The second Pinarayi Vijayan government has added another proud addition to its list of development activities.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു അഭിമാനനേട്ടം കൂടി.

തീരദേശത്ത് വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിയ്ക്കുള്ളിൽ കഴിയുന്ന മുഴുവന്‍ ജനവിഭാഗങ്ങളെയും സുരക്ഷിതമേഖലയില്‍ പുനരധിവസിപ്പിക്കുന്നതിനായി തയ്യാറാക്കിയ പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 250 വീടുകൾ ഇന്ന് തിരുവനന്തപുരം കായിക്കര കുമാരനാശാന്‍ സ്മാരക അങ്കണത്തില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ ഗുണഭോക്താക്കൾക്കു കൈമാറും.

സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന നൂറു ദിന പരിപാടിയുടെ ഭാഗമായി 689 വ്യക്തിഗത ഭവനങ്ങള്‍ കൈമാറുന്നതിന്റെ ആദ്യഘട്ടമാണിത്. ആദ്യ നൂറു ദിന പരിപാടിയുടെ ഭാഗമായി 308 വ്യക്തിഗത ഭവനങ്ങള്‍ പൂര്‍ത്തിയാക്കി കൈമാറിയിരുന്നു.

2020 ല്‍ ആരംഭിച്ച പുനര്‍ഗേഹം പദ്ധതി പ്രകാരം നാളിതുവരെ 1109 ഗുണഭോക്താക്കള്‍ക്ക് സ്വന്തമായി ഭൂമി കണ്ടെത്തി ഭവനം നിര്‍മിച്ചു നൽകാൻ സാധിച്ചു. 1126 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. 2235 പേര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തു. കൊല്ലം ജില്ലയിലെ QSS കോളനിയിലെ 114 ഫ്ലാറ്റുകളുടെ നിര്‍മാണം ഈ മാസത്തില്‍ തന്നെ പൂര്‍ത്തിയാകും.

ഇതിനു പുറമേ തിരുവനന്തപുരം ജില്ലയിലെ കാരോട്, വലിയതുറ, ആലപ്പുഴ ജില്ലയിലെ മണ്ണുംപുറം, മലപ്പുറം ജില്ലയിലെ നിറമരുതൂര്‍, പൊന്നാനി, കോഴിക്കോട് ജില്ലയിലെ വെസ്റ്റ് ഹില്‍, കാസര്‍കോട് ജില്ലയിലെ കോയിപ്പടി എന്നിവിടങ്ങളില്‍ 784 ഫ്ലാറ്റുകള്‍ക്ക് ഭരണാനുമതി നല്‍കിയത് നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. സുരക്ഷിത മേഖലയിലേക്ക് മാറുവാന്‍ സന്നദ്ധത അറിയിച്ച മുഴുവന്‍ പേരെയും മാറ്റിപ്പാര്‍പ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്ക് നമുക്കൊന്നിച്ച്‌ മുന്നേറാം.