Neelakurinji to impart biodiversity knowledge to tourists

സഞ്ചാരികൾക്ക് ജൈവവൈവിധ്യ വിജ്ഞാനം പകർന്നു നൽകാൻ നീലക്കുറിഞ്ഞി

മൂന്നാറിലും പരിസര പ്രദേശങ്ങളിലും എത്തുന്ന സന്ദർശകർക്ക് പ്രദേശത്തെ ജൈവവൈവിധ്യ സവിശേഷതകളെക്കുറിച്ച് അറിവ് പകർന്നു നൽകാൻ നീലക്കുറിഞ്ഞി പദ്ധതി. ഹരിതകേരളം മിഷനും ഇടുക്കി ജില്ല പഞ്ചായത്തും സംയുക്തമായാണ് നവകേരളം കർമ പദ്ധതിയുടെ ഭാഗമായി അടിമാലി ഗവ.ഹൈസ്‌കൂളിനോട് ചേർന്ന് ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രം ഒരുക്കിയിട്ടുള്ളത്. ത്രിഡി മോഡലുകൾ, മാപ്പുകൾ, ഇൻഫർമേഷൻ ഡിസ്പ്ലേകൾ, ഓഡിയോ വിഷ്വൽ യൂണിറ്റുകൾ, ഇന്ററാക്ടീവ് കിയോസ്‌കുകൾ, ഛായ ചിത്രങ്ങൾ തുടങ്ങിയവ ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. പ്രാദേശിക ഗോത്ര സംസ്‌കാരത്തെക്കുറിച്ചുള്ള അറിവ് പകർന്നു നൽകുന്ന ജൈവവൈവിധ്യ കേന്ദ്രത്തിന്റെ സേവനം പഠന-വിനോദ യാത്രികർക്ക് പ്രയോജനപ്പെടും.

രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് നീലക്കുറിഞ്ഞി കേന്ദ്രത്തിന്റെ പ്രവർത്തനം. തിങ്കളാഴ്ച അവധി. കുട്ടികൾക്ക് ₹10, മുതിർന്നവർക്ക് ₹ 20 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ₹ അമ്പത് ലക്ഷം ചിലവിലാണ് പദ്ധതി നടപ്പാക്കിയത്.

ജീവസുറ്റ ത്രിമാന മാതൃകകൾ

മുള കൊണ്ട് നിർമിച്ച ഗേറ്റും മുള കൈവരികളും പുല്ല് മേഞ്ഞ കുടിൽ മാതൃകയിൽ നിർമിച്ച പ്രവേശന കവാടവും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം പകർന്ന് നൽകുന്നു. പ്രവേശന കവാടം പിന്നിട്ട് ചെല്ലുന്നത് ഭീമൻ ചിതൽ പുറ്റിലേക്കാണ്. ചിതൽപുറ്റിനുള്ളിലൂടെ നിർമിച്ചിരിക്കുന്ന തുരങ്കം ഇറങ്ങിചെല്ലുന്നത് ജൈവ വൈവിധ്യങ്ങളുടെ അറിവ് പകരുന്ന ലോകത്തേക്കാണ്. ഉയർന്ന പ്രദേശങ്ങളിലെ പരിസ്ഥിതി, നിത്യ ഹരിതവനങ്ങൾ, മലമുഴക്കി വേഴാമ്പൽ, രാജമലയിലെ പാറക്കെട്ടുകളുടെയും വരയാടുകളുടെയും മലയണ്ണാന്റെയും ത്രിമാന മാതൃകകൾ തുടങ്ങി നിരവധി വിസ്മയ കാഴ്ചകളാണ് ജൈവവൈവിധ്യ കേന്ദ്രത്തിൽ സന്ദർശകരെ കാത്തിരിക്കുന്നത്. ആദിവാസി ഗോത്രജീവിതത്തിന്റെ സവിശേഷതകൾ തൊട്ടറിയാൻ കഴിയുംവിധത്തിൽ അത്യന്തം സൂഷ്മതയോടെ സജ്ജീകരിച്ച മുതുവാൻ വിഭാഗത്തിന്റെ വീടും ദൈനംദിനാവശ്യങ്ങൾക്കുപയോഗിക്കുന്ന കുട്ട, മുറം, ചെല്ലം, പരമ്പ്, മുളകര കല്ല്, തിരികല്ല്, മീൻകൂട തുടങ്ങി വിവിധയിനം വീട്ടുപകരണങ്ങളും ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിലെ പ്രധാന ആകർഷണമാണ്. ഗോത്രജീവിതത്തെക്കുറിച്ച് കൂടുതലറിയാൻ സഹായിക്കുന്ന പാനലുകളും തയാറാണ്.

