ഇടുക്കി ജില്ലാ അദാലത്ത്- പൊതു തീരുമാനങ്ങൾ, പ്രധാന പരിഹാരങ്ങൾ
1. സംസ്ഥാനത്ത് 80 ചതുരശ്ര മീറ്റർ വരെയുള്ള സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന വീടുകൾക്ക് 2024-25 വരെയുള്ള വസ്തുനികുതി പിഴപ്പലിശ ഒഴിവാക്കി നൽകാൻ ഉത്തരവിട്ടു. ഈ കുടുംബങ്ങൾക്ക് നികുതി കുടിശ്ശിക മാത്രം അടച്ചാൽ മതിയാവും. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറക്കും. ഇടുക്കി കോളനി സ്വദേശി ഷാഹുൽ അസീസ് സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് പൊതുനിർദ്ദേശം.
61.96 ചതുരശ്ര മീറ്ററിൽ യുഎ നമ്പറുള്ള കെട്ടിടമാണ് ഷാഹുൽ അസീസിന്റേത്. നിലവിൽ 5468 രൂപ നികുതി കുടിശിക അടക്കാനുണ്ട്, ഇതിൽ 1275 രൂപയും പലിശയാണ്. 2018ലേ പ്രളയത്തിൽ തകർന്ന വീടാണ് ഇത്, പിന്നീട് ലഭിച്ച സഹായത്താൽ അറ്റകുറ്റ പണി നടത്തി വീണ്ടും താമസം ആരംഭിച്ചു. 2019ൽ മണ്ണിടിച്ചിലിൽ വീണ്ടും വീട് തകർന്നു. ഇതേതുടർന്ന് പഞ്ചായത്ത് ഒരു ക്വാർട്ടേഴ്സിലേക്ക് ഇവരെ മാറ്റി. 2018-19 മുതലുള്ള നികുതിയാണ് അടയ്ക്കാൻ ബാക്കിയുളളത്. കോവിഡ് മൂലം പിന്നീട് ഇദ്ദേഹത്തിന്റെ ജോലി നഷ്ടമാവുകയും ചെയ്തു. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഇളവ് നൽകാൻ തീരുമാനിച്ചത്.
ഷാഹുൽ അസീസിന്റെ അപേക്ഷയിലൂടെ സംസ്ഥാനമെങ്ങുമുള്ള ലക്ഷക്കണക്കിന് പേർക്കാണ് കുടിശ്ശികയിൽ ഇളവ് ലഭിക്കുന്നത്. ഈ സന്തോഷം പങ്കുവെച്ചാണ് ഷാഹുൽ അസീസും കുടുംബവും തദ്ദേശ അദാലത്തിൽ നിന്ന് മടങ്ങിയത്
2. ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ് മുഖേന ജനനമരണവിവാഹ രജിസ്ട്രാർ കൂടിയായ പഞ്ചായത്ത് സെക്രട്ടറി വി കെ ശ്രീകുമാർ നൽകിയ പരാതി, സംസ്ഥാനത്തെ വിവാഹിതരാകുന്ന എല്ലാവർക്കും ഗുണകരമാവുന്ന പൊതുതീരുമാനത്തിലേക്കാണ് വഴിവെച്ചത്. ഗ്രാമപഞ്ചായത്തുകളിൽ വിവാഹ രജിസ്ട്രാർക്ക് മുമ്പാകെ നേരിട്ട് ഹാജരാകാതെ വീഡിയോ കോൺഫറൻസ് വഴി വിവാഹം രജിസ്ട്രർ ചെയ്യാൻ അനുമതി തേടിയായിരുന്നു പരാതി. 2019ൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിദേശത്തുള്ളവർക്ക് വിവാഹ രജിസ്ട്രേഷന് ഓൺലൈനിൽ ഹാജരാകാനുള്ള പ്രത്യേക ഉത്തരവ് നൽകിയിരുന്നു. ഇത് ഇപ്പോഴും തുടരുന്നുണ്ട്, അതേ സമയം ദമ്പതികളിൽ ഒരാളെങ്കിലും വിദേശത്ത് താമസിക്കുന്നുണ്ടെങ്കിൽ മാത്രമാണ് ഈ സൗകര്യം ലഭ്യമാകുന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും, അയൽസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളാണ് ഉപ്പുതുറ പഞ്ചായത്ത് സെക്രട്ടറി ചൂണ്ടിക്കാട്ടിയത്. നഗരസഭയിൽ കെ സ്മാർട്ട് ഏർപ്പെടുത്തിയതോടെ നഗരങ്ങളിൽ നടക്കുന്ന വിവാഹങ്ങൾ ദമ്പതികൾക്ക് വീഡിയോ കെവൈസി വഴി എവിടെയിരുന്നും രജിസ്ട്രേഷൻ നടത്താൻ സൗകര്യമൊരുങ്ങി. എന്നാൽ ഗ്രാമപഞ്ചായത്തുകളിൽ ഈ സേവനം ലഭ്യമായിരുന്നില്ല.
