കുറഞ്ഞ പ്രമിയം നിരക്കിൽ മികച്ച ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കുന്ന ജീവൻ ദീപം ഒരുമ പദ്ധതിയിൽ ഇതു വരെ 11,28,381 കുടുംബശ്രീ വനിതകൾ അംഗങ്ങളായി.
തിരുവനന്തപുരം (59298), കൊല്ലം (88677), പത്തനംതിട്ട (32896), ആലപ്പുഴ (47242), ഇടുക്കി (28268), കോട്ടയം (55887), എറണാകുളം (2,05,282), തൃശൂർ (2,01,916), പാലക്കാട് (119298), വയനാട് (26162), മലപ്പുറം (61512), കോഴിക്കോട് (122970), കണ്ണൂർ (54861), കാസർഗോഡ് (24112) എന്നിങ്ങനെയാണ് അംഗങ്ങളായവരുടെ എണ്ണം.
അയൽക്കൂട്ടങ്ങളിലെ ഒരംഗത്തിന് സ്വാഭാവിക മരണമോ അപകടമരണമോ സംഭവിച്ചാൽ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. അപകടത്തിൽ സ്ഥിരമായ അംഗവൈകല്യം സംഭവിച്ചാലും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. കുടുംബശ്രീയും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനും സംസ്ഥാന ഇൻഷുറൻസ് വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണിത്. അയൽക്കൂട്ട അംഗങ്ങൾ ചേർന്ന് ലിങ്കേജ് വായ്പയെടുത്ത ശേഷം ഇതിലെ ഏതെങ്കിലും ഒരംഗത്തിന് മരണം സംഭവിച്ചാൽ ആ വ്യക്തിയുടെ വായ്പാ ബാധ്യത മറ്റ് അംഗങ്ങൾക്ക് ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യമാണ് മുമ്പുണ്ടായിരുന്നത്. എന്നാൽ പദ്ധതി പ്രകാരമുള്ള ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതോടെ ഈ സാഹചര്യം ഒഴിവാകും. മരണമടഞ്ഞ ആൾക്ക് ലഭ്യമാകുന്ന ഇൻഷുറൻസ് തുകയിൽ നിന്നും ഈ വ്യക്തിയുടെ പേരിൽ നിലനിൽക്കുന്ന വായ്പാ തുക അയൽക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു നൽകും. ബാക്കി തുക മരണമടഞ്ഞ വ്യക്തിയുടെ അവകാശിക്കും ലഭിക്കും.
2020-21 സാമ്പത്തിക വർഷത്തിലാണ് ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്. 2022-23 സാമ്പത്തികവർഷം പദ്ധതി പുതുക്കി. 174 രൂപയാണ് വാർഷിക പ്രീമിയം. 18 മുതൽ 74 വയസു വരെ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. 18നും 50നും ഇടയിൽ പ്രായമുള്ള അംഗത്തിന് സ്വാഭാവിക മരണം സംഭവിക്കുകയാണെങ്കിൽ പോളിസിയിൽ പറഞ്ഞിട്ടുള്ള അവകാശിക്ക് ഒരു ലക്ഷം രൂപയാണ് ലഭിക്കുക. 51-60, 61 -70, 71 -74 വരെ പ്രായമുള്ള പോളിസി ഉടമകൾക്ക് സാധാരണ മരണം സംഭവിച്ചാൽ യഥാക്രമം 45,000, 15,000, 10000 എന്നിങ്ങനെ പോളിസി തുക ലഭിക്കും. എല്ലാ വിഭാഗത്തിലും പോളിസി ഉടമയ്ക്ക് അപകട മരണമോ അപകടത്തിൽ സ്ഥിരമായ അംഗവൈകല്യമോ സംഭവിച്ചാൽ പോളിസി തുകയ്ക്കൊപ്പം അപകട ആനുകൂല്യമായ 25,000 രൂപയും ലഭിക്കും. പദ്ധതിയുടെ ഭാഗമായി സി.ഡി.എസ്തലത്തിൽ പ്രവർത്തിക്കുന്ന റിസോഴ്സ് പേഴ്സൺമാരായ ബീമ മിത്ര വഴിയാണ് അയൽക്കൂട്ട അംഗങ്ങളിൽ നിന്നുള്ള പ്രീമിയം സമാഹരണവും പുതിയ അംഗങ്ങളെ ചേർക്കുന്നതും.