭവന പദ്ധതിയിലൂടെ വീട് നിർമ്മിക്കുന്നതിന് അനുവദിച്ച ഒന്നര ലക്ഷം രൂപയ്ക്കും പലിശയുമാണ് ഒഴിവാക്കി നൽകിയത്.
ലൈഫ് പി എം എ വൈ പദ്ധതിയിലൂടെ നിഷ വീടിന്റെ ലിന്റൽ വരെയുള്ള പ്രവൃത്തി പൂർത്തിയാക്കിയിരുന്നു. മൂന്ന് ഘട്ടങ്ങളിലായി ഒന്നര ലക്ഷം രൂപയും ലഭിച്ചു. എന്നാൽ 2018ലെ പ്രളയത്തിൽ വീട് 10 മീറ്ററോളം ഇടിഞ്ഞു താഴ്ന്നുപോയി. പരിശോധന നടത്തിയ തദ്ദേശ വകുപ്പ് എഞ്ചിനീയർ കെട്ടിടം സുരക്ഷിതമാക്കാൻ ചുരുങ്ങിയത് 16 ലക്ഷം രൂപ ചെലവിൽ സുരക്ഷാഭിത്തി നിർമ്മിക്കേണ്ടിവരുമെന്ന് നിർദ്ദേശിച്ചു. ഇതില്ലാതെ സ്ഥലം നിർമ്മാണ യോഗ്യമല്ലെന്നും എഞ്ചിനീയറിംഗ് വിഭാഗം കണ്ടെത്തി. ഇതോടെ നിർമ്മാണം നിലച്ചു.
ഭവനപദ്ധതിയിൽ നിന്ന് സഹായം ലഭിക്കുകയും കെട്ടിടം പൂർത്തിയാക്കാതിരിക്കുകയും ചെയ്താൽ വർഷം 18% പലിശയോടെ സഹായമായി ലഭിച്ച തുക തിരിച്ചടയ്ക്കണം എന്നാണ് വ്യവസ്ഥ. മത്സ്യ കച്ചവടക്കാരനായ ഭർത്താവ് സന്തോഷ് കുമാറിന്റെ വരുമാനം കൊണ്ട് ജീവിക്കുന്ന കുടുംബത്തിന് ഇത് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഇതിനാണ് അദാലത്തിൽ പരിഹാരമായത്. ഒന്നര ലക്ഷം രൂപയും പലിശയുമാണ് ഒഴിവാക്കി നൽകിയത്. സമാനമായ സംഭവങ്ങളിൽ നിബന്ധനകൾക്കും പരിശോധനകൾക്കും വിധേയമായി ഇളവ് അനുവദിക്കുമെന്ന പൊതുതീരുമാനവും അദാലത്ത് കൈക്കൊണ്ടു.
4. സെറിബ്രൽ പാൾസി ബാധിച്ച കുട്ടികൾക്ക് സ്കൂളിൽ പോകുമ്പോൾ ഡയപ്പർ വാങ്ങാൻ, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ തദ്ദേശ സ്ഥാപനത്തിന് സഹായം നൽകാൻ അനുമതി നൽകും. ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ തനത് ഫണ്ടോ സ്പോൺസർഷിപ്പോ പരിഗണിക്കാം. ഇക്കാര്യം പദ്ധതി മാർഗരേഖയിൽ ഉൾപ്പെടുത്തും. കുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ഈ വിഷയത്തിൽ പരിഗണിക്കേണ്ടതില്ല. കണ്ണൂർ ജില്ല തദ്ദേശ അദാലത്തിൽ വന്ന പരാതി തീർപ്പാക്കിക്കൊണ്ടാണ് സംസ്ഥാനത്താകെയുള്ള രോഗബാധിതരായ കുട്ടികളുടെ കുടുംബങ്ങൾക്ക് ആശ്വാസമേകുന്ന പ്രഖ്യാപനം നടത്തിയത്.
കണ്ണാടിപ്പറമ്പിലെ എം അഷിൻ്റെ സഹോദരി സെറിബ്രൽ പാൾസി ബാധിതയാണ്. സ്കൂളിൽ പോകുമ്പോൾ സഹോദരിക്ക് ദിവസവും ആവശ്യമായ ഡയപ്പർ വാങ്ങാൻ തദ്ദേശ സ്ഥാപനത്തിൽ നിന്ന് ആവശ്യമായ സഹായം തേടിയാണ് അഷിൻ അദാലത്തിൽ എത്തിയത്. നാറാത്ത് പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നോ സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തിയോ ആവശ്യമായ തുക നൽകാൻ നിർദ്ദേശിച്ച് മന്ത്രി പ്രശ്നം പരിഹരിക്കുകയായിരുന്നു. ഡയപ്പർ വാങ്ങാനുള്ള തുകക്ക് നാറാത്ത് പഞ്ചായത്തിൽ നേരത്തെ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതിനായി പ്രത്യേക പദ്ധതികളില്ലാത്തതിനാൽ നടപ്പിലാക്കാനായില്ല. ഇതോടെയാണ് ഭിന്നശേഷിക്കാരിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അദാലത്തിൽ വിഷയം പരിഗണിച്ചത്. പ്രത്യേക കേസായി പരിഗണിച്ച് കുടുംബത്തിൻ്റെ വരുമാന പരിധി നോക്കാതെ പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് തുക വകയിരുത്തുകയോ സ്പോൺസർഷിപ്പ് കണ്ടെത്തുകയോ ചെയ്യണമെന്നാണ് അദാലത്തിൽ നിർദേശിച്ചത്.