പരാതി പരിഗണിച്ച തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വീഡിയോ കോൺഫറൻസിലൂടെ രജിസ്ട്രാർക്ക് മുൻപിൽ ഹാജരാകാനുള്ള സൗകര്യം എല്ലാവർക്കും ഒരുക്കാൻ നിർദ്ദേശം നൽകി. ഗ്രാമപഞ്ചായത്തിൽ വിവാഹിതരാവുന്നവ ദമ്പതികൾക്കും സംയുക്ത അപേക്ഷയിലൂടെ രജിസ്ട്രാർക്ക് മുൻപിൽ ഓൺലൈനായി ഹാജരായി വിവാഹം രജിസ്റ്റർ ചെയ്യാം. ഇതിനുള്ള ചട്ടഭേദഗതി ഉടൻ കൊണ്ടുവരും. ഗ്രാമപഞ്ചായത്തുകളിൽ കെ സ്മാർട്ട് വിന്യസിക്കുന്നത് വരെ ഈ സൗകര്യം തുടരും. കെ സ്മാർട്ട് വിന്യസിക്കുമ്പോൾ വീഡിയോ കെ വൈ സി വഴി എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം പഞ്ചായത്തിലും ഒരുങ്ങും.
പഞ്ചായത്തിലെ നിരവധി പേരുടെ ആവശ്യ പ്രകാരമാണ് പ്രസിഡന്റ് ജെയിംസ് കെ ജേക്കബും ഉപ്പുതറ രജിസ്ട്രാർ വി കെ ശ്രീകുമാറും അദാലത്തിലെത്തിയത്. പഞ്ചായത്തുകളിലും വീഡിയോ കോൺഫറൻസ് വഴി വിവാഹം രജിസ്റ്റർ ചെയ്യാമെന്ന ഉത്തരവ് അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന നിരവധി പേർക്ക് പ്രയോജനപ്പെടും. പതിനായിരക്കണക്കിന് പേർക്ക് സഹായകമാവുന്ന ഉത്തരവിന് ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും തദ്ദേശ അദാലത്തിൽ നിന്ന് മടങ്ങിയത്.
3. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വയോജനങ്ങൾക്ക് കമ്പളി പുതപ്പ് നൽകാൻ ഹൈറേഞ്ച് മേഖലയിലെ തദ്ദേശ സ്ഥാനങ്ങൾക്ക് പദ്ധതി വെക്കാം : പദ്ധതി മാർഗനിർദേശങ്ങളിൽ തിരുത്തലിന് നിർദേശിച്ചു
പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട തോട്ടം തൊഴിലാളികൾക്ക് കമ്പിളി പുതപ്പ് നൽകുന്ന പദ്ധതി നടപ്പാക്കാൻ അനുമതി ലഭിക്കുന്നില്ല എന്ന പരാതിയുമായാണ് കുമളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായ കെ എം സിദ്ധിഖ് തദ്ദേശ അദാലത്തിലെത്തിയത്. വിഷയം പരിഗണിച്ച മന്ത്രി എം.ബി രാജേഷ് ഈ അനുകൂലമായ നിർദേശം നൽകി. സംസ്ഥാനത്തെ ഹൈറേഞ്ച് മേഖലയിൽ ജീവിക്കുന്ന ദാരിദ്ര്യ രേഖക്ക് താഴെയുള്ള വയോജനങ്ങൾക്ക് കമ്പിളി പുതപ്പ് ലഭ്യമാക്കാനുള്ള പദ്ധതി നടപ്പിലാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. പദ്ധതി മാർഗനിർദേശങ്ങളിൽ ഇതിന് അനുസരിച്ച് മാറ്റം വരുത്തും. പുതിയ പ്രഖ്യാപനം വയനാട്, ഇടുക്കി ജില്ലകളിലെ മലയോര മേഖലയിലെ നിരവധി കുടുംബങ്ങൾക്ക് പ്രയോജനകരമാവും.
4. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ തടിയമ്പാട് കേശമുനിയിൽ റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായാണ് നെല്ലിക്കുന്നേൽ നീന ജോസിന്റെ വീട് അപകടാവസ്ഥയിലായത്. വീടിന്റെ മുൻവശത്തെ മണ്ണ് ഇടിഞ്ഞ് പോകുകയും, വീട് ഏതു നിമിഷവും തകർന്ന് റോഡിൽ വീഴുമെന്ന അവസ്ഥയിലുമാണ്. നീനയും അമ്മയും അമ്മൂമ്മയുമാണ് ഈ വീട്ടിൽ താമസിക്കുന്നത്.
സംരക്ഷണ ഭിത്തി നിർമിച്ച് വീട് വാസയോഗ്യമാക്കണമെന്ന ആവശ്യവുമായാണ് നീന അദാലത്തിനെത്തിയത്. എന്നാൽ സുരക്ഷിതമായ പുതിയ വീട് നീനക്ക് നിർമിച്ചുനൽകണമെന്ന തീർപ്പാണ് ജില്ലാ അദാലത്ത് നൽകിയത്. നീനയുടെ വീടിന് സംരക്ഷണ ഭിത്തി നിർമ്മിക്കാൻ മാത്രം 25 ലക്ഷം രൂപ ചിലവ് വരുമെന്നാണ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റിപ്പോർട്ട് നൽകിയിരിക്കുന്നത്. വീടിന്റെ അപകടാവസ്ഥയ്ക്ക് കാരണമായത് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച റോഡ് ആണെന്നും അദാലത്ത് വിലയിരുത്തി. ഈ സാഹചര്യം പരിഗണിച്ച് നീനയ്ക്ക് സുരക്ഷിതമായ സ്ഥലം കണ്ടെത്തി പുതിയ വീട് ഒരു വർഷത്തിനകം നിർമ്മിച്ചുനൽകാൻ മന്ത്രി നിർദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ എന്നിവർ ഈ ചുമതല ഏറ്റെടുക്കുകയും സമയബന്ധിതമായി സ്ഥലം കണ്ടെത്തി വീട് നിർമ്മിച്ചുനൽകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിനൊപ്പം സ്പോൺസർഷിപ്പും ഇതിനായി ഉപയോഗിക്കും. എസ് എൽ ഇ, വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടുന്ന കുടുംബങ്ങളുണ്ട് എന്നതും പ്രത്യേകം അദാലത്ത് പരിഗണിച്ചു. പുതിയ സ്ഥലത്ത് വീട് നിർമിച്ച് കൈമാറുന്ന മുറക്ക് നിലവിലെ സ്ഥലം പഞ്ചായത്തിന് കൈമാറണമെന്നും നിർദേശിച്ചു. പരാതിക്കാരിയുടെ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലാകും ഈ നടപടികൾ സ്വീകരിക്കുക.
