വയനാട് ദുരന്തം: സമഗ്ര പുനരധിവാസത്തിന് മാതൃകാ പ്രവർത്തനങ്ങളുമായി കുടുംബശ്രീ
വയനാട്ടിൽ മുണ്ടക്കൈ ചൂരൽമല സമഗ്ര പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 കോടി ധനസഹായം നൽകിയതിൽ മാത്രമൊതുങ്ങുന്നില്ല കുടുംബശ്രീയുടെ കരുതൽ. അതിജീവിതർക്ക് തണലൊരുക്കാനുളള അനേകം മാതൃകാ പ്രവർത്തനങ്ങളാണ് സ്ത്രീശാക്തീകരണത്തിൻറെ മാതൃകാ സ്ഥാപനം ദുരന്തഭൂമിയിൽ നടപ്പാക്കുന്നത്. പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിൻറെ നിർദേശ പ്രകാരം മൂന്നു വാർഡുകളിലെ മുഴുവൻ കുടുംബങ്ങളുടെയും കുടുംബ സർവേ പൂർത്തിയാക്കിയത് കുടുംബശ്രീയാണ്. ഇതിൻറെ അടിസ്ഥാനത്തിൽ കുടുംബങ്ങൾക്കാവശ്യമായ മൈക്രോ പ്ളാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.
ദുരന്തത്തിൽ മരിച്ച ഒമ്പത് അയൽക്കൂട്ട അംഗങ്ങളുടെ അവകാശികളായ കുടുംബാംഗങ്ങൾക്ക് കുടുംബശ്രീ ജീവൻ ദീപം ഇൻഷുറൻസ് പ്രകാരം ആകെ 7,22,500 (ഏഴ് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപ മാത്രം) രൂപ ലഭ്യമാക്കി. വീടും ജീവനോപധികളും നഷ്ടമായവർക്ക് ഇത് ഏറെ സഹായകമാകും. മരണമടഞ്ഞവരുടെ ബാങ്ക് വായ്പ എഴുതി തള്ളുന്നതിനായി സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിയിൽ ശുപാർശ ചെയ്തതടക്കമുളള കാര്യങ്ങളും നിർവഹിച്ചു കഴിഞ്ഞു.
ദുരന്തബാധിത മേഖലയിലെ തൊഴിൽ അന്വേഷകർക്കായി ജില്ലാ ഭരണകൂടത്തിൻറെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ തൊഴിൽ മേള സംഘടിപ്പിച്ച് നിലവിൽ 59 പേർക്ക് തൊഴിൽ ലഭ്യമാക്കിയിട്ടുണ്ട്. 127 പേരുടെ അന്തിമ പട്ടികയും തയ്യാറാക്കി. ഇവർക്കും എത്രയും വേഗം അർഹമായ തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. കൂടാതെ കമ്യൂണിറ്റി മെൻററിങ്ങ് സംവിധാനവും ആരംഭിച്ചു. ഇതിൻറെ ഭാഗമായി 50 കുടുംബങ്ങൾക്ക് ഒരു മെൻറർ എന്ന നിലയിൽ 20 കമ്യൂണിറ്റി മെൻറർമാരുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്.
ദുരന്തം സംഭവിച്ചതിൻറെ തൊട്ടടുത്ത ദിവസം തന്നെ സർക്കാരിൻറെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ആരംഭിച്ച ഹെൽപ് ഡെസ്കിന് നേതൃത്വം നൽകിയത് കുടുംബശ്രീ അംഗങ്ങളാണ്. കൂടാതെ ക്യാമ്പുകളിൽ കഴിയുന്നവർക്കുള്ള ഭക്ഷണ വിതരണം, ഹരിതകർമസേന കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പുകളുടെ ശുചീകരണം, കമ്യൂണിറ്റി കൗൺസിലർമാരുടെ നേതൃത്വത്തിൽ കൗൺസലിങ്ങ് എന്നീ പ്രവർത്തനങ്ങളും ഏറ്റെടുത്തു നടപ്പാക്കി.