Permanent Adalat in local department for grievance redressal

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുഖേനയുള്ള സേവനങ്ങൾക്ക് മാനദണ്ഡങ്ങൾ പ്രകാരമുള്ള സമയപരിധി കവിയുന്ന അവസരങ്ങളിലും, സേവനം പൂർത്തിയാകുന്നതിനു തടസങ്ങൾ നേരിടുന്ന അവസരങ്ങളിലും പ്രശ്ന പരിഹാരത്തിന് ഉപജില്ലതലത്തിലും ജില്ലതലത്തിലും സംസ്ഥാനതലത്തിലുമുള്ള സ്ഥിര അദാലത്ത് സമിതി 100 ദിന കർമ പരിപാടിയുടെ ഭാഗമായി രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ പരാതികൾ adalat.lsgkerala.gov.in വഴി സമർപ്പിക്കാം.

പ്രാഥമിക ഘട്ടത്തിൽ ബിൽഡിംഗ് പെർമിറ്റ്, കെട്ടിട നമ്പർ, ലൈസൻസ് എന്നിവ സംബന്ധിച്ചുള്ളപരാതികളാണ് അദാലത്ത് പരിഗണിക്കുക. എല്ലാ പരാതികളും പ്രാഥമികമായി പരിഗണിച്ചു പരിഹാര നിർദേശം നൽകുന്നതു ഉപജില്ലതല സമിതികളാണ്. ഓരോ 10 പ്രവൃത്തി ദിവസത്തെ ഇടവേളയിലും സമിതി ചേർന്ന് പരാതികൾ ഊഴമനുസരിച്ചു വിലയിരുത്തി അപേക്ഷകരുടെയും തദ്ദേശ സ്ഥാപന സെക്രട്ടറിയുടെയും വാദങ്ങൾ കേട്ട ശേഷം പരിഹാരം നിർദ്ദേശിക്കും.

പ്രത്യേക വിശകലനം / ഫീൽഡ് വെരിഫിക്കേഷൻ എന്നിവ ആവശ്യമുള്ള പരാതികൾ ഉപജില്ല സമിതിക്ക് അടുത്ത യോഗത്തിലേക്ക് കൂടി (10 പ്രവൃത്തി ദിവസത്തിനുള്ളിൽ) പരിഗണിക്കാനായി താത്ക്കാലിക തീരുമാനം എടുക്കാം. ഇപ്രകാരം പരമാവധി 10 മുതൽ 20 ദിവസത്തിനുള്ളിൽ എല്ലാ പരാതികൾക്കും പരിഹാരം ഉപജില്ല സമിതികൾ നിർദ്ദേശിക്കും.

നിർദ്ദേശിക്കപ്പെട്ട പരിഹാരങ്ങളിൽന്മേൽ പരാതിക്കാർക്ക് ജില്ല അദാലത്തു സമിതിയിലേക്ക് അപ്പീൽ നൽകാനാകും. സമാനമായി ജില്ലതല സമിതിയുടെ പരിഹാരത്തിന്മേൽ സംസ്ഥാനതല സ്ഥിര അദാലത്ത് സമിതിയിലേക്കും അപ്പീൽ നൽകാനാകും. ജില്ലതല സമിതികൾ മാസത്തിൽ ഒരു തവണയും, സംസ്ഥാന തല സമിതികൾ 2 മാസത്തിൽ ഒരിക്കൽ യോഗം ചേർന്ന് കീഴ്സമിതികളുടെ പ്രവർത്തനം വിലയിരുത്തുകയും അപ്പീലുകളിൽ പരിഹാരം നിർദ്ദേശിക്കുകയും ചെയ്യും. പരിഹാരം നിർദ്ദേശിക്കപ്പെട്ട പരാതികളിന്മേൽ തുടർ നടപടികൾ സ്വീകരിച്ചു എന്ന് സ്ഥിര അദാലത്തു സമിതികൾ വിലയിരുത്തുന്നതാണ്.