Kudumbashree's Samunnati Project aimed at comprehensive development of Scheduled Castes

പട്ടികജാതി വിഭാഗക്കാരുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കുടുംബശ്രീയുടെ സമുന്നതി പദ്ധതി

പട്ടികജാതി വിഭാഗക്കാരുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണ് സമുന്നതി. പട്ടികജാതി വിഭാഗത്തിലെ എല്ലാ കുടുംബങ്ങളെയും കുടുംബശ്രീ സംവിധാനത്തിൽ കൊണ്ടുവന്ന് പ്രാദേശികമായി സാധ്യമാകുന്ന വിവിധ ഉപജീവന, തൊഴിൽ പ്രവർത്തനങ്ങൾ നടപ്പാക്കുകയും വിവിധ സാമൂഹ്യ, സ്ത്രീ ശാക്തീകരണ ഇടപെടലുകൾ നടത്തുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടതൽ പട്ടികജാതി വിഭാഗക്കാർ താമസിക്കുന്ന പാലക്കാട് കുഴൽമന്ദം ബ്ലോക്കിലാണ് പദ്ധതി ആദ്യഘട്ടമായി നടപ്പാക്കുന്നത്.

കുഴൽമന്ദം ബ്ലോക്കിലെ കുഴൽമന്ദം, കുത്തനൂർ, കണ്ണാടി, പെരിങ്ങോട്ടുകുറുശി, തേങ്കുറുശി എന്നീ കുടുംബശ്രീ സിഡിഎസുകൾ കേന്ദ്രീകരിച്ച് 3 പദ്ധതി നടപ്പാക്കുന്നത്. കുഴൽമന്ദം ബ്ലോക്കിൽ 8,717 പട്ടികജാതി കുടുംബങ്ങളുണ്ട്. നിലവിൽ 6,847 വനിതകൾ അംഗങ്ങളായിട്ടുള്ള 359 പട്ടികജാതി അയൽക്കൂട്ടങ്ങളാണ് കുഴൽമന്ദം ബ്ലോക്കിൽ പ്രവർത്തിക്കുന്നത്‌. പുതുതായി 225 അയൽക്കൂട്ടങ്ങൾ രൂപീകരിച്ച്‌ 2265 പേരെക്കൂടി അംഗങ്ങളാക്കും. പുതിയ കാർഷിക സംഘങ്ങൾ രൂപീകരിച്ച്‌ സൂക്ഷ്മ സംരംഭ മേഖലയിൽ തൊഴിൽ സംരംഭ മാതൃകകൾ സൃഷ്ടിക്കും. ഓരോ സിഡിഎസിലും 2 കമ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരെയും ഒരു മെന്ററെയും ചുമതലപ്പെടുത്തും. കുട്ടികൾ, കൗമാരക്കാർ, യുവാക്കൾ, അമ്മമാർ, വയോജനങ്ങൾ എന്നിവർക്കായുള്ള പ്രവർത്തനങ്ങളും നടത്തും.

വിവിധ വകുപ്പുകൾ വഴി പട്ടികജാതിവിഭാഗക്കാർക്ക് നടപ്പാക്കുന്ന പദ്ധതികളുടെ ഗുണഫലം കുടുംബശ്രീ വഴി ഗുണഭോക്താക്കൾക്ക് കൃത്യമായി സമുന്നതി വഴി ലഭ്യമാക്കും.