നീനയ്ക്ക് വീടൊരുക്കാൻ കൈകോർത്ത ജില്ലാ പഞ്ചായത്തിനെയും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിനെയും അഭിനന്ദിക്കുന്നു. ദീർഘ നാളത്തെ പരാതിക്ക് പരിഹാരമായതിൻ്റെ സന്തോഷവും സർക്കാരിനോടുള്ള നന്ദിയും നീനയും അമ്മയും പങ്കുവെച്ചു. സംരക്ഷണ ഭിത്തിക്കായി അപേക്ഷ നല്കി, സുരക്ഷിതമായ പുതിയ വീട് ഉറപ്പായ സന്തോഷത്തിലാണ് നീനയും അമ്മയും തദ്ദേശ അദാലത്തിൽ നിന്ന് മടങ്ങിയത്.
5. കൈവശം വെച്ച ഭൂമി വെള്ളത്തൂവൽ ടൗൺ നവീകരണത്തിനായി വിട്ടുകൊടുത്ത 10 കച്ചവടക്കാരുടെ പരാതിയിൽ അനുകൂല തീർപ്പുമായി തദ്ദേശ അദാലത്ത്. 2016ലാണ് വെള്ളത്തൂവൽ ടൗൺ വിപുലീകരണത്തിനായി ചെറുകിട കച്ചവടക്കാർ കൈവശം വെച്ചിരുന്ന ഭൂമി സൗജന്യമായി വിട്ടുനൽകിയത്. ഇരുവശത്തുമായി രണ്ട് മീറ്റർ വീതം വീതി കൂട്ടിയതിനാൽ, ഇതിന് ആനുപാതികമായി കെട്ടിടഭാഗം പൊളിച്ചുനീക്കേണ്ടിവന്നു. ബാക്കി ഭാഗം ബലപ്പെടുത്തിയപ്പോൾ, സ്ഥലത്തിന് പട്ടയമില്ല എന്ന കാരണം പറഞ്ഞ് നിലവിലുണ്ടായിരുന്ന നമ്പർ വെള്ളത്തൂവൽ പഞ്ചായത്ത് റദ്ദാക്കി എന്നായിരുന്നു പരാതി. സ്ഥലം വിട്ടുകൊടുക്കാത്ത കച്ചവടക്കാരുടെ കാര്യത്തിൽ പട്ടയമില്ലെങ്കിലും നമ്പർ റദ്ദാക്കുന്ന നടപടി സ്വീകരിച്ചിട്ടില്ല എന്നും പരാതിക്കാർ മന്ത്രിയെ അറിയിച്ചു. പഞ്ചായത്തിന്റെ ഈ നടപടി വിവേചനപരമാണ് എന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആയതിനാൽ പഴയ കെട്ടിട നമ്പർ ഒരു മാസത്തിനകം പുനഃസ്ഥാപിച്ചുനൽകാൻ മന്ത്രി ഉത്തരവിട്ടു. ഇതിന് ആവശ്യമായ സോഫ്റ്റ്വെയർ ക്രമീകരണം ഏർപ്പെടുത്തും. മാനുഷിക പരിഗണനയും ഇന്റേണൽ വിജിലൻസ് ഓഫീസറുടെ ശുപാർശയും കണക്കിലെടുത്താണ് നിർദ്ദേശം. 10 കച്ചവടക്കാരുടെ വിഷയം ചൂണ്ടിക്കാട്ടി മോഹനൻ കെ ജി നൽകിയ അപേക്ഷയിലാണ് അനുകൂല തീരുമാനം.
