take a break

യാത്ര സുഖകരമാക്കാന്‍ ടേക്ക് എ ബ്രേക്ക്

* ഉന്നത നിലവാരമുളള ശുചിമുറികള്‍
* ലക്ഷ്യം 1842 ശുചിമുറികള്‍
* പൂര്‍ത്തിയായത് 588 സമുച്ചയങ്ങള്‍

കേരളത്തിന്റെ സമഗ്ര ശുചിത്വ വികസനം ലക്ഷ്യമിട്ട് ശുചിത്വമിഷന്‍ നടപ്പാക്കുന്ന പദ്ധതിയാണ് ടേക്ക് എ ബ്രേക്ക്. പൊതു ശുചിമുറി സമുച്ചയ നിര്‍മാണ പദ്ധതിയാണിത്. ദേശീയ-സംസ്ഥാന പാതയോരങ്ങളിലും, ബസ് സ്റ്റേഷനുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ തുടങ്ങി ജനങ്ങള്‍ ഒരുമിച്ചെത്തുന്ന പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഏതുസമയത്തും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ നിലവിലുള്ള ശുചിമുറികള്‍ സജ്ജമാക്കുകയും ഉന്നത നിലവാരമുള്ള ശുചിമുറി സമുച്ചയങ്ങളും വിശ്രമകേന്ദ്രങ്ങളും നിര്‍മിക്കുകയും ചെയ്യുന്നതാണ് ടേക്ക് എ ബ്രേക്ക് പദ്ധതി.

ഗ്രാമപഞ്ചായത്തുകളില്‍ കുറഞ്ഞത് രണ്ട് എണ്ണവും നഗരസഭകളില്‍ അഞ്ചും കോര്‍പ്പറേഷനില്‍ എട്ടും വീതം ആകെ 1842 ശുചിമുറി സമുച്ചയങ്ങള്‍ പണിയാനാണ് ടേക്ക് എ ബ്രേക്ക് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതില്‍ 1769 പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. 1214 പദ്ധതികളുടെ കരാര്‍ നടപടികള്‍ പൂര്‍ത്തിയായി. ഘട്ടം ഘട്ടമായി സമുച്ചയങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കും.

മൂന്നു തരം ശുചിമുറിസമുച്ചയങ്ങളാണ് പദ്ധതിയിലുള്ളത്. ഒരു ദിവസം 150 പേര്‍ ഉപയോഗിക്കാവുന്ന അടിസ്ഥാന തലം, 150ല്‍ കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് തലം, ആധുനിക സൗകര്യങ്ങളോടെയുളള പ്രീമിയം തലം എന്നിവയാണവ. കോഫി ഷോപ്പോടെയുളള ആധുനിക സൗകര്യങ്ങളുള്ള 165 ശുചിമുറികള്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. കുടുംബസമ്മേതം യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഈ പദ്ധതി. ടേക്ക് എ ബ്രേക്ക് പദ്ധതിപ്രകാരം സംസ്ഥാനത്ത് 100 എണ്ണം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായി നല്‍കിക്കഴിഞ്ഞു. 488 എണ്ണം നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 640 പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

സമ്പൂര്‍ണ ശുചിത്വം ഉറപ്പുവരുത്താന്‍ ശുചിമുറികളുടെ പരിപാലന ചുമതല തദ്ദേശസ്ഥാനങ്ങള്‍ക്കാണ് നല്‍കിയിട്ടുള്ളത്. പേ ആന്റ് യൂസ് മാതൃകയിലാണ് പരിപാലനം. തദ്ദേശ സ്ഥാപനങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരും നഗര പ്രദേശങ്ങളില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികളുടെ സഹകരണവുമുണ്ട്. ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് ശുചിത്വ മിഷന്‍ വിഹിതമായി 1,53,79,940 രൂപ നല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ വികസന ഫണ്ട്, തനത് ഫണ്ട് തുടങ്ങിയ ഫണ്ടുകള്‍ സംയോജിപ്പിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ബാക്കിയുള്ള ശുചിമുറി സമുച്ചയങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കും.