5. അധിക എഫ് എ ആർ ഫീസ് അടച്ച് പെർമിറ്റ് എടുക്കുകയും നിർമ്മാണം നടത്തുകയും ചെയ്ത കെട്ടിടം, നിർമ്മാണം പൂർത്തിയാക്കിയ ശേഷം നിശ്ചിത എഫ് എ ആർ പരിധിയിലാണെങ്കിൽ ഒടുക്കിയ അധിക ഫീസ് തിരിച്ചുനൽകും. എഫ് എ ആർ സംബന്ധിച്ച് സർക്കാർ കൊണ്ടുവരാൻ തീരുമാനിച്ച ചട്ട ഭേദഗതിയിൽ ഈ കാര്യം കൂടി ഉൾപ്പെടുത്തും. കണ്ണൂരിൽ നടന്ന തദ്ദേശ അദാലത്തിൽ ചട്ട ഭേദഗതിക്ക് നിർദ്ദേശം നൽകിയത്.
നിശ്ചയിച്ച ഫ്ലോർ ഏരിയ റേഷ്യോ പാലിക്കാൻ കഴിയാത്ത കെട്ടിടങ്ങൾക്കാണ് പ്രത്യേക ഫീസ് അടച്ച് ഇളവ് നല്കാൻ നിയമമുള്ളത്. ഈ അധിക ഫീസ് അടച്ചാൽ നിശ്ചിത പരിധിയിലധികമുള്ള എഫ് എ ആർ വരുന്ന നിലയിൽ കെട്ടിടം നിർമ്മിക്കാനാകും. നിശ്ചിത പരിധിയിലധികം എഫ് എ ആർ അനുവദിക്കുന്നതിനാണ് ഈ ഫീസ് ഈടാക്കുന്നത്. പെർമിറ്റിനൊപ്പം ഈ ഫീസ് അടയ്ക്കുകയും, കെട്ടിടം പൂർത്തിയായ ശേഷം എഫ് എ ആർ പരിശോധിക്കുമ്പോൾ നിശ്ചിത പരിധിക്ക് അകത്തുമാണെങ്കിൽ ഫീസ് അനാവശ്യമായി ഒടുക്കിയതായി വരും. ഈ സാഹചര്യത്തിൽ ഇത്തരം കെട്ടിട ഉടമകൾക്ക് അടച്ച അധിക എഫ് എ ആർ ഫീസ് തിരികെ നൽകാനാണ് നിർദ്ദേശിച്ചത്.
കണ്ണൂർ സ്വദേശി മുഹമ്മദ് മുനീർ നൽകിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. മുനീറിന്റെ താണെയിലെ കെട്ടിടം നിർമ്മാണം പൂർത്തിയാക്കിയപ്പോൾ നിയമപ്രകാരം നിർദേശിക്കപ്പെട്ട എഫ് എ ആർ പരിധിയിലായിരുന്നു കെട്ടിടം. എന്നാൽ പെർമിറ്റ് എടുത്തപ്പോൾ, അധിക എഫ് എ ആർ ഫീസ് അടച്ചിരുന്നു. ഈ തുക തിരികെ വേണമെന്ന ആവശ്യവുമായാണ് മുനീർ അദാലത്തിന് എത്തിയത്. ഈ തീരുമാനത്തിന്റെ ഗുണം സംസ്ഥാനത്തെ നിരവധിപ്പേർക്ക് ലഭിക്കും. കെട്ടിട നിർമ്മാണ പെർമിറ്റ് എടുത്ത് ശേഷം ഏതെങ്കിലും കാരണവശാൽ നിർമ്മാണം നടക്കാതെ ഉപേക്ഷിക്കപ്പെട്ടാൽ, ഈടാക്കിയ അധിക എഫ് എ ആർ ഫീസ് തിരിച്ചുനൽകാൻ എറണാകുളം തദ്ദേശ അദാലത്തിൽ തീരുമാനിച്ചിരുന്നു. ഈ രണ്ട് കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ചട്ടഭേദഗതി കൊണ്ടുവരാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
