തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18നും 19നും കൊട്ടാരക്കരയിൽ

2024 ലെ തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18, 19 തീയതികളിൽ കൊട്ടാരക്കരയിൽ നടക്കും. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 18ന് ധനമന്ത്രി കെ. എൻ. ബാലഗോപാലിന്റെ അധ്യക്ഷതയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവഹിക്കും. മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി മുഖ്യാതിഥിയായി പങ്കെടുക്കും. ഫെബ്രുവരി 19ന് രാവിലെ 11.30ന് കൊട്ടാരക്കര ജൂബിലി ഹാളിൽ തദ്ദേശ ദിനാഘോഷത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ മുഖ്യമന്ത്രി ചടങ്ങിൽ വിതരണം ചെയ്യും. ധനമന്ത്രി കെ എൻ ബാലഗോപാൽ, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. എംപിമാരും എംഎൽഎമാരുമുൾപ്പെടെയുള്ള ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അധ്യക്ഷന്മാരും സെക്രട്ടറിമാരുമാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന തദ്ദേശ ദിനാഘോഷത്തിൽ പങ്കെടുക്കുന്നത്.

കലാ, സാംസ്കാരിക പരിപാടികൾ, പ്രദർശനങ്ങൾ, കുടുംബശ്രീ ഫുഡ് ഫെസ്റ്റിവൽ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകരിച്ചതിന് ശേഷമുള്ള രണ്ടാം പതിപ്പാണ് കൊട്ടാരക്കരയിൽ നടക്കുന്ന തദ്ദേശസ്വയംഭരണ ദിനാഘോഷമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചെയർമാനും പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിളാ മേരി ജോസഫ് ജനറൽ കൺവീനറുമായ സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു.

അതിദാരിദ്ര്യം മുതൽ കെ സ്മാർട്ടും ഡിജിറ്റൽ സാക്ഷരതയും വരെയുള്ള വിപുലമായ പ്രവർത്തനങ്ങളാണ് പ്രാദേശിക സർക്കാരുകളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻകൈയിൽ സംസ്ഥാനത്ത് നടക്കുന്നത്. ഏറ്റെടുത്ത വിവിധ പദ്ധതികളുടെ വിലയിരുത്തലും, ഭാവി പ്രവർത്തനങ്ങളുടെ ആസൂത്രണവും ഉൾപ്പെടെയുള്ളവ രണ്ട് ദിവസം നീളുന്ന തദ്ദേശ ദിനാഘോഷത്തിൽ നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് അക്കാദമിക് സെഷനുകളാണ് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി ഒരുക്കിയിരിക്കുന്നത്. സംരംഭകത്വവും ഉപജീവനവും, മാലിന്യ സംസ്കരണം-വെല്ലുവിളികളും നൂതന സാങ്കേതിക വിദ്യയുടെ പ്രയോഗവും നിയമവും, അതിദാരിദ്ര്യ നിർമാർജനം, ഇ ഗവേണൻസും ഡിജിറ്റൽ സാക്ഷരതയും, സുസ്ഥിര വികസനവും പ്രാദേശിക സർക്കാരുകളും തുടങ്ങിയ ദൈനംദിന വിഷയങ്ങളിൽ വിപുലമായ ചർച്ചകൾ നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്നോട്ടുപോക്കിന് അനിവാര്യമായ നിർദേശങ്ങളും ആശയങ്ങളും ഈ ചർച്ചകളിലൂടെ ഉയർന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.