10 lakh employment days for Scheduled Caste families through Tribal Plus

പട്ടികവർഗ കുടുംബങ്ങൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ട്രൈബൽ പ്ലസ് പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം പത്ത് ലക്ഷം തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ പട്ടിക വർഗ കുടുംബങ്ങൾക്ക് നൂറ് തൊഴിൽ ദിനങ്ങൾ അധികമായി നൽകുന്ന പദ്ധതിയാണ് ട്രൈബൽ പ്ലസ്. പൂർണമായും സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്താലാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തിന് മാതൃകയായി ആദ്യമായി ഈ പദ്ധതി രൂപകൽപ്പന ചെയ്ത് നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. 10ലക്ഷം തൊഴിൽ ദിനങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടതെങ്കിലും 11,82,527 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കാനായി. തൊഴിലുറപ്പ് തൊഴിലാളികൾ സ്വയം സഹായ സംഘങ്ങൾക്ക് വേണ്ടി നിർമ്മിച്ച അൻപത് വർക്ക് ഷെഡുകളുടെ ഉദ്ഘാടനവും ഇതേ വേദിയിൽ നടക്കും. 200ദിനം പൂർത്തിയാക്കിയ കുടുംബങ്ങളിലെ ഏറ്റവും പ്രായമുള്ള തൊഴിലാളികളെ ആദരിക്കും.

രാജ്യത്ത് ആദ്യമായാണ് പട്ടിക വർഗ കുടുംബങ്ങൾക്ക് 200 തൊഴിൽ ദിനങ്ങൾ ഉറപ്പുനൽകുന്ന പദ്ധതി നടപ്പിലാക്കുന്നത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉറപ്പുനൽകുന്ന 100തൊഴിൽ ദിനങ്ങൾക്ക് പുറമേയാണ് പട്ടികവർഗ കുടുംബങ്ങൾക്ക് 100തൊഴിൽദിനങ്ങൾ കൂടി നൽകിയത്. 2022-23 വർഷത്തിൽ 30429 പട്ടിക വർഗ കുടുംബങ്ങൾ 100ദിവസവും 3312 കുടുംബങ്ങൾ 200ദിവസവും തൊഴിൽ പൂർത്തിയാക്കിയിട്ടുണ്ട്. ആകെ 11,82,527 തൊഴിൽ ദിനങ്ങളാണ് ഇങ്ങനെ പൂർത്തിയാക്കിയത്. പട്ടികവർഗ്ഗ സങ്കേതങ്ങളിലേക്കുളള റോഡ് നിർമ്മാണം, പട്ടികവർഗ്ഗ കുടുംബങ്ങളുടെ ഭൂമിയിൽ ഭൂവികസന പ്രവർത്തനങ്ങളും മറ്റ് ആദായ ദായകമായ ആസ്തി നിർമ്മാണ പ്രവർത്തനങ്ങളും ട്രൈബൽ പ്ലസിന്റെ ഭാഗമായി നടത്തിയിട്ടുണ്ട്. പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് തൊഴിൽ നൽകുന്നതിൽ ദേശീയ ശരാശരിയേക്കാൾ (52%) ഉയർന്ന സംസ്ഥാന ശരാശരി (86%) കേരളത്തിനുണ്ട്. ആകെ തൊഴിൽ ലഭിക്കുന്ന പട്ടികവർഗ കുടുംബങ്ങളിൽ 100 തൊഴിൽ ദിനങ്ങൾ ലഭ്യമായ കുടുംബങ്ങളിൽ ദേശീയ ശരാശരിയേക്കാൾ (8%) ഉയർന്നതാണ് കേരളത്തിന്റെ ശരാശരി(39%). ഈ നേട്ടങ്ങൾക്കൊപ്പമാണ് ട്രൈബൽ പ്ലസും പുതിയ ചരിത്രം സൃഷ്ടിക്കുന്നത്.