95.24 crore contract for biomining of legacy dumpsites

ലെഗസി ഡമ്പ്‌സൈറ്റുകളുടെ ബയോമൈനിംഗിനായി 95.24 കോടി രൂപയുടെ കരാർ

മാലിന്യമുക്ത നവകേരളത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പ്

ബയോമൈനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാനത്തെ 20 നഗരസഭകളിലെ ലെഗസി ഡമ്പ്‌സൈറ്റുകൾ നീക്കം ചെയ്യുന്നതിനായി നാഗ്പൂരിലെ കമ്പനിയുമായി 95.24 കോടി രൂപയുടെ കരാറിൽ സർക്കാർ ഒപ്പുവച്ചു. ലോക ബാങ്ക് സഹായത്തോടെ പ്രവർത്തിക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യുഎംപി) യുടെ ഭാഗമാണിത്.

മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്പാണിത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ മാലിന്യക്കൂനകൾ ഇല്ലാതാകുമെന്നു മാത്രമല്ല കേരളത്തിലെ നഗരങ്ങളിലെ 60 ഏക്കറിൽപരം ഭൂമി വീണ്ടെടുത്ത് ശുചിത്വ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനുമാകും. ബയോമൈനിംഗ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ മാലിന്യം ശാസ്ത്രീയവും സുസ്ഥിരവുമായ രീതിയിൽ നീക്കം ചെയ്യാനാകുന്നുവെന്നതാണ് പ്രത്യേകത. മാലിന്യ നിർമ്മാർജ്ജന പ്രവർത്തനത്തിലെ നാഴികക്കല്ലാണിത്.

കൊട്ടാരക്കര, കായംകുളം, കൂത്താട്ടുകുളം, കോതമംഗലം, മൂവാറ്റുപുഴ, വടക്കൻ പറവൂർ, കളമശ്ശേരി, വടകര, കൽപ്പറ്റ, ഇരിട്ടി, കൂത്തുപറമ്പ്, കാസർഗോഡ്, മാവേലിക്കര, കോട്ടയം, ചാലക്കുടി, കുന്നംകുളം, വടക്കാഞ്ചേരി, പാലക്കാട്, മലപ്പുറം, മഞ്ചേരി നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുക. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും. 95.24 കോടി രൂപയാണ് പദ്ധതിച്ചെലവ്. പദ്ധതി പൂർത്തിയാകുന്നതോടെ 60 ഏക്കറിൽപരം ഭൂമി വീണ്ടെടുക്കാൻ സാധിക്കുകയും ആ പ്രദേശത്തെ നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ മാനദണ്ഡപ്രകാരമുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും സാധിക്കും. 20 ലെഗസി ഡമ്പ്‌സൈറ്റുകളിലായി 5.60 ലക്ഷം ക്യുബിക് മീറ്റർ മാലിന്യമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് നിരവധി പാരിസ്ഥിതിക, ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്.

കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗനിർദ്ദേശപ്രകാരം ബയോമൈനിംഗ് സമയത്ത് പുറത്തുവരുന്ന വസ്തുക്കൾ സുരക്ഷിതമായി നീക്കം ചെയ്യും. ഇവയെ മണ്ണ്, കമ്പോസ്റ്റ്, മെറ്റൽ, പ്ലാസ്റ്റിക്ക്, തുണി, തുകൽ, കെട്ടിടനിർമാണ അവശിഷ്ടങ്ങൾ, ഗ്ലാസ് എന്നിവ പുനഃചംക്രമണത്തിനും മറ്റ് നിഷ്ക്രിയവസ്തുക്കൾ ലാൻഡ് ഫില്ലിംഗിനും റോഡ് നിർമാണത്തിനും ഉപയോഗിക്കും. പ്ലാസ്റ്റിക്കും മറ്റ് കത്തുന്ന വസ്തുക്കളും സിമന്റ് ഫാക്ടറികളിൽ ഇന്ധനമായി ഉപയോഗിക്കാനും സാധിക്കും.

ഖരമാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് നഗരസഭകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണുന്നതിനാണ് ലോക ബാങ്കിന്റേയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റേയും ധനസഹായത്തോടെ സംസ്ഥാന സർക്കാർ കേരള ഖരമാലിന്യ പരിപാലനപദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്. 2400 കോടി രൂപയുടെ ഈ പദ്ധതിയിലൂടെ അത്യാധുനികവും ശാസ്ത്രീയവുമായ ലോകോത്തര മാലിന്യ പരിപാലന സംവിധാനങ്ങളാണ് സംസ്ഥാനത്തെ മുഴുവൻ നഗരസഭകൾക്കും സാധ്യമാകുക.