6. കാഴ്ചപരിമിതി നേരിടുന്ന എ സി സാദത്ത് മിൽമാ ബൂത്ത് സ്ഥാപിക്കാനുള്ള സഹായം തേടിയാണ് എത്തിയത്. സ്വയം തൊഴിൽ തുടങ്ങാൻ ആവശ്യമായ സഹായത്തിന് സാദത്ത് കതിരൂർ ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ കതിരൂർ പഞ്ചായത്തിലും പാനൂർ ബ്ലോക്കിലും ഇതിന് ആവശ്യമായ പദ്ധതികളുണ്ടായിരുന്നില്ല. ഇതോടെയാണ് അദാലത്തിൽ എത്തിയത്. സങ്കടം അറിഞ്ഞുടൻ മന്ത്രി ജില്ലാ സാമൂഹ്യ നീതി ഓഫീസറുമായി അദാലത്ത് വേദിയിൽ ചർച്ച നടത്തുകയും, ഭിന്നശേഷി കോർപ്പറേഷനോ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചോ മുഖേന സഹായം ലഭ്യമാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതിനായി മന്ത്രി സാമൂഹ്യ നീതി ഓഫീസറെ ചുമതലപ്പെടുത്തി. സംരംഭത്തിന് ആവശ്യമായ സ്ഥലം കണ്ടെത്താൻ കതിരൂർ പഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകി
7. അഞ്ച് വർഷം മുൻപ് വാങ്ങിയ കെട്ടിടം ഉപയോഗിക്കാൻ കഴിയുന്നിലെന്ന പരാതിയുമായാണ് കീഴല്ലൂർ പഞ്ചായത്തിലെ കെ. മുഹമ്മദ് ഹാജി തദ്ദേശ അദാലത്തിലെത്തിയത്. മുഹമ്മദ് ഹാജി അഞ്ച് വർഷം മുൻപാണ് ധനലക്ഷ്മി ബാങ്കിൽ നിന്നും കീഴല്ലൂർ വില്ലേജിലെ മൂന്ന് ഏക്കർ 42 സെന്റ് സ്ഥലവും കെട്ടിടവും ലേലം ചെയ്തെടുത്തത്. എന്നാൽ കീഴല്ലൂർ പഞ്ചായത്തിന്റെ രേഖകളിൽ ഈ സ്ഥലത്തെ കെട്ടിടം ഉണ്ടായിരുന്നില്ല. ഇതിനാൽ ഉടമസ്ഥാവകാശം മുഹമ്മദ് ഹാജിക്ക് മാറ്റിക്കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. കോടതി വഴിയുൾപ്പെടെ ശ്രമിച്ചിട്ടും പരിഹരിക്കാനാവാതെ അഞ്ച് വർഷമായി അലയുന്ന വിഷയവുമായാണ് മുഹമ്മദ് ഹാജി അദാലത്തിൽ പരാതിയുമായി എത്തിയത്.
മൂന്ന് ദിവസത്തിനകം കെട്ടിടത്തിന്റെ വിവരങ്ങൾ സഞ്ചയ സോഫ്റ്റ് വെയറിൽ ചേർത്ത് കെട്ടിട നമ്പർ പുനഃസ്ഥാപിച്ച് നൽകാൻ മന്ത്രി ഉത്തരവിട്ടു. കെട്ടിടം നിർമ്മിച്ചത് രജിസ്ട്രേഷന് മുമ്പായതിനാൽ പഴയ ഉടമയുടെ പേരിൽ തന്നെ പുന:സ്ഥാപിച്ച് നൽകാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇത് എളുപ്പത്തിൽ മുഹമ്മദ് ഹാജിയുടെ പേരിലേക്ക് മാറ്റി നൽകാനാവും. തുടർന്ന് ഉടമസ്ഥത സർട്ടിഫിക്കറ്റ് ലഭിക്കുകയും നികുതി ഒടുക്കുകയും ചെയ്യാം.
8. മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ അഞ്ച് കുടുംബശ്രീ അംഗങ്ങൾ ജോലി ചെയ്യുന്ന ബേക്കറിയിൽ ഇനി ആശങ്കകളില്ലാതെ പലഹാരം ഉണ്ടാക്കി വിൽക്കാം. അറ്റുകുറ്റപ്പണി നടത്തിയ ബേക്കറി കെട്ടിടത്തിന് നമ്പർ നൽകാതെ അനുമതി നിഷേധിച്ച പഞ്ചായത്ത് നടപടി ചോദ്യം ചെയ്തുള്ള പരാതിയിലാണ് നടപടി. ചട്ടം 66 പ്രകാരമുള്ള പ്രത്യേക അധികാരം വിനിയോഗിച്ച് കെട്ടിടത്തിന് നമ്പർ അനുവദിക്കാൻ മന്ത്രി നിർദേശിച്ചു. റോഡിനായി സൗജന്യമായി 3 മീറ്റർ വീതിയിലും 8 മീറ്റർ നീളത്തിലും ഭൂമി വിട്ടുകൊടുത്തതിനാൽ ഇവരുടെ ഭൂമിയിൽ വലിയ കുറവുണ്ടായി എന്ന് അദാലത്ത് വിലയിരുത്തി. മുൻപുള്ള കെട്ടിടത്തിന്റെ റോഡിനു അഭിമുഖമായി നിൽക്കുന്ന ഭിത്തിക്ക് മാത്രമേ ആനുകൂല്യം നൽകുകയുള്ളൂ. ബേക്കറി പ്രവർത്തനം തുടരാൻ വേണ്ട നടപടികൾ സ്വീകരിക്കാനും തദ്ദേശ അദാലത്തിൽ നിർദ്ദേശം നൽകി.
കെട്ടിടത്തിന് നേരത്തേ കെട്ടിട നമ്പർ ഉണ്ടായിരുന്നു. കിഫ്ബി റോഡ് നിർമ്മാണത്തിനായി നിലവിലുള്ള ബേക്കറി കെട്ടിടത്തിൻ്റെ ഒരു ഭാഗം പൊളിച്ച് വലിയ തോതിൽ സ്ഥലം വിട്ടു നൽകിയതിനാൽ ബേക്കറി കെട്ടിടത്തിൻ്റെ ഭൂമിയിൽ വലിയ കുറവ് വന്നിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന കെട്ടിടത്തിൻ്റെ റോഡിന് അഭിമുഖമായി നിൽക്കുന്ന ഭിത്തിക്ക് മാത്രം ആനുകൂല്യം നൽകി ചട്ടം 66 പ്രകാരമുള്ള പ്രത്യേക അധികാരം വിനിയോഗിച്ച് നമ്പർ നൽകാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയാണുണ്ടായത്.
റോഡിനായി സ്ഥലം വിട്ടു നൽകിയ ശേഷം ബാക്കിയുള്ള കെട്ടിട ഭാഗത്തിൽ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനം പുനരാരംഭിച്ച ബേക്കറി കെട്ടിടത്തിനാണ് നമ്പർ നിഷേധിച്ചത്. മലപ്പട്ടം ചൂളിയാട് അടുവാപ്പുറം സ്വയംസഹായ സംഘം പ്രസിഡൻ്റ് ടി.വി. ഗോപാലൻ സമർപ്പിച്ച പരാതിയിലാണ് അനുകൂല തീരുമാനം ഉണ്ടായത്.
9. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനെ തുടർന്ന് കടമുറി ഉപയോഗിക്കാനാവാത്ത സമയത്ത് നഗരസഭയ്ക്ക് നൽകേണ്ട വാടകയിൽ തദ്ദേശ അദാലത്തിൽ ഇളവ് അനുവദിച്ചത് പറശ്ശിനിക്കടവ് സ്വദേശിനിയായ എ.വി രേഷ്മക്ക് ആശ്വാസമായി ബ്യൂട്ടി പാർലർ നടത്തുന്നതിനായാണ് കടമുറി ലേലത്തിലെടുത്തത്. എന്നാൽ കടമുറിയിൽ വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. നഗരസഭ വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിന് ഒന്നര വർഷം കാലതാമസം എടുത്തതിനാൽ അത്രയും നാൾ കടമുറി അടച്ചിടുകയായിരുന്നു. വാടക ഇനത്തിൽ കുറവ് നൽകണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടെങ്കിലും മൂന്ന് മാസത്തെ വാടക മാത്രമാണ് ഇളവ് നൽകിയത്. വായ്പ തിരിച്ചടവും കുടിശ്ശിക തീർക്കലുമായി വലിയ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നതിനാൽ വാടക ഇളവ് മുഴുവനായി അനുവദിച്ചു തരണമെന്ന അപേക്ഷയുമായാണ് രേഷ്മ തദ്ദേശ അദാലത്തിലെത്തിയത്.
വിവരങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. വൈദ്യുതി കണഷൻ ലഭിച്ചതു വരെയുള്ള കാലയളവിലെ വാടക ഇളവു ചെയ്തു കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി നഗരസഭ സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി. വായ്പ തിരിച്ചടവും കുടിശ്ശിക തീർക്കലുമായി വലിയ സാമ്പത്തിക ബാധ്യതയിൽ നിന്നും കരകയറിതിന്റെ ആശ്വാസത്തിൽ വളരെ സന്തോഷത്തോടെയാണ് രേഷ്മ തദ്ദേശ അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്