മാലിന്യത്തിനെതിരെ പോരാട്ടം കൂടുതൽ ശക്തമാക്കാൻ തൃത്താല തയ്യാറെടുക്കുകയാണ്. സമ്പൂർണ മാലിന്യമുക്ത തൃത്താലയുടെ രണ്ടാം ഘട്ടത്തിൽ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകർമ്മസേനയെത്തി വിവിധ തരത്തിലുള്ള അജൈവ മാലിന്യം ശേഖരിക്കുകയാണ്. പ്ലാസ്റ്റികിന് പുറമേ ചെരുപ്പ്, ബാഗ്. തെർമോക്കോള്‍‍, ലെതര്, തുണി ഉൽപ്പന്നങ്ങള്, കുപ്പി, ചില്ല് മാലിന്യം എന്നിവ വ്യാപകമായി ഈ ദിവസങ്ങളിൽ ശേഖരിക്കും. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഈ ദിവസങ്ങളിൽ വിപുലമായ പ്രവർത്തനം നടക്കും. ശേഖരിച്ച അജൈവമാലിന്യങ്ങള് എംസിഎഫുകളിൽ നിന്ന് ക്ലീൻ കേരളാ കമ്പനി നീക്കം ചെയ്യും. ചെരിപ്പ്, ബാഗ്. തെർമോക്കോള്‍‍, ലെതര് എന്നിവ സെപ്റ്റംബർ 16നും തുണി ഉൽപ്പന്നങ്ങള് സെപ്റ്റംബർ 23നും കുപ്പി, ചില്ല് മാലിന്യം സെപ്റ്റംബർ 30നുമാണ് നീക്കം ചെയ്യുന്നത്.
മാലിന്യമുക്ത തൃത്താലയുടെ ആദ്യഘട്ട ക്യാമ്പയിനിൽ നാൽപത് ടണ്ണോളം അജൈവ മാലിന്യമാണ് ശേഖരിച്ച് നീക്കം ചെയ്തത്. എട്ടര ടൺ തുണിമാലിന്യങ്ങൾ ഒറ്റ ദിവസത്തിൽ നീക്കം ചെയ്ത് ഒന്നാം ഘട്ടത്തിൽ തൃത്താല ചരിത്രം സൃഷ്ടിച്ചിരുന്നു. ബാഗ് , ലെതർ ഇനങ്ങൾ, ചെരുപ്പ്, തെർമോകോൾ എന്നിവയിലായി പത്തര ടൺ നിഷ്ക്രിയ മാലിന്യവും ഈ ഘട്ടത്തിൽ നീക്കം ചെയ്തിരുന്നു. രണ്ടാം ഘട്ടത്തിലും സമാനമായ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.
മാലിന്യമുക്ത നവകേരളം സൃഷ്ടിക്കാനുള്ള യത്നത്തിൽ കൂടുതൽ സജീവമായി തൃത്താലയും പങ്കാളികളാവുകയാണ്. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മാലിന്യം തരംതിരിച്ച് സൂക്ഷിക്കുകയും അതാത് പഞ്ചായത്തുകളിലെ ഹരിതകർമ്മസേനയെ ഏൽപ്പിക്കുകയും ചെയ്യണമെന്ന് ഒരിക്കൽക്കൂടി അഭ്യർഥിക്കുന്നു