2013ൽ പഞ്ചായത്ത് തീരുമാനിച്ച പദ്ധതി 2016ലാണ് പി ഡബ്ല്യു ഡി ഏറ്റെടുത്തത്. ഇരുവശത്തും രണ്ട് മീറ്റർ വീതം വീതികൂട്ടിയുള്ള ടൗൺ വികസനം 2019ലാണ് പൂർത്തിയാക്കിയത്. ദീർഘകാലമായി നമ്പറോടെ പ്രവർത്തിച്ച പല സ്ഥാപനങ്ങൾക്കുമാണ് കൈവശം വെച്ചിരുന്ന സ്ഥലം വിട്ടുനൽകി എന്നതിന്റെ പേരിൽ നമ്പർ നഷ്ടപ്പെട്ടത്. ഈ വിഷയത്തിലാണ് തദ്ദേശ അദാലത്ത് ചെറുകിട കച്ചവടക്കാർക്ക് അനുകൂലമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
6. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ കുട്ടപ്പൻസിറ്റി സ്വദേശിയായ ഇബ്രാഹിം കമ്മത്ത്കുടിയിൽ അദാലത്ത് വേദിയിലെത്തിയത് തന്റെ വീടിന് നമ്പർ ലഭിച്ചില്ലെന്ന് പരാതിയുമായാണ്. പ്രളയ നഷ്ടപരിഹാരമായി റീബിൽഡ് കേരള ഭവന പദ്ധതി പ്രകാരം അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്ഥലം വാങ്ങി വീട് നിർമിച്ചത്. പഞ്ചായത്തിന്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് ഈ വീട് നിർമ്മിച്ചത് എന്നതിനാൽ പെർമിറ്റ് ഫീസിന്റെ ഇരട്ടി കോമ്പൗണ്ട് ഫീസായി ഒടുക്കണമെന്നായിരുന്നു പഞ്ചായത്തിൽ നിന്നുള്ള നിർദേശം. ക്രമവൽക്കരണ ഫീസായി 4605.5 രൂപയും അപേക്ഷ ഫീസായി 150 രൂപയുമുൾപ്പെടെ 4755.5 രൂപ ഒടുക്കണമായിരുന്നു. കൂലിപ്പണി മാത്രം ചെയ്തു ജീവിക്കുന്ന ഇദ്ദേഹത്തിന് ഫീസ് അടക്കാൻ സാമ്പത്തികമായി ശേഷിയില്ല എന്ന് അദാലത്തിൽ മന്ത്രിയെ അറിയിച്ചു. ക്രമവൽക്കരണ ഫീസിന്റെ കാര്യം മന്ത്രി വിശദമായി പഞ്ചായത്ത് അധികൃതരുമായി ചർച്ച ചെയ്തു. പ്രളയ ദുരിതാശ്വാസം കൊണ്ടു നിർമ്മിച്ച വീടാണ് എന്ന പരിഗണന മുൻനിർത്തി ആവശ്യമായ സഹായം നൽകാൻ മന്ത്രി പഞ്ചായത്തിനോട് നിർദേശിച്ചു. ക്രമവത്കരണ ഫീസ് പഞ്ചായത്ത് ഏറ്റെടുക്കാമെന്നും പ്രാദേശികമായ സ്പോൺസർഷിപ്പിലൂടെ ഈ തുക കണ്ടെത്തുമെന്നും മന്ത്രിയെ പഞ്ചായത്ത് അറിയിച്ചു. ഇത് ഉടൻ കണ്ടെത്തി, കെട്ടിടത്തിന് നമ്പർ നൽകാൻ അദാലത്തിൽ മന്ത്രി പഞ്ചായത്തിന് നിർദേശം നൽകി. ഫീസ് ബാധ്യത ഏറ്റെടുത്ത വാഴത്തോപ്പ് പഞ്ചായത്ത് അധികൃതരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. മന്ത്രിക്കും സർക്കാരിനും നന്ദി പറഞ്ഞു സന്തോഷത്തോടെയാണ് ഇബ്രാഹിം തദ്ദേശ അദാലത്ത് വേദിയിൽ നിന്ന് മടങ്ങിയത്.
