Waste management systems will be strictly implemented in all households and institutions

കർമ്മ പദ്ധതി പ്രകാരം ഇതുവരെ ചെയ്ത കാര്യങ്ങൾ എറണാകുളം ജില്ലയിലെ എല്ലാ നഗരസഭകളും യോഗത്തിൽ വിശദീകരിച്ചു. ജില്ലയിലെ എല്ലാ നഗരസഭകളിലും കർമ്മപദ്ധതി പ്രകാരമുള്ള പ്രത്യേക കൗൺസിൽ യോഗം ചേർന്നിട്ടുണ്ട്. കൊച്ചി കോർപ്പറേഷൻ പരിധിയിലെ ഭവനസന്ദർശന ബോധവത്കരണ പരിപാടിക്ക് മുന്നോടിയായി സന്ദർശന സംഘത്തിലുള്ളവർക്ക് മാർച്ച് 23, 24 തീയതികളിലായി പരിശീലനം നൽകും. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ എൻ.എസ്.എസ് വളണ്ടിയർമാർ, ആശാ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവരുടെ സംഘമാണ് ബോധവൽകരണ പ്രവർത്തനം നടത്തുന്നത്. മാർച്ച് 25, 26 തീയതികളിൽ കൊച്ചി കോർപറേഷനിലും ഇതര നഗരസഭകളിലും എല്ലാ വീടുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സന്ദർശനം നടത്തും. ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കാൻ ആവശ്യമായ സാങ്കേതിക പിന്തുണയും ഉപദേശവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ലഭ്യമാക്കും. ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചട്ടപ്രകാരം എല്ലാവർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നോട്ടീസും നൽകും.

ഇതിനു ശേഷവും മാലിന്യ സംസ്‌കരണ നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും. ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യങ്ങൾ വീടുകളിലുണ്ടോ, ഉണ്ടെങ്കിൽ അവ കൃത്യമായാണോ പ്രവർത്തിക്കുന്നത് എന്ന് പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകും. ഹരിതകർമ്മ സേനാംഗങ്ങൾ അപര്യാപ്തമായ തദ്ദേശ സ്ഥാപനങ്ങൾ ഉടൻ കുറവ് നികത്താനുള്ള നടപടികൾ ആരംഭിച്ചു. മെറ്റീരിയൽ കളക്ഷൻ സെന്ററുകളുടെ (എം.സി.എഫ്) എണ്ണം കുറവുള്ള തദ്ദേശ സ്ഥാപനങ്ങൾ അടിയന്തരമായി അവ സ്ഥാപിക്കാനുള്ള നടപടിയെടുക്കണം. മാലിന്യം ശേഖരിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ആവശ്യമായ പരിശീലനം നൽകും.

ഫ്ലാറ്റുകൾ, അപ്പാർട്മെന്റ് കോംപ്ലക്സുകൾ, ഹോട്ടൽ, റെസ്റ്റാറന്റ് എന്നിവക്ക് ചട്ടപ്രകാരമുള്ള മാലിന്യസംസ്കരണ സംവിധാനം ഏർപ്പെടുത്താനുള്ള നോട്ടീസ് നൽകിത്തുടങ്ങി. ചട്ടം അനുശാസിക്കുന്ന നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ യഥാസമയം തീരുമാനമെടുക്കാതിരുന്നാൽ കാലതാമസം ഒഴിവാക്കാനായി ദുരന്തനിവാരണ നിയമം അനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ എംപവേഡ് കമ്മിറ്റിയോട് നിർദേശിച്ചു. ബ്രഹ്മപുരത്തെ വിൻഡ്രോം കമ്പോസ്റ്റ് പ്ലാന്റ് പുനർനിർമിക്കാനുള്ള നടപടികൾ ആരംഭിച്ചതായി കോർപറേഷൻ അറിയിച്ചു. എത്രയും പെട്ടെന്ന് അത് പൂർത്തിയാക്കാനും തീരുമാനിച്ചു.

ഏപ്രിൽ പത്തിനകം മുഴുവൻ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കർമ്മപദ്ധതി ആവിഷ്‌കരിച്ച് മുന്നോട്ട് പോകുന്നത്. പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ മാലിന്യമുക്തമായി പ്രഖ്യാപിക്കും.