ലൈഫ് ഗുണഭോക്തൃ പട്ടിക ജനങ്ങളുടെ പരിഗണനയിലേക്ക്

ലൈഫ് ഭവന പദ്ധതിയിൽ വീടിന് അർഹരായവരുടെ പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചു. 5,64,091 പേരാണ് പട്ടികയിലുള്ളത്. ഇതിൽ 3,66,570 പേർ ഭൂമിയുള്ള ഭവനരഹിതരും 1,97,521 പേർ ഭൂമിയില്ലാത്ത ഭവനരഹിതരുമാണ്. പട്ടികയിൽ 1,14,557 പേർ പട്ടികജാതി വിഭാഗത്തിലുള്ളവരും 16,661 പേർ പട്ടികവർഗ വിഭാഗത്തിലും ഉൾപ്പെടുന്നവരാണ്. ജില്ലാ കളക്ടർ അധ്യക്ഷനായ രണ്ടാം ഘട്ട അപ്പീൽ സമിതികൾ 14,009 അപ്പീലുകളും 89 ആക്ഷേപങ്ങളുമാണ് തീർപ്പാക്കിയത്. അപ്പീൽ/ആക്ഷേപങ്ങൾ സമയബന്ധിതമായി പരിശോധിച്ച് തീർപ്പാക്കിയ മുഴുവൻ ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. എല്ലാവർക്കും അടച്ചുറപ്പുള്ള വീട് ഉറപ്പാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് കുതിക്കുകയാണ്. കൃത്യമായ പരിശോധനകളിലൂടെ അർഹരായ ഒരാൾ പോലും വിട്ടുപോയിട്ടില്ലെന്നും അനർഹർ കടന്നുകൂടിയിട്ടില്ലെന്നും ഉറപ്പാക്കണം. ഗ്രാമ/വാർഡ് സഭകൾ ഈ കാര്യം കൃത്യമായി പരിശോധിച്ച് ഗുണഭോക്തൃ പട്ടിക പുതുക്കാൻ ആവശ്യമായ നടപടികൾ സമയബന്ധിതമായും കൃത്യമായും നിർവഹിക്കുന്നതാണ്.