new life

നൂറുദിനത്തിൽ‌ പൂർത്തിയായത്‌ ഇരുപതിനായിരം‌ വീടുകൾ,
നാൽപതിനായിരം ഗുണഭോക്താക്കളുമായി കരാർ വെച്ചു;

സർക്കാരിന്റെ രണ്ടാം വാർഷികത്തോട്‌ അനുബന്ധിച്ചുള്ള നൂറ്‌ ദിന കർമ്മ പരിപാടിയുടെ ഭാഗമായി 100 ദിവസം കൊണ്ട്‌ ലൈഫ്‌ മിഷൻ പൂർത്തിയാക്കിയത്‌ 20,073 വീടുകൾ. ലൈഫ്‌ 2020 പട്ടികയിൽ ഉൾപ്പെട്ട ഇരുപതിനായിരം ഗുണഭോക്താക്കളുമായി കരാർ വെക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ 41439 ഗുണഭോക്താക്കളുമായി കരാർ വെക്കാൻ കഴിഞ്ഞു.

സർക്കാരിന്റെ രണ്ടാം വാർഷികത്തോട്‌ അനുബന്ധിച്ചുള്ള 100 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെട്ട പരിപാടിയാണിത്‌. എല്ലാ ഭവനരഹിതർക്കും അടച്ചുറപ്പുള്ള വീട്‌ ലഭ്യമാക്കാനുള്ള ഇടപെടൽ സർക്കാർ അതിവേഗം തുടരുകയാണ്. എല്ലാ സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ലൈഫ്‌ ഭവന പദ്ധതി മികച്ച നിലയിൽ സർക്കാർ മുന്നോട്ടുകൊണ്ടുപോവുകയാണ്‌.

ലൈഫ്‌ ഭവന പദ്ധതിയിലൂടെ ഇതുവരെ സംസ്ഥാനത്ത്‌ പൂർത്തിയായ ആകെ വീടുകളുടെ എണ്ണം 3,42,156 കഴിഞ്ഞു. 2022-23 സാമ്പത്തിക വർഷം 1,06,000 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിൽ 2022 ഏപ്രിൽ മുതൽ മാർച്ച്‌ 31 വരെ 54,648 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ 67,000-ലധികം വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിലൂടെ ഇതുവരെ 23.50 ഏക്കർ സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 12.32 ഏക്കർ ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് അർഹരായ ഗുണഭോക്താക്കൾക്ക് കൈമാറി. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ 1000 ഭൂരഹിത ഭവനരഹിതകുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിന് ഒരു കുടുംബത്തിന് പരമാവധി 2.5 ലക്ഷം രൂപ നിരക്കിൽ 25 കോടിരൂപ ധനസഹായം നൽകുന്നതിന് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.

ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 3,69,262 ഭൂമിയുള്ള ഭവനരഹിതരിൽ പട്ടികജാതി പട്ടികവർഗ്ഗ ഫിഷറീസ് വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്കും അതിവേഗം ആനുകൂല്യം ലഭ്യമാക്കുന്നതിന് സർക്കാർ നിർദ്ദേശം നൽകിയിയിരുന്നു. ഇതിനെ തുടർന്ന് 46,380 ഗുണഭോക്താക്കൾ ഭവനനിർമ്മാണത്തിനായി കരാറിൽ ഏർപ്പെടുകയും ഇതിൽ 587 പേർ ഭവന നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട വീട്‌ ആവശ്യമുള്ള 8058 പേരിൽ 2,358 പേർ ഭവന നിർമ്മാണത്തിനായി കരാറിൽഏർപ്പെടുകയും 47 പേർ ഭവന നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു.

100 ദിനത്തിൽ തന്നെ നാല് ലൈഫ്‌ ഭവനസമുച്ചയങ്ങൾ ഉദ്ഘാടനം ചെയ്തിരുന്നു. ഇതുകൂടാതെ 25 ഭവനസമുച്ചയങ്ങളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്‌. എറണാകുളം ജില്ലയിലെ നെല്ലിക്കുഴി, തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ എന്നീ പഞ്ചായത്തുകളിൽ പുതിയ ഭവനസമുച്ചയങ്ങൽ നിർമ്മിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

കാസറഗോഡ് ജില്ലയിലെ ചെമ്മനാട്, കണ്ണൂർ ജില്ലയിലെ ആന്തൂർ, കണ്ണപുരം, കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം, പാലക്കാട് ജില്ലയിലെ ചിറ്റൂർ തത്തമംഗലം, ഇടുക്കി ജില്ലയിലെ കട്ടപ്പന, ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി, പത്തനംതിട്ടയിലെ ഏനാത്ത് എന്നിവിടങ്ങളിൽ നിർമ്മാണ പുരോഗതിയിലുള്ള ഭവനസമുച്ചയങ്ങൾ 2023 ജൂലൈ മാസത്തോടെ നിർമ്മാണം പൂർത്തീകരിക്കുന്നതിനും ലക്ഷ്യമിട്ടിട്ടുണ്ട്. ഇതിലൂടെ 324 ലൈഫ് ഭൂരഹിത കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