HARITHA KERALAM

മാലിന്യമുക്തമാക്കാന്‍ ഹരിതകേരളം

* ജലസ്രോതസ്സുകളില്‍ തെളിനീരൊഴുക്കല്‍ പുതിയ ലക്ഷ്യം

ശുചിത്വം, മാലിന്യ സംസ്‌ക്കരണം, ജലസംരക്ഷണം, കൃഷി എന്നിവയിലൂടെ വൃത്തിയുള്ള കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സംസ്ഥാനം നേരിടുന്ന ഗുരുതരപ്രശ്‌നങ്ങളില്‍ നിന്നുളള മോചനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജലസ്രോതസ്സുകളുടെ വിവേക പൂര്‍ണമായ ഉപയോഗം, കുളങ്ങള്‍, തടാകങ്ങള്‍, കിണറുകള്‍, ചതുപ്പു നിലങ്ങളുടെ ശുചിത്വം, പുനഃരുപയോഗം തുടങ്ങി പ്രാദേശികതലത്തില്‍ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ഉതകുന്ന പുതിയ ജലഉപഭോഗ സംസ്‌കാരം ഈ പദ്ധതിയിലൂടെ നടപ്പാക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഹരിതകേരളം മിഷന്‍ സംസ്ഥാനത്ത് പദ്ധതികള്‍ നടപ്പാക്കുന്നത്. സര്‍ക്കാരിതര സംഘടനകള്‍, പൗരസമിതികള്‍, ബഹുജനസംഘടനകള്‍, വിദ്യാഭ്യാസ-ആരോഗ്യ ജനകീയ കൂട്ടായ്മകള്‍, മതസ്ഥാപനങ്ങള്‍, കമ്പനികള്‍, സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലകളിലും പ്രവര്‍ത്തിക്കുന്നവരുടെ സാങ്കേതിക-സാമ്പത്തിക-സന്നദ്ധസേവന സഹായങ്ങള്‍ ഏകോപിപ്പിച്ചാണ് ഈ ബൃഹത് പദ്ധതി നടപ്പാക്കുന്നത്.

ഹരിതകേരള മിഷന്റെ പ്രധാനപ്പെട്ട രണ്ട് പദ്ധതികളായി ആരംഭിച്ചവയാണ് ഇനി ഞാന്‍ ഒഴുകട്ടെ, തെളിനീരൊഴുകും നവകേരളം എന്നിവ. സംസ്ഥാനത്തെ ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിനായി നീര്‍ചാലുകള്‍, തോടുകള്‍, പുഴകള്‍, കുളങ്ങള്‍ തുടങ്ങിയവ വൃത്തിയാക്കുകയും, ആഴം കൂട്ടേണ്ടയിടത്ത് ആഴം കൂട്ടിയും വെള്ളത്തിന് സുഗമമായി ഒഴുകുന്നതിന് വഴി ഉണ്ടാക്കുകയുമാണ് ഇനി ഞാന്‍ ഒഴുകട്ടെ എന്ന പദ്ധതിയിലൂടെ. പ്രളയത്തെ നേരിട്ട കേരളത്തിന് ഇത്തരത്തില്‍ ഒരു മാറ്റം അനിവാര്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതെ ഒഴുകി പോകാനുള്ള വഴി ഉണ്ടാക്കിയത്.

ജലസംരക്ഷണവും ജലസുരക്ഷയും മുന്‍നിര്‍ത്തി നാല് വര്‍ഷത്തിനുള്ളില്‍ 412 കിലോമീറ്റര്‍ പുഴകള്‍, 45,736 കിലോമീറ്റര്‍ തോടുകള്‍/നീര്‍ച്ചാലുകള്‍ എന്നിവ പുനരുജ്ജീവിപ്പിച്ചു. 26,259 കുളങ്ങളുടെ നവീകരണം, 20,990 കുളങ്ങളുടെ നിര്‍മ്മാണം, 13,968 കിണറുകളുടെ നവീകരണം, 26,568 കിണറുകളുടെ നിര്‍മ്മാണം, 64,950 കിണറുകളുടെ റീചാര്‍ജ്ജിങ് എന്നിവ പദ്ധതി വഴി നടപ്പാക്കി. എല്ലാ ജില്ലകളിലുമായി 574.369 ഏക്കര്‍ വിസ്തൃതിയില്‍ പച്ചത്തുരുത്ത് നിര്‍മ്മിക്കുകയും ചെയ്തു. പ്രളയപ്രദേശങ്ങളില്‍ നിന്നും ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ 26,656.485 മെട്രിക് ടണ്‍ മാലിന്യമാണ് 2018-2020ല്‍ നീക്കം ചെയ്തത്.

ജലസ്രോതസുകള്‍ക്ക് തടസങ്ങളില്ലാതെ ഒഴുകാനുളള വഴി ഒരുക്കുന്നിനൊപ്പം ആ ജലം മാലിന്യങ്ങളില്ലാതെ പൊതുജനങ്ങള്‍ക്ക് നിത്യവൃത്തിക്കായി ഉപയോഗിക്കാന്‍ പാകത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് തെളിനീരൊഴുകും നവകേരള പദ്ധതി ആവിഷ്‌ക്കരിച്ചത്. കുടിവെളളമായും ജലസ്രോതസുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലേക്ക് മാറ്റുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശുചിത്വമിഷനുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ജലമലിനീകരണം ഉണ്ടാക്കുന്നത് എങ്ങനെ ഒഴിവാക്കാം, ജലമലിനീകരണം മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ എന്തെല്ലാമെന്ന് പൊതുജനങ്ങളെ പറഞ്ഞ് മനസിലാക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് എങ്ങനെ, പൗരനെന്ന നിലയില്‍ ചെയ്യേണ്ടത് എന്തെല്ലാം, ജലസ്രോതസുകളില്‍ മാലിന്യം നിക്ഷേപിച്ചാലുള്ള ശിക്ഷാ നടപടി തുടങ്ങിയ കാര്യങ്ങളാണ് സമ്പൂര്‍ണ്ണ ജലശുചിത്വ യജ്ഞമായ തെളിനീരൊഴുകും നവകേരളം പദ്ധതിയിലൂടെ നടപ്പാക്കാന്‍ പോകുന്നത്.

ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനൊപ്പം കേരളത്തെ മാലിന്യമുക്തമാക്കി പച്ചതുരുത്തുകള്‍ വെച്ചുപിടിപ്പിച്ച് കൃഷിയിലൂടെ സ്വയം പര്യാപ്തരാക്കുകയാണ് ഹരിതകേരളം മിഷന്‍. പരിസ്ഥിതി സംരക്ഷണം ജീവിതചര്യയുടെ ഭാഗമാക്കി പൊതുജനങ്ങളില്‍ അവബോധം വളര്‍ത്താനും അവ പ്രാവര്‍ത്തികമാക്കാനും ഹരിതകേരളം മിഷന് സാധിച്ചിട്ടുണ്ട്.