Employment Guarantee Scheme Social Auditing- Kerala First

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിൽ രാജ്യത്ത് വീണ്ടും കേരളം ഒന്നാം സ്ഥാനത്ത്. മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം കേരളം സ്വന്തമാക്കിയത്. 2023-24 സാമ്പത്തിക വർഷത്തെ ആദ്യ ആറു മാസത്തെ സോഷ്യൽ ഓഡിറ്റ് സംബന്ധിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്ക് അനുസരിച്ച്, കേരളം 99.5 % പഞ്ചായത്തുകളുടെയും സോഷ്യൽ ഓഡിറ്റ് ഗ്രാമസഭകളും പബ്ലിക് ഹിയറിംഗുകളും പൂർത്തിയാക്കിയിട്ടുണ്ട്. കേരളം 99.5% ഭൌതിക പുരോഗതി നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള ഒഡീഷയ്ക്ക് 64.8%വും മൂന്നാം സ്ഥാനത്തുള്ള ബിഹാറിന് 62.6% വും മാത്രമേ നേടാനായിട്ടുള്ളൂ. നാല് സംസ്ഥാനങ്ങൾ മാത്രമാണ് 60%ത്തിലധികം പുരോഗതി കൈവരിച്ചിട്ടുള്ളത്‌. പദ്ധതി നിർവഹണത്തിലെ പോരായ്മ കണ്ടെത്താനും പരിഹാരം കാണാനും കേരളം നടത്തുന്ന ഈ കുറ്റമറ്റ ഇടപെടൽ ഒരിക്കൽക്കൂടി രാജ്യത്തിന് മാതൃകയാവുകയാണ്.

സമ്പൂർണ സോഷ്യൽ ഓഡിറ്റ് സംസ്ഥാനമായി കേരളം ഉടനെ മാറും. ഇതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളും ഇടുക്കി ജില്ലയിലെ ഒരു പഞ്ചായത്തുമാണ് ഇനി ബാക്കിയുള്ളത്. ഒരാഴ്ചയ്ക്കുള്ളിൽ ഈ പഞ്ചായത്തുകളുടെ സോഷ്യൽ ഓഡിറ്റ് കൂടി പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് അടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റ് നടപ്പിലാക്കുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണ്. 2022-23ലും സമ്പൂർണ സോഷ്യൽ ഓഡിറ്റ് സംസ്ഥാനമാകാൻ കേരളത്തിന് കഴിഞ്ഞിരുന്നു.

ഓരോ ആറുമാസത്തിലും പഞ്ചായത്തുകൾ നടപ്പിലാക്കുന്ന തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ ഗ്രാമസഭകൾ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കണം എന്ന തൊഴിലുറപ്പ് നിയമത്തിലെ വ്യവസ്ഥ പൂർണമായും പാലിക്കാൻ കേരളത്തിന് കഴിയുന്നു. സോഷ്യൽ ഓഡിറ്റ് ഗ്രാമസഭകളും പബ്ലിക് ഹിയറിംഗുകളും സംഘടിപ്പിച്ചാണ് ഈ പ്രക്രീയ നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ സൂചികകളിൽ മഹാഭൂരിപക്ഷത്തിലും കേരളമാണ് ഒന്നാം സ്ഥാനത്ത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് രാജ്യത്ത് ആദ്യമായി ക്ഷേമനിധി ഏർപ്പെടുത്തിയതും കേരളമാണ്. കുറ്റമറ്റതും സുതാര്യവുമായ നിർവഹണത്തിലൂടെ തൊഴിലുറപ്പ് സോഷ്യൽ ഓഡിറ്റിംഗിലും കേരളം ഒരു മാതൃക സൃഷ്ടിക്കുകയാണ്.