അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് വേതനം നൽകാൻ നഗരസഭകൾക്ക് 24.4 കോടി രൂപ കൂടി
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് വേതനം നൽകാൻ നഗരസഭകൾക്ക് 24.4 കോടി രൂപ കൂടി അനുവദിച്ചു. മുൻപ് അനുവദിച്ച തുകയുടെ 60%ത്തിലധികം ഉപയോഗിച്ച നഗരസഭകൾക്കാണ് തുക അനുവദിച്ചത്. ആറ് കോർപറേഷനുകൾക്കും 56 മുൻസിപ്പാലിറ്റികൾക്കും ഈ തുക ലഭിക്കും. പൂർണ്ണമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണിത്. ധനകാര്യ വകുപ്പിന്റെ ബിഎഎംഎസ് ആപ്ലിക്കേഷൻ വഴിയാണ് തുക അനുവദിച്ച് നൽകുന്നത്. ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ നഗരസഭകൾക്ക് 29.85 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ 23 കോടി രൂപ ഇതിനകം നഗരസഭകൾ ചെലവഴിച്ചുകഴിഞ്ഞു. ഇതേത്തുടർന്നാണ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ വീണ്ടും തുക അനുവദിച്ചിരിക്കുന്നത്. അധികമായി വേണ്ടിവരുന്ന തുക നഗരസഭകളുടെ തനതുഫണ്ടിൽ നിന്നാണ് ചെലവഴിക്കുന്നത്. 150 കോടി രൂപയാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്.
2022-23 സാമ്പത്തിക വർഷത്തിൽ 41.11 ലക്ഷം തൊഴിൽ ദിനങ്ങളാണ് അയ്യങ്കാളി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ലഭ്യമാക്കിയത്. പദ്ധതിയുടെ ചെലവ് 113.93 കോടിയാണ്. 2015-16 ൽ ചെലവ് 7.48 കോടിയും തൊഴിൽ ദിനങ്ങൾ മൂന്ന് ലക്ഷവും മാത്രമായിരുന്നു. ശ്രദ്ധേയമായ പുരോഗതിയാണ് കഴിഞ്ഞ ഏഴ് വർഷങ്ങളായി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ സാധ്യമാക്കിയത് എന്ന് ഈ കണക്കുകളിൽനിന്ന് ആർക്കും മനസിലാക്കാം. 2015-16ൽ 15 കോടിയുണ്ടായിരുന്ന ബജറ്റ് വിഹിതം ഇപ്പോൾ 150 കോടിയായി വർധിച്ചു. 2,79,035 കുടുംബങ്ങളാണ് അയ്യങ്കാളി പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 96,000 കുടുംബങ്ങൾ സ്ഥിരമായി പദ്ധതിയെ ആശ്രയിക്കുന്നവരാണ്. മാലിന്യ സംസ്കരണം, സുഭിക്ഷ കേരളം, മഴക്കാല പൂർവ ശുചീകരണം, ആരോഗ്യജാഗ്രത, ജലസംരക്ഷണം, വനവത്കരണം, ലൈഫ് പിഎംഎവൈ ഭവന നിർമ്മാണം, മൃഗസംരക്ഷണം തുടങ്ങി വൈവിധ്യമായ മേഖലകളിൽ തൊഴിലാളികൾ പങ്കാളികളാകുന്നു. 2019-20 മുതൽ ക്ഷീരകർഷകരെയും ഗുണഭോക്താക്കളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളം രാജ്യത്തിന് സമ്മാനിക്കുന്ന മറ്റൊരു മോഡലാണ് നഗര തൊഴിലുറപ്പ് പദ്ധതി. നമ്മുട് നഗരജീവിതത്തിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് സുപ്രധാന പങ്കാണുള്ളത്. രാജ്യത്ത് ആദ്യമായി നഗരമേഖലയിൽ തൊഴിലുറപ്പ് പദ്ധതിക്ക് രൂപം നൽകിയ സംസ്ഥാനമാണ് കേരളം. പൂർണമായും സംസ്ഥാന സർക്കാരാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നത്. മാലിന്യ സംസ്കരണം ഉൾപ്പെടെ പുതിയ മേഖലകളിലേക്ക് കൂടി പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യത്തിന് വഴികാട്ടുന്ന ഈ പദ്ധതിയെ നമുക്ക് കൂടുതൽ മികവിലേക്ക് നയിക്കാം.