7. റബർബാൻഡ് സംരംഭത്തിന് കെട്ടിടം പണിയുന്നതിന് പത്തു വർഷത്തെ വാടക കരാർ പ്രകാരം എടുത്ത സ്ഥലത്ത് പെർമിറ്റ് ലഭിക്കുന്നില്ല എന്ന പരാതിയുമായാണ് കുടയത്തൂർ സ്വദേശി രേഷ്മ രാജു കൈക്കുഞ്ഞുമായി അദാലത്ത് വേദിയിൽ എത്തിയത്. ഉടമയുമായുള്ള വാടകചീട്ടിലെ വ്യവസ്ഥയിലെ വ്യക്തത കുറവ് ചൂണ്ടിക്കാട്ടിയാണ് കരിങ്കുന്നം പഞ്ചായത്ത് പെർമിറ്റ് അനുവദിക്കാതിരുന്നത്.
വിഷയം പരിശോധിച്ച മന്ത്രി സംരംഭകന് അനുകൂലമായ പരിഹാരത്തിന് നിർദേശം നൽകി. 2019ലെ കെട്ടിട നിർമ്മാണ ചട്ടത്തിലെ ചട്ടം 2(1) ഒന്ന് പ്രകാരം ഉടമസ്ഥൻ എന്നാൽ പാട്ടകൈവശവകാശമുള്ളയാൾ എന്ന് നിർവചിച്ചിട്ടുണ്ട്. പാട്ട കരാറിലെ ആറാമത്തെ വ്യവസ്ഥ സൃഷ്ടിക്കുന്ന ആശയ കുഴപ്പം പരിഹരിക്കാൻ പാട്ട കരാറിലെ ഒന്നാം കക്ഷിയായ സ്ഥലം ഉടമയിൽ നിന്നും നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം ഹാജരാക്കണം. ഇത് ഹാജരാക്കുമ്പോൾ, രേഷ്മക്ക് റബർ ബാൻഡ് ഫാക്ടറിക്കുള്ള താത്കാലിക കെട്ടിടം പണിയുന്നതിനുള്ള നിർമ്മാണ പെർമിറ്റ് അനുവദിക്കാൻ മന്ത്രി പഞ്ചായത്തിന് നിർദ്ദേശം നൽകി. കാലങ്ങളായി പല ഓഫീസുകളും കയറിയിറങ്ങിയിട്ടും നടക്കാത്ത ആവശ്യം പരിഹരിച്ച സന്തോഷത്തിലാണ് രേഷ്മയും കുടുംബവും തദ്ദേശ അദാലത്ത് വേദിയിൽ നിന്ന് മടങ്ങിയത്.
8. കഞ്ഞിക്കുഴി സ്വദേശിനി നിരവത്ത് ജെയ്നിന്റെ കൃഷി ഇനി വേനലിനെയും അതിജീവിക്കും. കൃഷിയിടം നനയ്ക്കാൻ നിർമിച്ച മോട്ടോർ പുരയ്ക്ക് പട്ടയമില്ലാ എന്ന കാരണം ചൂണ്ടിക്കാട്ടി നമ്പർ അനുവദിക്കാത്തതിനാൽ വൈദ്യുതി ലഭിച്ചിരുന്നില്ല. ഇടുക്കി ജില്ലാ തദ്ദേശ അദാലത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പരാതി പരിഗണിച്ചു. ഭൂമി കൃഷി ചെയ്യുന്നതാണെന്ന കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ് പരിഗണിച്ച് കൃഷി ആവശ്യത്തിനുള്ള താത്കാലിക നമ്പർ നല്കാൻ നിർദേശിച്ചു. ഇങ്ങനെ നമ്പർ ലഭിച്ചാൽ മോട്ടോർപുരയ്ക്ക് വൈദ്യുതി കണക്ഷന് അപേക്ഷിക്കാനാവും. ഇതോടെ ദീർഘ കാലമായുള്ള പരാതിക്കാണ് പരിഹാരമായത്.
