‘നെറ്റ് സീറോ കാർബൺ ആൻഡ് റിസിലിയന്റ് ബിൽഡിംഗ്- സിറ്റി ആക്ഷൻ പ്ലാൻ’ – ധാരണാപത്രം ഒപ്പിട്ടു
തിരുവനന്തപുരം നഗരസഭ വേൾഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയുമായി (WRI India) ‘നെറ്റ് സീറോ കാർബൺ ആൻഡ് റിസിലിയന്റ് ബിൽഡിംഗ്- സിറ്റി ആക്ഷൻ പ്ലാൻ’ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പിട്ടു. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാനും, ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ലഘൂകരിക്കാനും, അതിജീവിക്കാനും തിരുവനന്തപുരം നഗരത്തിലെ നിർമ്മാണമേഖലയെ പ്രാപ്തരാക്കുക എന്നതാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ പഠനത്തിലൂടെ ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനവുമായും സുസ്ഥിര വികസനവുമായും ബന്ധപ്പെട്ട ലക്ഷ്യത്തിനായി നിർമ്മാണ മേഖലയിൽ വരുത്തേണ്ട പരിഷ്കരണങ്ങൾ നിർദേശിക്കുക, ഹരിതഗൃഹ വാതകത്തിന്റെ വിഗിരണം പരമാവധി കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുക, പ്രകൃതി ദുരന്തങ്ങളെ നേരിടാൻ പര്യാപ്തമായ കെട്ടിടങ്ങൾ നിർമ്മിക്കാനാവശ്യമായ ആസൂത്രണം നടത്തുക, താപനില ഉയരുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പ്രായോഗികമായ പരിഹാര മാർഗങ്ങൾ തേടുക തുടങ്ങിയവയാണ് പഠനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. കെട്ടിട നിർമ്മാണത്തിൽക്കൂടി ക്രിയാത്മകവും ആധുനികവുമായ മാറ്റങ്ങൾ കൂടി സാധ്യമാക്കി തിരുവനന്തപുരത്തെ കാർബൺ ന്യൂട്രൽ നഗരമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തരമൊരു പഠനം നടത്തി കർമ്മ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശസ്വയംഭരണ സ്ഥാപനമാവുകയാണ് തിരുവനന്തപുരം നഗരസഭ. തിരുവനന്തപുരം നഗരസഭയ്ക്ക് വേണ്ടി പൂർണമായി സൗജന്യമായാണ് ഈ പഠനം നടത്തി സിറ്റി ആക്ഷൻ പ്ലാൻ ഡബ്ല്യൂ ആർ ഐ ഇന്ത്യ തയ്യാറാക്കുന്നത്.
സുസ്ഥിര വികസനത്തിന് ഉതകുന്ന നിലയിൽ നഗരവത്കരണത്തിൽ സമൂലമായ മാറ്റം ആവശ്യമാണ്. ദേശീയ തലത്തിൽ 2070ൽ കാർബൺ ന്യൂട്രൽ എന്ന ലക്ഷ്യം കൈവരിക്കണമെന്നാണ് ലക്ഷ്യമിടുന്നത്. കേരളം 2050ഓടെ കാർബൺ ന്യൂട്രലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ 2035 ആകുമ്പോൾ തിരുവനന്തപുരം നഗരസഭ കാർബൺ ന്യൂട്രൽ ആക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ലക്ഷ്യത്തിലേക്കുള്ള പ്രാരംഭ പ്രവർത്തനമായി, നഗരത്തിലുണ്ടാകുന്ന കാർബൺ അളവ് കണക്കാക്കുകയും, ഏതൊക്കെ മേഖലകളിൽ നിന്നാണെന്ന് കണ്ടെത്തുകയും, ഇത് പരിഹരിക്കുന്ന മാർഗങ്ങൾ മുന്നോട്ടുവെക്കുകയും വേണം. ഇതിനായാണ് അന്തർദേശീയ തലത്തിൽ തന്നെ പ്രശസ്തമായ സ്ഥാപനം വേൾഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയെ നഗരസഭ സമീപിച്ചത്. ഹരിത ഗൃഹ വാതകങ്ങൾ പുറംതള്ളുന്ന പ്രധാന മേഖലകളിലൊന്നായ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരപരിധിയിൽ ഉണ്ടാകുന്ന കാർബണിൻറെ അളവ് എത്രയാണെന്നും, ഇത് എങ്ങനെയൊക്കെ ലഘൂകരിക്കാമെന്നും പഠനത്തിലൂടെ കണ്ടെത്തും. കാർബൺ ബഹിർഗമനം കുറഞ്ഞ നിലയിലും പ്രകൃതിയോടിണങ്ങിയും ഏതൊക്കെ നിർമ്മാണ മാർഗങ്ങൾ അവലംബിക്കാമെന്നും, ആ പദ്ധതി എങ്ങനെ ജനകീയമായി നടപ്പിലാക്കാമെന്നും സിറ്റി ആക്ഷൻ പ്ലാനിലൂടെ മുന്നോട്ടുവെക്കും. ഇതാണ് ‘നെറ്റ് സീറോ കാർബൺ ആൻഡ് റിസിലിയന്റ് ബിൽഡിംഗ് (NZCRB) എന്ന ആശയം. നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട എല്ലാത്തരം സംഘടനകളും വ്യക്തികളുമായും ചർച്ച നടത്തിക്കൂടിയാണ് പഠനം മുന്നോട്ടുപോവുക. നെറ്റ് സീറോ കാർബൺ എന്ന ലക്ഷ്യത്തോടൊപ്പം പരിസ്ഥിതിയോടിണങ്ങിയ- ദുരന്ത പ്രതിരോധ ശേഷിയുള്ള കെട്ടിടങ്ങളും രൂപകൽപ്പന ചെയ്യാനാണ് ആക്ഷൻ പ്ലാനിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്. കാലാവസ്ഥ, മാർക്കറ്റ്, സാങ്കേതിക വിദ്യ, പുതിയ കാലത്തെ സാധ്യതകൾ, സൌജന്യങ്ങൾ, നിക്ഷേപ സാധ്യതകൾ തുടങ്ങി എല്ലാ ഘടകങ്ങളും പഠനത്തിന്റെ ഭാഗമായി പരിശോധിക്കും.
