Municipal Corporations in Kerala won the National Cleanliness Award

ഇന്ത്യൻ സ്വച്ഛതാ ലീഗില്‍ അവാര്‍ഡിന് അര്‍ഹരായി കേരളത്തിലെ നഗരസഭകള്‍. ഗുരുവായൂർ, ആലപ്പുഴ നഗരസഭകളാണ്‌ ആദ്യ സ്ഥാനത്തെത്തിയത്‌. തെരഞ്ഞെടുക്കപ്പെട്ട 10 നഗരങ്ങളിൽ രണ്ടെണ്ണവും കേരളത്തിൽ നിന്നാണ്‌ എന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. 1850ലധികം നഗരങ്ങളിൽ നടത്തിയ പരിശോധനകളിലാണ്‌ കേരളത്തിന്റെ ഈ നേട്ടം. ശുചിത്വ മേഖലയില്‍ കേരളം നടത്തുന്ന മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ദേശീയ തലത്തിലെ അവാര്‍ഡ് . പുരസ്കാരം മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും പ്രചോദനമാകും. മാലിന്യമുക്ത നവകേരള സൃഷ്ടിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്കാരം കൂടുതല്‍ വേഗം നല്‍കും.

അൻപതിനായിരം മുതല്‍ ഒരു ലക്ഷം ‌വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിലാണ്‌ ഗുരുവായൂർ അവാർഡിന്‌ അർഹമായത്‌‌. ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളിൽ ആലപ്പുഴയും പുരസ്കാരം സ്വന്തമാക്കി. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 1 വരെ ഡല്‍ഹിയില്‍ നടക്കുന്ന സ്വച്ഛ്‌ ശേഖർ സമ്മേളനത്തിൽ സ്വച്ഛ്‌ സുർവ്വേക്ഷൻ അവാർഡ്‌ വിതരണം ചെയ്യും.

ശുചിത്വവും സുന്ദരവുമായ കേരളമൊരുക്കാൻ നിരവധി പദ്ധതികളാണ് ശുചിത്വ മിഷന്‍റെയും ക്ലീൻ കേരളാ കമ്പനിയുടെയും കെഎസ്ഡബ്ല്യൂഎംപിയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ജലാശയങ്ങളെ വീണ്ടെടുക്കാനായി സംഘടിപ്പിച്ച തെളിനീരൊഴുകും നവകേരളം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ശ്രദ്ധേയമായിരുന്നു. പരിസരം വൃത്തിയായി സൂക്ഷിക്കാൻ ഓരോ മനുഷ്യനെയും പ്രാപ്തനാക്കാൻ ആവശ്യമായ വിപുലമായ പ്രചാരണ പരിപാടികളും തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ശുചിത്വകേരളത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സര്‍ക്കാരിനൊപ്പം അണിനിരക്കണം.