New building for Amarvila Excise Range Office

അമരവിള എക്‌സൈസ് റേഞ്ച് ഓഫീസിനു പുതിയ കെട്ടിടം

അമരവിള എക്‌സൈസ് റേഞ്ച് ഓഫീസ് കെട്ടിട നിർമാണ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സർക്കാർ മൂന്നാം വാർഷികത്തിന്റെ ഭാഗമായി നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഒരുകോടി മുപ്പത് ലക്ഷം രൂപ വിനിയോഗിച്ച് അമരവിളഎക്‌സൈസ് കെട്ടിട നിർമാണം ആരംഭിക്കുന്നത്. അതിർത്തിയോടു ചേർന്നു കിടക്കുന്ന പ്രദേശമാണെന്നതുകൊണ്ടുതന്നെ എക്‌സൈസ് ജാഗരൂകമായ പ്രവർത്തനവും ശക്തമായ നിരീക്ഷണവും ഫലപ്രദമായ ഇടപെടലും നടത്തേണ്ട മേഖലയാണിത്. കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്ക് റേഞ്ച് ഓഫീസ് സഹായിക്കും. തറക്കല്ലിടിനു ശേഷം ഒട്ടും കാലതാമസമില്ലാതെ നിശ്ചയിച്ച സമയത്ത് തന്നെ പണി പൂർത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങൾ എക്‌സൈസ് വകുപ്പ് ഉറപ്പുവരുത്തും.

കേരളത്തിൽ 102 എക്‌സൈസ് ഓഫീസുകളാണ് വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എല്ലാ എക്‌സൈസ് ഓഫീസുകൾക്കും സ്വന്തം കെട്ടിടം നിർമ്മിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായിട്ടാണ് ഓഫീസുകളുടെ നിർമ്മാണം നടക്കുന്നത്. സമൂഹത്തിലെ ഹിംസയുടെ കാരണങ്ങളിലൊന്ന് മയക്കുമരുന്നിന്റെ വ്യാപനമാണ്. വ്യക്തിയുടെ വിവേചനബുദ്ധി ഇല്ലാതാക്കുന്ന ഇത്തരം വെല്ലുവിളികളെ നേരിടാൻ എക്‌സൈസ് വകുപ്പിന് ആധുനികമായ സംവിധാനങ്ങൾ ഉണ്ടാകണം. ആധുനികമായ ചോദ്യംചെയ്യൽ മുറികൾ, കേസന്വേഷണത്തിനാവശ്യമായ ആധുനിക സങ്കേതങ്ങൾ, ഡിജിറ്റൽ വയർലസ്സുകൾ, ആവശ്യമായ ആധുനിക വാഹനങ്ങളടക്കം എക്‌സൈസ് വകുപ്പിന് നൽകുകയാണ്. എൻഫോഴ്‌സ്‌മെന്റ് സംവിധാനം ശക്തിപ്പെടുത്തിയും നവീന സാങ്കേതിക വിദ്യകളുടെ സഹായത്താലും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരി കടത്തിന്റെ ഉറവിടമടക്കം തിരിച്ചറിയാൻ കഴിയുന്ന രീതിയിലുള്ള മാറ്റമാണ് വകുപ്പിൽ നടക്കുന്നത്. കൗൺസലിംഗ്, പുനരധിവാസം, ആവശ്യമായ ചികിൽസ നിർദേശങ്ങളടക്കം നൽകുന്ന എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി രാജ്യത്തിന് മാതൃകയാണ്.