കാർബൺ ന്യൂട്രൽ നഗരം എന്ന ലക്ഷ്യത്തെ മുൻനിർത്തി നിരവധി പ്രവർത്തനങ്ങൾ തിരുവനന്തപുരം നഗരസഭ ഇതിനകം നടപ്പാക്കിവരുന്നുണ്ട്. സോളാർ പദ്ധതികൾ മുതൽ പ്ലാസ്റ്റിക് മാലിന്യസംസ്കരണവും ഗതാഗത പരിഷ്കരണവും വരെ ഇക്കൂട്ടത്തിലുണ്ട്. നഗരസഭ സോളാർ സിറ്റി എന്ന അംഗീകാരം നേടിയിരുന്നു. നഗരസഭാ പരിധിയിലുള്ള എല്ലാ സർക്കാർ കെട്ടിടങ്ങളിലും സോളാർ റൂഫിംഗ് ഉറപ്പാക്കാനുള്ള പദ്ധതി, പരമാവധി ഗ്രീൻ കവർ കൊണ്ടുവരാനുള്ള ഇടപെടൽ, വ്യക്തിഗത ഭവനങ്ങളിലും സോളാർ റൂഫിംഗ് സ്ഥാപിക്കാനുള്ള പ്രോത്സാഹനം തുടങ്ങിയ വൈവിധ്യമായ പരിപാടികൾ തിരുവനന്തപുരം നഗരത്തിൽ പുരോഗമിക്കുകയാണ്. നഗരത്തിലെ ആകെ വൈദ്യുതി ഉപഭോഗമായ 800 മെഗാ വാട്ട് വൈദ്യുതിയും സോളാർ പദ്ധതികളിലൂടെ ഉദ്പാദിപ്പിക്കാനാണ് ശ്രമം. നഗരസഭയുടെ ഇടപെടലിലൂടെ ഇതിനകം 300 മെഗാ വാട്ട് വൈദ്യുതി നഗരത്തിൽ നിന്ന് സോളാർ വഴി ഉദ്പാദിപ്പിക്കാൻ കഴിഞ്ഞു. 600 ലധികം സർക്കാർ-പൊതു ഉടമസ്ഥതയിലുള്ള ഓഫീസുകളിൽ സോളാർ റൂഫിംഗ് സ്ഥാപിക്കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. ഇതിനകം 264 ഓഫീസുകളിൽ സോളാർ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമേ 500 ലൈഫ് ഗുണഭോക്താക്കളുടെ വീടുകളിൽ അനർട്ടിന്റെ സഹകരണത്തോടെ നഗരസഭ സോളാർ പാനലുകൾ സൌജന്യമായി വിതരണം ചെയ്യുന്നുണ്ട്. നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി 113 ഇലട്രിക് ബസ്സുകൾ നഗരത്തിൽ സർവീസിനായി കെ എസ് ആർ ടി സിക്ക് വാങ്ങിനൽകുന്ന പദ്ധതിയും ഇതിന്റെ തുടർച്ചയാണ്. നഗരത്തിലെ വിനോദസഞ്ചാര മേഖലയ്ക്കായി രണ്ട് ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകളും സർവീസ് ആരംഭിക്കുകയാണ്. ഇതുൾപ്പെടെ നെറ്റ് സീറോ കാർബൺ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ നഗരസഭ തുടരുകയാണ്.
രാജ്യത്തിന് മാതൃകയാകുന്ന പ്രവർത്തനം ഏറ്റെടുക്കുന്ന തിരുവനന്തപുരം നഗരസഭയെ അഭിനന്ദിച്ചു. സംസ്ഥാനത്തെ എല്ലാ നഗരസഭകളിലേക്കും ഈ പ്രവർത്തനം വ്യാപിപ്പിക്കാനാവും. അതിവേഗം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിന്, പുതിയ കാലത്തെ വെല്ലുവിളികളെ അതിജീവിക്കാൻ സമഗ്രമായ കാഴ്ചപ്പാടും പദ്ധതിയും അനിവാര്യമാണ്. സംസ്ഥാന സർക്കാർ ഇതിനായാണ് രാജ്യത്താദ്യമായി ഒരു അർബൻ കമ്മീഷനെ നിയോഗിച്ചത്. അർബൻ കമ്മീഷന്റെ പ്രവർത്തനത്തിനുൾപ്പെടെ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിലുള്ള ഈ പഠനം മുതൽക്കൂട്ടാകും. കേരളത്തെ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കാനുള്ള വൈവിധ്യമായ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പ്രാദേശികമായി കേരളം സ്വീകരിച്ച നടപടികൾ ലോകത്തിന് മാതൃകയാണെന്ന് ഇക്കഴിഞ്ഞയാഴ്ച കേരളം സന്ദർശിച്ച ലോകബാങ്ക് സംഘം അഭിപ്രായപ്പെട്ടിരുന്നു.