ഇ-മാലിന്യ ശേഖരണ യജ്ഞം: ഇ-മാലിന്യങ്ങളുടെ ശാസ്ത്രീയ നിർമാർജനത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ്
സംസ്ഥാനത്ത് വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ഇ-വേസ്റ്റ് ശേഖരണ യജ്ഞം ആരംഭിച്ച് തദ്ദേശസ്വയം ഭരണ വകുപ്പ്. ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇ-മാലിന്യ ശേഖരണം നടപ്പാക്കുന്നത്. ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ (CKCL) നേതൃത്വത്തിൽ, ശുചിത്വമിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിത കർമ്മ സേന, കുടുംബശ്രീ, സ്‌കൂളുകൾ, കോളേജുകൾ, റെസിഡൻസ് അസോസിയേഷനുകൾ, ഇലക്ട്രോണിക് റീട്ടെയിലർമാർ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇ-വേസ്റ്റിന്റെ ശാസ്ത്രീയമായ നിർമാർജനം ഉറപ്പാക്കുകയാണ് ഈ യജ്ഞത്തിന്റെ ഉദ്ദേശ്യം.
നിലവിൽ സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങൾ വർഷത്തിൽ രണ്ടുതവണ ഇ-മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനം നടത്തുന്നുണ്ട്. ഈ പ്രവർത്തനം കൂടുതൽ ഫലപ്രദവും സമഗ്രവുമാക്കുന്നതിനാണ് പ്രത്യേക യജ്ഞം ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ നഗരസഭകളിൽ നിന്നും ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിക്കും. പുനഃചംക്രമണം ചെയ്യാൻ സാധിക്കുന്ന ഇ-മാലിന്യങ്ങൾക്ക് ക്ലീൻ കേരള കമ്പനി നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തിയ നിശ്ചിത വിലയും ലഭിക്കും. ഹരിത കർമ്മ സേന അംഗങ്ങൾ വഴിയാകും വീടുകളിൽ നിന്നും ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നത്.
ഇ-വേസ്റ്റ് എന്നത് പ്രവർത്തനരഹിതമോ കാലഹരണപ്പെട്ടതോ ആയ ഇലക്ട്രോണിക് ഉപകരണങ്ങളെയാണ്. സി.ആർ.ടി ടെലിവിഷൻ, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ, മിക്സർ ഗ്രൈൻഡർ, ഫാൻ, ലാപ്ടോപ്, സി.പി.യു, സി.ആർ.ടി മോണിറ്റർ, മൗസ്, കീബോർഡ്, എൽ.സി.ഡി മോണിറ്റർ, എൽ.സി.ഡി/എൽ.ഇ.ഡി ടെലിവിഷൻ, പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, അയൺ ബോക്‌സ്, മോട്ടോർ, സെൽഫോൺ, ടെലിഫോൺ, റേഡിയോ, മോഡം, എയർ കണ്ടീഷണർ, ബാറ്ററി, ഇൻവർട്ടർ, യു.പി.എസ്, സ്റ്റബിലൈസർ, വാട്ടർ ഹീറ്റർ, വാട്ടർ കൂളർ, ഇൻഡക്ഷൻ കുക്കർ, എസ്.എം.പി.എസ്, ഹാർഡ് ഡിസ്‌ക്, സി.ഡി ഡ്രൈവ്, പി.സി.ബി ബോർഡുകൾ, സ്പീക്കർ, ഹെഡ്ഫോണുകൾ, സ്വിച്ച് ബോർഡുകൾ, എമർജൻസി ലാമ്പ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ഇ-മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ നേരിട്ട് വലിച്ചെറിയുന്നത് മണ്ണിനെയും ജലസ്രോതസ്സുകളെയും വായുവിനെയും ഗുരുതരമായി മലിനമാക്കുന്നു. ഇത് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ലെഡ്, മെർക്കുറി, കാഡ്മിയം തുടങ്ങിയ ഘടകങ്ങൾ ഉള്ള ഇ-വേസ്റ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ക്യാൻസർ, നാഡീവ്യൂഹ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയ്ക്ക് കാരണമായേക്കാം. ഇ-വേസ്റ്റ് മാനേജ്‌മെന്റ് സംബന്ധിച്ച ഇന്ത്യയിലെ നിലവിലെ നിയമമായ ഇ-വേസ്റ്റ് (മാനേജ്‌മെന്റ്) റൂൾസ്, 2022 അനുസരിച്ച്, ഇ-മാലിന്യങ്ങളുടെ അനധികൃത നശീകരണം നിയമവിരുദ്ധവും ശിക്ഷായോഗ്യവുമാണ്. അതിനാൽ ഇ-വേസ്റ്റിന്റെ ശാസ്ത്രീയവും ഉത്തരവാദിത്തപരവുമായ കൈമാറ്റം അനിവാര്യമാണ്.
ഇ-മാലിന്യങ്ങൾ ശാസ്ത്രീയമായി ശേഖരിക്കുകയും നിർമാർജനം നടത്തുകയും ചെയ്യുന്നതിനായി ആരംഭിച്ച ഇ-വേസ്റ്റ് ശേഖരണ യജ്ഞം, കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളിൽ പ്രധാനപ്പെട്ട നേട്ടമാണ്. പൊതു ജനങ്ങളും സ്ഥാപനങ്ങളും ഈ ശ്രമത്തിൽ പങ്കാളികളാകുമ്പോൾ, ശുചിത്വവും സുസ്ഥിരതയും ഒന്നിക്കുന്ന ഭാവിയിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റം കൂടുതൽ ശക്തിപ്പെടും.