Auxiliary groups with the participation of three lakh people

മൂന്നുലക്ഷം പേരുടെ പങ്കാളിത്തത്തോടെ ഓക്സിലറി ഗ്രൂപ്പുകള്‍
—-

1998ല്‍ കേരളത്തില്‍ ആരംഭിച്ച ദാരിദ്ര നിര്‍മ്മാര്‍ജ്ജന മിഷനാണ് കുടുംബശ്രീ. 24 വര്‍ഷംകൊണ്ട് സംസ്ഥാനത്തിന്റെ പ്രാദേശിക-സാമ്പത്തിക വികസനത്തിനും, സ്ത്രീശാക്തീകരണത്തിനും കുടുംബശ്രീ വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്ത്യക്കും ലോകത്തിനും മാതൃകയായ വിവിധ ഉപജീവന പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കുടുംബശ്രീ, ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷമുള്ള പുതിയ തുടക്കമാണ് ഓക്സിലറി ഗ്രൂപ്പുകള്‍.

ഒരു കുടുംബത്തിലെ ഒരംഗം മാത്രം കുടുംബശ്രീയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് പ്രത്യേകിച്ച് യുവതികള്‍ക്ക് അംഗമാകാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. യുവജനതയ്ക്ക് സംസാരിക്കാനും പ്രവര്‍ത്തിക്കാനും ഒരു വേദി വേണമെന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സ്ത്രീ ശാക്തീകരണത്തിനായി ആദ്യം മുന്നോട്ട് വെച്ച ആശയങ്ങളിലൊന്നാണ് ഓക്‌സിലറി ഗ്രൂപ്പുകള്‍. ആറ് മാസത്തിനുളളില്‍ 3,06,692 പേരുടെ പങ്കാളിത്തത്തോടെ നൂറ് ശതമാനം വാര്‍ഡുകളിലും ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിച്ചു.

ഓരോ വാര്‍ഡിലും 50 പേരടങ്ങിയ ഗ്രൂപ്പ് രൂപീകരിക്കാനാണ് കുടുംബശ്രീ മിഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. വാര്‍ഡിലെ അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് ഒരു വാര്‍ഡില്‍ ഒന്നില്‍ കൂടുതല്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കാനും അനുമതി ഉണ്ടായിരുന്നു. ഇതുപ്രകാരം കേരളത്തിലെ 19,438 വാര്‍ഡുകളിലായി 3,06,692 അംഗങ്ങള്‍ ഉളള 19,551 ഗ്രൂപ്പുകള്‍ രൂപീകരിച്ചു. ഓക്സിലറി ഗ്രൂപ്പുകള്‍ മുഖേന അഭ്യസ്തവിദ്യരായ സ്ത്രീകള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും യുവതിശാക്തികരണത്തിനും പുത്തന്‍ വഴിതെളിക്കുകയാണ് കുടുംബശ്രീ.

സ്ത്രീധനത്തിനും ഗാര്‍ഹികപീഡനത്തിനും പരിഹാരം കണ്ടെത്തല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും മറ്റും നടപ്പാക്കുന്ന ഉപജീവന പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കല്‍, എങ്ങനെ വരുമാനം നേടാനാകുമെന്ന അറിവും അത് പ്രയോജനപ്പെടുത്താനുള്ള അവസരവും ഒരുക്കല്‍, സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുളളവര്‍ക്ക് അവസരങ്ങള്‍ നല്‍കല്‍ എന്നിവ ഓക്‌സിലറി ഗ്രൂപ്പുകളുടെ ലക്ഷ്യമാണ്. അംഗങ്ങള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം നല്‍കി, തൊഴില്‍ ലഭ്യതയിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള പദ്ധതികളുമായാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്.