ലൈഫ് മിഷനുമായി കൈകോർത്ത് ലയൺസ് ഇന്റർനാഷണലും100 വീടുകൾ നിർമ്മിച്ചു നൽകും
ലൈഫ് മിഷനുമായി കൈകോർത്ത് ലയൺസ് ഇന്റർനാഷണൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഭൂരഹിത ഭവന രഹിതർക്ക് വീടുകൾ വെച്ചു നൽകും. വിവിധ വ്യക്തികൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സംഭാവന നൽകിയതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വാങ്ങിയതുമായ ഭൂമിയിലാണ് ലയൺസ് ഇന്റർനാഷണലിന്റെ ഡിസ്ട്രിക്ട് 318 – എ വീട് നിർമ്മിച്ച് ഗുണഭോക്താക്കൾക്ക് കൈമാറുന്നത്.
രണ്ട് ജില്ലകളിലെ 4 കേന്ദ്രങ്ങളിലാണ് 500 ച.അടി വീതം വിസ്തീർണ്ണമുള്ള 100 വീടുകൾ നിർമ്മിച്ച് നല്കുന്നത്. ഒരു വർഷത്തിനകം വീട് നിർമ്മാണം ലയൺസ് ഇന്റർനാഷണൽ പൂർത്തീകരിച്ച് അർഹരായ ലൈഫ് ഗുണഭോക്താക്കൾക്ക് കൈമാറും. തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ 96 സെന്റ്, കിളിമാനൂർ ഗ്രാമ പഞ്ചായത്തിന്റെ ഒരു ഏക്കർ ഭൂമി, കൊല്ലം ജില്ലയിലെ കടയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ “മനസ്സോടിത്തിരി മണ്ണ്” ക്യാമ്പയിന്റെ ഭാഗമായി സുബ്രഹ്മണ്യം അബ്ദുള്ള വാങ്ങി നല്കിയ ഒരു ഏക്കർ ഭൂമി, പരവൂർ മുൻസിപ്പാലിറ്റിയിലെ 73 സെന്റ് സ്ഥലം എന്നിവിടങ്ങളിലായാണ് ലൈഫ് മിഷന്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ ലയൺസ് ഇന്റർനാഷണൽ 318എ വീടുകൾ നിർമ്മിച്ച് നല്കുന്നത്.
എല്ലാവർക്കും അടച്ചുറപ്പുള്ള വീട് ഒരുക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതിനകം തന്നെ 3,71,934 വീടുകൾ ലൈഫ് മിഷനിലൂടെ പൂർത്തിയാക്കാനായി.