Volunteers are invited at local government level for palliative care

പാലിയേറ്റീവ് പരിചരണത്തിന് തദ്ദേശസ്വയംഭരണതലത്തിൽ സന്നദ്ധപ്രവർത്തകരെ ക്ഷണിച്ചു

മുഴുവൻ കിടപ്പിലായ രോഗികൾക്കും പരിചരണത്തിന് സന്നദ്ധ പ്രവർത്തകരെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പാലിയേറ്റീവ് പരിചരണത്തിന് സന്നദ്ധ പ്രവർത്തകരെ ക്ഷണിച്ചു. സന്നദ്ധ പ്രവർത്തകരെ നിയോഗിക്കുന്നതിനുള്ള സംസ്ഥാനതല ക്യാമ്പയിന് സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റ് തുടക്കം കുറിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ പ്രവർത്തകരെ കണ്ടെത്തി, അവർക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി സാന്ത്വന പരിചരണ ശൃംഖലയുടെ ഭാഗമാക്കുവാനാണ് ശ്രമിക്കുന്നത്.

പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാനനുസരിച്ച് എല്ലാ കിടപ്പ് രോഗികളുടേയും സമീപത്ത് പരിശീലനം ലഭിച്ച ഒരു സന്നദ്ധപ്രവർത്തകന്റെ സജീവ സാന്നിദ്ധ്യം ലഭ്യമാക്കണമെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കിടപ്പിലായ ഓരോ രോഗിയേയും പരിചരണം നൽകാൻ കുടുംബത്തിനു പുറത്ത് പരിശീലനം ലഭിച്ച ഒരു സന്നദ്ധ പ്രവർത്തകൻ ഉണ്ടാകുന്നത് രോഗികളുടെ പരിചരണം വലിയ രീതിയിൽ മെച്ചപ്പെടുത്തും. ഓരോ വാർഡിലും രോഗികളെ ശ്രദ്ധിക്കുന്ന സന്നദ്ധ പ്രവർത്തകരും വാർഡ് ടീം അംഗങ്ങളും മാസത്തിലൊരിക്കൽ ഒത്തു ചേർന്ന് പ്രവർത്തനം വിലയിരുത്തും.

ഇതിനു വേണ്ടി കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും സന്നദ്ധ പ്രവർത്തകർ ആവശ്യമാണ്. അടുത്തുള്ള കിടപ്പിലായ രോഗിയെ പരിചരിക്കുവാൻ ആഴ്ചയിൽ ഒരു മണിക്കൂർ എങ്കിലും ചെലവഴിക്കാൻ സാധിക്കുന്നവരും സാന്ത്വന പരിചരണത്തിൽ ശാസ്ത്രീയമായ പരിശീലനം നേടാൻ തയാറായവരും സാമൂഹിക സന്നദ്ധസേനയുടെ വെബ്‌സൈറ്റിൽ (https://sannadhasena.kerala.gov.in/volunteerregistration) രജിസ്റ്റർ ചെയ്തു തങ്ങളുടെ സന്നദ്ധത അറിയിക്കേണ്ടതാണ്. പരിശീലനം പൂർത്തിയായവർക്ക് സർട്ടിഫിക്കറ്റ് നൽകി അതാത് തദ്ദേശസ്ഥാപനങ്ങളിലെ പാലിയേറ്റീവ് കെയർ സംവിധാനവുമായി ബന്ധിപ്പിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് – 7736205554 എന്ന നമ്പറിൽ ബന്ധപ്പെടുക.