ജലക്ഷാമത്തെ തുടർന്ന് കഴിഞ്ഞ വേനലിൽ കൃഷി നാശം സംഭവിച്ച കൃഷിക്കാരനാണ് തദ്ദേശ അദാലത്തിലൂടെ ആശ്വാസം ലഭിക്കുന്നത്. അസുഖ ബാധിതയായി ആശുപത്രിയിലായിരുന്ന ജെയ്ൻ ഷാജിക്ക് വേണ്ടി സഹോദരൻ ഫാ.മനോജാണ് പരാതിയുമായി അദാലത്തിലെത്തിയത്. ദീർഘകാലമായുള്ള പരാതിക്ക് പരിഹാരമായതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു
9. വാണിജ്യാവശ്യത്തിന് നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിന് നമ്പർ ലഭ്യമാകാത്തത് സംബന്ധിച്ച പരാതിയുമായി എത്തിയ ബിന്ദു മടങ്ങുന്നത് നമ്പർ കിട്ടിയ സന്തോഷത്തിൽ. പൊള്ളലിനുള്ള നാട്ടുവൈദ്യചികിത്സയിൽ വിദഗ്ദതയായ ബിന്ദു കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലെ താമസക്കാരിയാണ്. ഇവരുടെ നേതൃത്വത്തിൽ പത്തു ആദിവാസി കുടുംബങ്ങൾ ചേർന്ന് സംഘം രൂപീകരിക്കുകയും കെട്ടിടം നിർമിക്കുകയും ചെയ്തിരുന്നു. നാലു വർഷത്തോളമായി ഈ കെട്ടിട നമ്പറിനായി കഞ്ഞിക്കുഴി പഞ്ചായത്തിനെ സമീപിച്ചെങ്കിലും ലഭ്യമായില്ല.
ബിന്ദുവിന്റെ പരാതി തദ്ദേശ വകുപ്പ് മന്ത്രി വിശദമായി കേട്ടു. കേന്ദ്ര ജൈവ സാങ്കേതിക വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിച്ചുവരുന്ന രാജീവ് ഗാന്ധി ജൈവ സാങ്കേതിക ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ ഔഷധ സസ്യശേഖരണ സംസ്കരണ യൂണിറ്റ് ആരംഭിക്കുന്നതിന് ലഭിച്ച സാമ്പത്തിക സഹായം ഉപയോഗിച്ചാണ് സംഘം ആരംഭിക്കുകയും കെട്ടിടം പണിയുകയും ചെയ്തിട്ടുള്ളത് എന്ന് ബോധ്യപ്പെട്ടു. ചികിത്സക്കും ഔഷധ സസ്യ ശേഖരണത്തിനും സംസ്കരണത്തിനുമായാണ് ഈ കേന്ദ്രം പ്രവർത്തിക്കുക. ആദിവാസികളുടെ പരമ്പരാഗത അറിവുകൾക്ക് ഉചിതമായ ശാസ്ത്രീയ അടിത്തറ നൽകി അവരെ സംരക്ഷിക്കുക, അത്തരം അറിവുകൾ ഉൽപന്നങ്ങൾ ആയി രൂപപ്പെടുത്തി സാമൂഹിക വിപണന കേന്ദ്രം വഴി പൊതു സമൂഹത്തിൽ എത്തിക്കുക, ആദിവാസി സമൂഹത്തിന്റെ ദൈനദിന ജീവിതം മെച്ചപ്പെടുത്തുക, ആദിവാസി വിഭാഗങ്ങൾക്ക് പുതിയ തൊഴിൽമേഖല സൃഷ്ടിക്കുകയും അവരുടെ അറിവിനെ പരിപോഷിപ്പിക്കുകയും ചെയ്യുക, തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവർത്തനം ആരംഭിക്കുന്നതാണ് കേന്ദ്രം. ഈ വസ്തുതകൾ പരിഗണിച്ച് പത്തു ആദിവാസി കുടുംബങ്ങൾ ചേർന്ന് നടത്തുന്ന സംരംഭത്തിനായി പ്രത്യേക ഇളവ് നൽകി, കെട്ടിടത്തിനു നമ്പർ നൽകാനാണ് നിർദ്ദേശിച്ചത്. കാലങ്ങളായി ലഭിക്കാത്ത കെട്ടിട നമ്പർ ലഭിച്ചതിൽ സർക്കാരിനോട് നന്ദി അറിയിച്ചാണ് ബിന്ദു വേദിയിൽ നിന്ന് മടങ്ങിയത്.
