ശുചിത്വ കേരളത്തിനായി തൊഴിലുറപ്പ് പദ്ധതിയെ പ്രയോജനപ്പെടുത്തണം
മാലിന്യസംസ്കരണത്തിനും ശുചിത്വത്തിനും പ്രഥമ പരിഗണന കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പാക്കണം.
ഗാർഹിക കംപോസ്റ്റ്, സോക് പിറ്റ് തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതി വഴി നിർമിക്കുന്നത് പരിഗണിക്കണം. മാലിന്യസംസ്കരണ പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിക്ക് വലിയ പങ്ക് നിർവഹിക്കാനാവും. ഗാർഹിക മാലിന്യ സംസ്കരണത്തിലും കമ്യൂണിറ്റി തല സംസ്കരണത്തിലും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കണം. സമഗ്ര നീർത്തട പദ്ധതിയും കാർഷിക കുളങ്ങൾ നിർമ്മിക്കുന്നതും തൊഴിലുറപ്പ് പദ്ധതി മുഖേന നടപ്പാക്കും. മണ്ണ്, ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി കാർഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തും.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളം രാജ്യത്തിന് മാതൃകയാണ്. കേരളത്തിന് ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രാവിഷ്കൃത പദ്ധതിയാണിത്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഘടകങ്ങൾ എടുത്ത് പരിശോധിച്ചാൽ പ്രധാന സൂചകങ്ങളിലെല്ലാം ഒന്ന്, രണ്ട് സ്ഥാനങ്ങൾ കേരളത്തിനാണ്. ഇവയിലെല്ലാം തന്നെ ദേശീയ ശരാശരിയെക്കാൾ മുകളിലാണ് കേരളത്തിന്റെ സ്ഥാനം. തൊഴിൽ ദിനങ്ങൾ പ്രദാനം ചെയ്യുന്നതിലും സ്ത്രീ പങ്കാളിത്തത്തിലും നൂറുദിവസം പൂർത്തിയാക്കിയ കുടുംബങ്ങളുടെ എണ്ണത്തിലും പ്രവൃത്തികളുടെ ജിയോടാഗിങ്ങിലും കേരളം മികച്ച നിലവാരമാണ് പുലർത്തുന്നത്.
ഇന്ത്യയിൽ ആദ്യമായി തൊഴിലുറപ്പ് ക്ഷേമനിധി ബോർഡ് നടപ്പാക്കിയും ആദിവാസി മേഖലയിൽ 200 തൊഴിൽദിനം ഉറപ്പാക്കുന്ന ട്രൈബൽ പ്ലസ് പദ്ധതി നടപ്പാക്കിയും ദേശീയ മാതൃക സൃഷ്ടിക്കാൻ നമുക്കായി.