natural gas from waste; Government-BPCL talks agree in principle to set up plant in Kochi

മാലിന്യം സംസ്കരിച്ച് പ്രകൃതിവാതകം (കംപ്രസ്ഡ് ബയോഗ്യാസ്) നിർമ്മിക്കുന്ന പ്ലാന്റ് കൊച്ചിയിൽ സ്ഥാപിക്കാൻ ബിപിസിഎല്ലുമായി തത്വത്തിൽ ധാരണയായി. സർക്കാർ കൈമാറുന്ന സ്ഥലത്ത് ബിപിസിഎല്ലിന്റെ ചെലവിലാകും പ്ലാന്റ് നിർമ്മിക്കുക. പ്ലാന്റ് പരിപാലിക്കേണ്ട ഉത്തരവാദിത്തവും ബിപിസിഎല്ലിനാകും. ഒരു വർഷം കൊണ്ട് പ്ലാന്റ് പ്രവർത്തന സജ്ജമാക്കാനാകുമെന്നാണ് ബിപിസിഎൽ അറിയിച്ചിരിക്കുന്നത്. ബ്രഹ്മപുരത്ത് തന്നെ പ്ലാന്റ് സ്ഥാപിക്കാനാണ് നിലവിലെ ധാരണ. കൊച്ചിയിലെയും സമീപ നഗരസഭകളുടെയും മാലിന്യം (മുൻസിപ്പൽ സോളിഡ് വേസ്റ്റ്), പ്ലാന്റിൽ സംസ്കരിക്കാനാകും. മാലിന്യ സംസ്കരണത്തിലൂടെ നിർമ്മിക്കുന്ന പ്രകൃതിവാതകം, ബിപിസിഎല്ലിന്റെ പ്രവർത്തനങ്ങൾക്കാകും ഉപയോഗിക്കുക. ഇതോടൊപ്പം ഉത്പാദിപ്പിക്കപ്പെടുന്ന ജൈവവളം വിപണനം ചെയ്യും. പ്രതിദിനം പ്ലാന്റ് പ്രവർത്തിക്കാൻ ലഭ്യമാക്കേണ്ടുന്ന തരംതിരിച്ച മാലിന്യം കോർപറേഷനും മുൻസിപ്പാലിറ്റികളും ഉറപ്പാക്കും.

കൊച്ചിയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാനുള്ള സർക്കാർ ശ്രമങ്ങളിലെ നിർണായക ചുവടുവെപ്പാകും ഇത്. ഒരു വർഷത്തിനുള്ളിൽ പ്ലാന്റ് പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയിൽ വിൻഡ്രോ കമ്പോസ്റ്റ് സ്ഥാപിക്കാൻ സിഎസ് ആർ ഫണ്ടിൽ നിന്ന് തുക നൽകാൻ ബിപിസിഎൽ മുൻപ് തന്നെ സന്നദ്ധത അറിയിച്ചിരുന്നു. കൊച്ചിയിലെ കാലാവസ്ഥയ്ക്ക് കുറച്ചുകൂടി അനുയോജ്യമാവുക പ്രകൃതി വാതക പ്ലാന്റാണെന്ന് കണ്ടെത്തിയാണ് ബിപിസിഎൽ പുതിയ നിർദേശം മുന്നോട്ടുവെച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ വരുംദിവസങ്ങളിൽ നടക്കും.