Stronger enforcement on garbage problem, district squads to detect violations

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പ്രത്യേക ജില്ലാ തല എൻഫോഴ്സ്മെൻറ് സ്ക്വാഡ് സംവിധാനം ഏർപ്പെടുത്തും. മിന്നൽ പരിശോധന നടത്തി സ്പോട്ട് ഫൈൻ ഈടാക്കാനും ലൈസൻസ് റദ്ദ് ചെയ്യാനുമുൾപ്പെടെ അധികാരമുള്ള സംവിധാനമാണ് ഏർപ്പെടുത്തുന്നത്. സംസ്ഥാനത്താകെ 23 സ്ക്വാഡാണ് ആദ്യഘട്ടത്തിൽ നിയോഗിക്കപ്പെടുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിൽ ഒരു സ്ക്വാഡും മറ്റ് ജില്ലകളിൽ രണ്ട് സ്ക്വാഡ് വീതവുമാണ് പ്രവർത്തിക്കുക. ഓരോ സ്ക്വാഡും നയിക്കുന്നത് തദ്ദേശ സ്വയം ഭരണ വകുപ്പ് പെർഫോമൻസ് ഓഡിറ്റിലെ ഉദ്യോഗസ്ഥനായിരിക്കും. ശുചിത്വമിഷനിൽ നിന്നുള്ള എൻഫോഴ്സ്മെൻറ് ഓഫീസറും പൊലീസ് ഉദ്യോഗസ്ഥനുമുൾപ്പെടെ മൂന്ന് പേരായിരിക്കും ഓരോ സ്ക്വാഡിലും അംഗങ്ങൾ. ഹൈക്കോടതി നിർദേശങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് എൻഫോഴ്സ്മെൻറ് ശക്തമാക്കാനുള്ള തീരുമാനം. മാലിന്യമുക്ത കേരളത്തിനായുള്ള പോരാട്ടത്തിലെ നിർണായക ചുവടുവെപ്പാണ് നടപടി. മാലിന്യം വലിച്ചെറിയാതെ ഹരിത കർമ്മസേന ഉൾപ്പെടെയുള്ള സംവിധാനങ്ങളെ ഏൽപ്പിക്കണം. എൻഫോഴ്സ്മെൻറ് പ്രവർത്തനങ്ങൾക്കൊപ്പം ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളും സജീവമായി തുടരും.

എൻഫോഴ്സ്മെൻറ് സ്ക്വാഡുകൾ നിരന്തരം മിന്നൽ പരിശോധനകൾ നടത്തും. മാലിന്യം വലിച്ചെറിയുന്നവർക്കും കത്തിക്കുന്നവർക്കുമെതിരെ സ്പോട്ട് ഫൈൻ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. മാലിന്യം പൊതുനിരത്തിലോ ജലസ്രോതസുകളിലോ നിക്ഷേപിച്ചാലും കർശന നടപടി സ്വീകരിക്കും. ശുചിമുറി മാലിന്യം, മാലിന്യം വഹിക്കുന്ന പൈപ്പുകൾ തുടങ്ങിയവ ജലസ്രോതസുകളിലേക്ക് തുറന്നുവെച്ചവർക്കെതിരെയും സ്ക്വാഡ് പരിശോധന നടത്തി നിയമനടപടികൾ സ്വീകരിക്കും. അറവ് മാലിന്യങ്ങൾ പൊതുവിടത്ത് നിക്ഷേപിക്കുന്നതിനെതിരെയും നിരീക്ഷണം ശക്തമാക്കും. ചിക്കൻ/ അറവ് വിൽപ്പന കേന്ദ്രങ്ങളിൽ സ്ക്വാഡ് പരിശോധന നടത്തും. വാണിജ്യ/വ്യാപാര/വ്യവസായ ശാലകൾ, ഹോട്ടലുകൾ, സ്ഥാപനങ്ങൾ, മാളുകൾ എന്നിവിടങ്ങളിൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ഇല്ലെങ്കിൽ നടപടി സ്വീകരിക്കുകയും ചെയ്യും.

നിരോധിത പിവിസി, ഫ്ലക്സ്, പോളിസ്റ്റർ, നൈലോൺ ക്ലോത്ത്, പ്ലാസ്റ്റിത് കലർന്ന തുണി/പേപ്പർ തുടങ്ങിയവയിൽ പരസ്യ/ പ്രചാരണ ബോർഡുകളും ഹോർഡിംഗുകളും ബോനറുകളും ഷോപ്പ് ബോർഡുകളും സ്ഥാപിക്കുന്നില്ലെന്ന് സ്ക്വാഡ് ഉറപ്പുവരുത്തും. പുനചംക്രമണം സാധ്യമായ 100% കോട്ടൻ/പേപ്പർ/പോളി എത്തിലീൻ എന്നിവയിൽ ‘പിവിസി ഫ്രീ റീസൈക്ലബിൾ’ ലോഗോയും പ്രിൻറിംഗ് യൂണിറ്റിൻറെ പേരും നമ്പറും പതിച്ചുകൊണ്ട് മാത്രമേ ബോർഡുകൾ പതിപ്പിക്കാൻ അനുവദിക്കൂ. ഇതല്ലാത്ത മുഴുവൻ പരസ്യ-പ്രചാരണ ബോർഡുകളും എടുത്തുമാറ്റാൻ നടപടി സ്വീകരിക്കും. പരസ്യം നൽകിയ സ്ഥാപനത്തിനെതിരെയും പ്രിൻറ് ചെയ്ത സ്ഥാപനത്തിനെതിരെയും ഫൈൻ ഈടാക്കുകയും, ബോർഡ്/ഹോർഡിംഗിൻറെ പെർമിറ്റ് റദ്ദ് ചെയ്യുകയും ചെയ്യും. നിരോധിത ഫ്ലക്സ് ഉത്പന്നങ്ങളുടെ മൊത്ത-വിതരണ ശാലകൾ, പ്രിൻറിംഗ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിരന്തര പരിശോധനകൾ നടത്താനും നിർദേശിച്ചിട്ടുണ്ട്. നിരോധിത ഉത്പന്നങ്ങളായ പിവിസി ഫ്ലക്സ്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരിബാഗ് തുടങ്ങിയവയുടെ നിർമ്മാണം, വിതരണം, ഉപയോഗം തുടങ്ങിയവ കണ്ടെത്തി സ്ക്വാഡ് നടപടി സ്വീകരിക്കും.

അനധികൃതമായി മാലിന്യം ശേഖരിക്കുന്നവർക്കെതിരെയും പൊതുവിടങ്ങളിലും ജലസ്രോതസുകളിലും നിക്ഷേപിക്കുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കും. സർക്കാർ അനുവാദമില്ലാതെ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ പ്ലാൻറുകൾക്കെതിരെയും സ്ക്വാഡുകൾ നടപടിയെടുക്കും. പരാതികൾ ലഭിച്ചാൽ ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിക്കൊണ്ടോ, സ്ക്വാഡ് നേരിട്ട് പരിശോധിച്ചോ നടപടി സ്വീകരിക്കും. ഉചിതമായ നടപടി സ്വീകരിച്ച് തദ്ദേശ സ്ഥാപന സെക്രട്ടറി ശുചിത്വമിഷൻ നോഡൽ ഓഫീസറെ അറിയിക്കണം