Extensive Campaign for Faecal Sludge Management - Malambhutam

ഫീക്കൽ സ്ലഡ്ജ് മാനേജ്മെൻറിന് വിപുലമായ ക്യാമ്പയിൻ – മലംഭൂതം

കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കേണ്ടതിൻറെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനായി തദ്ദേശസ്വയംഭരണ വകുപ്പിൻറെയും ശുചിത്വമിഷൻറെയും ആഭിമുഖ്യത്തിൽ നടത്തുന്ന വിപുലമായ ബഹുജന വിദ്യാഭ്യാസ പരിപാടിയാണ് മലംഭൂതം. യുനിസെഫ്-വാഷ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സാമ്പത്തിക സാങ്കേതിക സഹായത്തോടെയാണ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്.

തെളിനീരൊഴുകും നവകേരളത്തിൻറെ ഭാഗമായുള്ള പരിശോധനയിൽ കേരളത്തിലെ പൊതു ജലാശയങ്ങളിൽ 80% മനുഷ്യ വിസർജ്യത്താൽ മലിനമാണെന്നു കണ്ടെത്തിയിരുന്നു. കിണറുകളിലും ഇത്തരം മാലിന്യങ്ങളുടെ അളവ് വർധിച്ചിട്ടുണ്ട്. ജലാശയങ്ങളിൽ കോളിഫോം ബാക്ടീരിയ പടർന്നിരിക്കുന്ന സാഹചര്യത്തിൽ കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനം അടിയന്തിരമായി ഒരുക്കുവാനും ശാസ്ത്രീയ ദ്രവമാലിന്യ പരിപാലനത്തിന്റേയും, ജലസ്രോതസുകൾ മാലിന്യമുക്തമാക്കി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും വിവര-വിജ്ഞാന-വ്യാപന ക്യാമ്പയിനായ മലംഭൂതത്തിന് സാധിക്കും. കക്കൂസ് മാലിന്യം ശാസ്ത്രീയമായി പരിപാലിച്ചില്ലെങ്കിലുണ്ടാകുന്ന അപകട സാധ്യതയെക്കുറിച്ച് ജനങ്ങളെ ക്യാമ്പയിനിലൂടെ ബോധവത്കരിക്കും.

അടുത്ത 2 വർഷത്തിനുള്ളിൽ ഓരോ ജില്ലയിലും 2 വീതം സംസ്ഥാനത്ത് 28 പ്ലാൻറുകൾ അടിയന്തിരമായി പൂർത്തിയാക്കും. ഓരോ ജില്ലയ്ക്കും തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും ഒരു ഫീക്കൽ സ്ലഡ്ജ് മാനേജ്മെൻറ് പ്ലാൻ ഉണ്ടാക്കും. 2016-ൽ വെളിയിട വിസർജ്നമുക്ത പ്രദേശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളമെങ്കിലും കക്കൂസ് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കാരിക്കാനാവശ്യമായ സംവിധാനങ്ങളുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രണ്ടാംനിര പ്രശ്നങ്ങൾ നേരിടുന്ന പ്രദേശമാണ് കേരളം. കക്കൂസിനോട് അനുബന്ധമായി നിർമിക്കുന്ന സെപ്റ്റിക് ടാങ്കുകളിൽ നിർമാണത്തിലെ അശാസ്ത്രീയതമൂലം പലപ്പോഴും മനുഷ്യ വിസർജ്യത്തിന്റെ ശാസ്ത്രീയ സംസ്കരണം നടക്കുന്നില്ല. അതിനാൽ സെപ്റ്റിക് ടാങ്കുകളിൽ നിന്നും ചുരുങ്ങിയത് 3 വർഷത്തിൽ ഒരിക്കലെങ്കിലും വിസർജ്യാവശിഷ്ടം ശേഖരിച്ച് ശാസ്ത്രീയരീതിയിൽ സംസ്ക്കരിക്കേണ്ടതുണ്ട്. ഇത്തരത്തിൽ സംസ്ക്കരിക്കാതിരുന്നാൽ സെപ്റ്റിക് ടാങ്കുകളിൽ നിന്നും പുറന്തളപ്പെടുന്ന ജലത്തിനോടൊപ്പം മനുഷ്യവിസർജ്യം കൂടികലർന്ന് ഗുരുതര ജലമലിനീകരണത്തിന് കാരണമാകുകയും ചെയ്യുന്നു. സംസ്ഥാനം ഇന്ന് നേരിടുന്ന അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണിത്. വീടുകളിലെ സെപ്റ്റിക് ടാങ്കുകളിൽ നിന്ന് 3 വർഷത്തിൽ ഒരിക്കലെങ്കിലും മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

ജനങ്ങളെ ബോധവത്ക്കരിച്ച് കക്കൂസ് മാലിന്യമുൾപ്പെടെയുള്ള മലിനജലസംസ്കരണ പദ്ധതികൾ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കും. പദ്ധതി നടത്തിപ്പിനാവശ്യമായ സ്ഥലം കണ്ടെത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ ഫണ്ട് സംസ്ഥാന സർക്കാർ ലഭ്യമാക്കും.