Liberation Mission activities will be intensified: Minister MV Govindan Master

വിമുക്തി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും 

ലഹരിമുക്ത നവകേരളം സാക്ഷാല്‍ക്കരിക്കാനുള്ള വിമുക്തി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ലഹരിക്ക് അടിമപ്പെട്ടവരെ ലഹരി മോചന ചികിത്സ നല്‍കി സാധാരണ ജീവിതത്തിലേക്ക് നയിക്കുവാന്‍ വിദഗ്ധ ചികിത്സ സഹായങ്ങള്‍ ജില്ലയില്‍ ഒന്ന് എന്ന തോതില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ വിമുക്തി ഡി അഡിക്ഷന്‍ സെന്റര്‍ മുഖേന 16989 പേര്‍ക്ക് ചികിത്സ നല്‍കി.

തിരുവനന്തപുരം എറണാകുളം കോഴിക്കോട് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലിംഗ് സെന്റര്‍ മുഖാന്തരം ലഹരി വിമുക്തിക്കായുള്ള സൗജന്യ കൗണ്‍സിലിങ് സേവനങ്ങള്‍ മികച്ച രീതിയില്‍ നടന്നുവരുന്നുണ്ട്. 2946 പേര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കൗണ്‍സിലിംഗ് നല്‍കാന്‍ സാധിച്ചു. ലഹരിക്ക് അടിമപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക ചികിത്സയ്ക്ക് നെയ്യാറ്റിന്‍കര ഡീഅഡിക്ഷന്‍ സെന്ററിനെ പര്യാപ്തമാക്കി. ലഹരി വിമുക്തിക്കുവേണ്ടി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ള മേഖലാ ഡീ-അഡിക്ഷന്‍ കേന്ദ്രങ്ങള്‍ എറണാകുളത്തും കോഴിക്കോടും ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും .