കഴിഞ്ഞ മാർച്ച് 15 മുതൽ ജൂൺ 5 വരെ നടന്ന ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിൻ പ്രവർത്തനങ്ങളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജനകീയമായി വിലയിരുത്താൻ പദ്ധതി. മാലിന്യ സംസ്കരണ രംഗത്തും ശുചിത്വ രംഗത്തും സർക്കാർ പ്രഖ്യാപിച്ച നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എത്രമാത്രം നടപ്പിലാക്കി എന്ന കാര്യം ജനകീയ പരിശോധനയ്ക്ക് വിധേയമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വ്യാപാരി വ്യാവസായി സംഘടനകൾ, റെസിഡൻസ് അസോസിയേഷനുകൾ, പെൻഷൻ സംഘടനകൾ, വായനശാല പ്രവർത്തകർ, തദ്ദേശ സ്ഥാപന പരിധിയിലെ എൻഎസ്എസ് പ്രവർത്തകർ, യുവജന പ്രവർത്തകർ, കുടുംബശ്രീ ഗ്രീൻ അംബാസിഡർ, ആശ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരായിരിക്കും ഓഡിറ്റിംഗ് സമിതിയിൽ അംഗങ്ങളാവുക. ഇതോടൊപ്പം സ്വയം സന്നദ്ധരായി അപേക്ഷിക്കുന്നവരിൽ നിന്നു നാലു പേരെ കൂടി സമിതിയിൽ ഉൾപ്പെടുത്തും. സ്ത്രീകൾക്ക് സമിതിയിൽ തുല്യപങ്കാളിത്തം ഉറപ്പുവരുത്തും. സമിതിയിൽ യുവാക്കൾക്ക് മുൻഗണന നൽകും. 20 തദ്ദേശ സ്ഥാപന ഡിവിഷനുകൾക്ക് 15 പേരടങ്ങിയ ജനകീയ സമിതിയാണ് രൂപീകരിക്കുക.
ജനകീയ ഓഡിറ്റിനു ശേഷം കണ്ടെത്തിയ വിടവുകൾ നികത്തുന്നതിനുള്ള വിശദമായ കർമ്മ പരിപാടി തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണ സമിതി തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നു മാസം കൂടുമ്പോൾ തുടർ ജനകീയ ഹരിത ഓഡിറ്റുകൾ നടത്തിയ റിപ്പോർട്ടുകൾ തയ്യാറാക്കി ജനകീയ വേദികളിൽ അവതരിപ്പിക്കും.
ജില്ലയിലെ സോഷ്യൽ ഓഡിറ്റ് അംഗങ്ങൾക്കുള്ള പരിശീലനം ജൂൺ 15നു പൂർത്തിയാക്കും.