10. കഞ്ഞിക്കുഴി നങ്കിസിറ്റിയിലുള്ള ശ്രീ നാരായണ ഹൈസ്കൂളിന് വേണ്ടി പണിത പുതിയ കെട്ടിടത്തിന് താത്കാലിക ഫിറ്റ്നസ് നമ്പർ നൽകാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദ്ദേശിച്ചു. ജൂലൈ 4 ലെ തദ്ദേശ സ്വയം ഭരണ വകുപ്പ് സർക്കുലർ പ്രകാരം ജീവന് ഭീഷണിയില്ലാത്ത സ്കൂൾ കെട്ടിടങ്ങൾക്ക് നിബന്ധനകളോടെ ഒരു വർഷത്തേക്ക് താത്കാലിക ഫിറ്റ്നസ് നൽകാൻ കഴിയും. ഈ സർക്കുലറിന്റെ അടിസ്ഥാനത്തിൽ ശ്രീനാരായണ ഹൈസ്കൂളിന് താത്കാലിക ഫിറ്റ്നസ് അനുവദിക്കാനാണ് മന്ത്രി നിർദ്ദേശിച്ചത്. ഈ അധ്യയന വർഷം തന്നെ നിയമപ്രകാരം നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാൻ സ്കൂൾ അധികൃതർ തയ്യാറാവണം. സർക്കാർ-എയ്ഡഡ് സ്കൂളുകൾക്ക് കെട്ടിട നിർമ്മാണ ചട്ടം 3(4) പ്രകാരമുള്ള ഇളവുകൾ നൽകുന്നത്, അപേക്ഷ ലഭിക്കുന്നതിന് അനുസരിച്ച് പരിഗണിക്കാനും മന്ത്രി നിർദ്ദേശം നൽകി.
പുതിയ കെട്ടിടം പൂർത്തിയാക്കിയിട്ടും ഫിറ്റ്നസ് ലഭിക്കാത്തതിനാൽ ക്ലാസുകൾ തുടങ്ങാൻ കഴിയുന്നില്ലെന്ന പരാതിയുമായി എത്തിയ സ്കൂൾ അധികൃതർ, ഈ വിഷയത്തിന് പരിഹാരമായതിന്റെ സന്തോഷത്തോടെയാണ് തദ്ദേശ അദാലത്തിൽ നിന്ന് മടങ്ങിയത്. നിലവിൽ ഇതേ സ്ഥലത്തുണ്ടായിരുന്ന ഒരു കെട്ടിടം പൊളിച്ചുപണിയുകയായിരുന്നു. പുതിയ കെട്ടിടത്തിന് ഫിറ്റ്നസ് ലഭിച്ചാൽ മാത്രമേ ഹൈസ്കൂൾ വിഭാഗം ഇവിടെ പ്രവർത്തിപ്പിക്കാൻ സാധിക്കുമായിരുന്നുള്ളൂ. നൂറുകണക്കിന് വിദ്യാർത്ഥികളുടെ പഠന സംബന്ധമായ തടസമാണ് തദ്ദേശ അദാലത്തിലൂടെ മാറിയത്. ഇത് ബോധ്യപ്പെട്ടതിനെ തുടർന്ന് അടിയന്തിര പ്രാധാന്യം നൽകി താത്കാലിക ഫിറ്റ്നസ് അനുവദിക്കാനാണ് മന്ത്രി നിർദ്ദേശം നൽകിയത്. ഇതോടെ കുട്ടികൾക്ക് പുതിയ കെട്ടിടത്തിലിരുന്ന് പഠിക്കാൻ അവസരമൊരുങ്ങും.