ത്രിമാന ഭൂപടം

ഇടമലക്കുടി, മീശപ്പുലിമല, ഇരവികുളം ദേശീയോദ്യാനം, വട്ടവട, മറയൂർ, മാങ്കുളം, ചിന്നാർ, കുറിഞ്ഞിമല, പാമ്പാടുംചോല, മതികെട്ടാൻചോല തുടങ്ങി മൂന്നാറിലെ 15 ജൈവ വൈവിധ്യ ഹോട്ട്സ്പോട്ടുകളുടെ സ്ഥാനം കൃത്യമായി രേഖപ്പെടുത്തിയ ത്രിമാന ഭൂപടം ഇവിടെയുണ്ട്. ഈ ഭൂപടത്തിനു ചുറ്റിലും ക്രമീകരിച്ചിട്ടുള്ള പാനലുകളിൽ നിന്നും ഈ പ്രദേശങ്ങളെ സംബന്ധിച്ച അധികവിവരങ്ങൾ മനസിലാക്കാം.

വിജ്ഞാനം പകരുന്ന ഡിസ്പ്ലേകൾ

മൂന്നാറിന്റെ സമൃദ്ധവും സമ്പന്നവുമായ ജൈവവൈവിധ്യത്തിലേക്ക് വാതിൽ തുറക്കുന്ന 25 ഡിസ്പ്ലേ പാനലുകൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ആവാസവ്യവസ്ഥ വൈവിധ്യം, കാർഷിക ജൈവവൈവിധ്യം, സാംസ്‌കാരിക സമ്പന്നത, നിർബന്ധമായും കണ്ടിരിക്കേണ്ട പ്രദേശങ്ങൾ തുടങ്ങിയവ വിശദമായി പ്രതിപാദിക്കുന്നവയാണിവ.

ടച്ച് സ്‌ക്രീൻ കിയോസ്‌കുകൾ

സന്ദർശകർക്ക് സ്വയം പ്രവർത്തിപ്പിക്കാൻ കഴിയുന്ന 2 ഇന്ററാക്ടീവ് ടച്ച് സ്‌ക്രീൻ കിയോസ്‌കുകൾ കേന്ദ്രത്തിലൊരുക്കിയിട്ടുണ്ട്. ഈ സ്‌ക്രീൻ കിയോസ്‌കുകളിലുള്ള 50 വീഡിയോകൾ, പ്രശ്നോത്തരികൾ, ഗെയിമുകൾ തുടങ്ങിയവയിലൂടെ മൂന്നാർ ഭൂപ്രദേശത്തിന്റെ വൈവിധ്യത്തെക്കുറിച്ചും സംസ്‌കൃതിയെക്കുറിച്ചും ഉത്തരവാദിത്തപൂർണമായ വിനോദസഞ്ചാരത്തിന്റെ ആവശ്യകതയെകുറിച്ചും സന്ദർശകർക്ക് ഉൾക്കാഴ്ച നൽകുന്നു.

വിസ്മയമൊരുക്കി ഛായ ചിത്രങ്ങൾ

മൂന്നാർ ഭൂപ്രകൃതിയിൽ കാണപ്പെടുന്ന വിവിധ സസ്യങ്ങൾ, മൃഗങ്ങൾ, പക്ഷികൾ, മത്സ്യങ്ങൾ, തുടങ്ങിയവയുടെ ജീവൻ തുടിക്കുന്ന ഛായ ചിത്രങ്ങളാണ് ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ പുറംചുവരുകളെ അലങ്കരിച്ചിരിക്കുന്നത്. സസ്തനികൾ, മനോഹാരികളായ പക്ഷികൾ, അപൂർവ ഉരഗങ്ങൾ, ഉഭയജീവികൾ, വിവിധയിനം ചിത്രശലഭങ്ങൾ, അപൂർവ തുമ്പികൾ, ഓർക്കിഡുകൾ, ബാൽസമുകൾ തുടങ്ങി അനേകം സസ്യജന്തുജാലങ്ങളുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ മൂന്നാറിന്റെ നേരനുഭവം പകർന്നു നൽകും.