ഡിജിറ്റൽ സർവേക്ക് മുന്നോടിയായുള്ള സർവേ സഭകൾക്ക് തുടക്കം
നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ഡിജിറ്റല്‍ സര്‍വേയ്ക്ക് മുന്നോടിയായി ജനകീയ പങ്കാളിത്തവും പരാതിപരിഹാരവും ഉറപ്പാക്കാൻ വാർഡ് തലത്തിൽ രൂപീകരിക്കുന്ന സര്‍വേ സഭകൾക്ക് തുടക്കമായി. ഗ്രാമസഭകൾക്ക് സമാനമാണ് സർവേ സഭകൾ . ഡിജിറ്റൽ സർവേ ഭൂവുടമകൾക്ക് വലിയ അനുഗ്രഹമാകും. സർവേ പൂർത്തിയാവുന്നതോടെ ഭൂവുടമകൾക്ക് രേഖകൾ വിരൽ സ്പർശത്തിൽ ലഭ്യമാകും. ഡിജിറ്റലായി ഭൂമി അളന്ന് തിട്ടപ്പെടുത്തി റവന്യൂ വകുപ്പിന് കൈമാറും മുൻപ് ഇതിൻ്റെ കരട് ഭൂവുടമകൾക്ക് നൽകുമെന്നും, പരാതിയുണ്ടെങ്കിൽ അപ്പോൾ തന്നെ അറിയിക്കാം.
സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലെയും വാര്‍ഡ് തലത്തിൽ ഒക്ടോബര്‍ 12 മുതല്‍ 25 വരെയാണ് സര്‍വേ സഭകള്‍ ചേരുക. നവംബർ ഒന്നിന് ഡിജിറ്റൽ സർവേ തുടങ്ങും മുൻപേ ഭൂവുടമകളുടെ പരാതികൾ പരിഹരിച്ച് ജനകീയ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം. അത്യാധുനിക സാങ്കേതിക വിദ്യ വഴി മുഴുവൻ വില്ലേജുകളിലും ഡിജിറ്റൽ സർവേ പൂർത്തിയാക്കി എൻ്റെ ഭൂമി പോർട്ടൽ മുഖേന പൊതുജനത്തിന് ഓൺലൈൻ സേവനം ലഭ്യമാക്കും. നാല് വർഷം കൊണ്ട് 1550 വില്ലേജുകളിൽ സർവേ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ 200 വില്ലേജുകളിലാണ് സർവേ നടത്തുക. .
ഡിജിറ്റൽ സർവേയുടെ ഒന്നാം ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ 22 വില്ലേജുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വെങ്ങാനൂർ, വെയിലൂർ, മേൽതോന്നയ്ക്കൽ, പള്ളിപ്പുറം, അണ്ടൂർകോണം, കല്ലിയുർ, കീഴ്തോന്നയ്ക്കൽ, വെമ്പായം, തേക്കട, മാണിക്കൽ, കരകുളം, മലയിൻകീഴ്, തൊളിക്കോട്, ഇടയ്ക്കോട്, മുദാക്കൽ, കീഴാറ്റിങ്ങൽ, ഒറ്റുർ, ചെറുന്നിയുർ, വിളപ്പിൽ, കാഞ്ഞിരംകുളം, പരശുവയ്ക്കൽ, നെയ്യാറ്റിൻകര എന്നീ വില്ലേജുകളിലെ വിവിധ വാർഡുകളിലാണ് സർവേ നടത്തുക.