On January 26, there will be no drunken streets in the districts

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിൻറെ രണ്ടാം ഘട്ടം സമാപനദിനമായ 2023 ജനുവരി 26 ന് എല്ലാ ജില്ലകളിലും ‘ലഹരിയില്ലാ തെരുവ്’ പരിപാടി സംഘടിപ്പിക്കും. ജില്ലയിലെ ഒരു പ്രധാന വീഥിയിലായിരിക്കും പരിപാടി സംഘടിപ്പിക്കുക. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ലഹരിക്കെതിരെ സന്ദേശം ഉൾക്കൊള്ളുന്ന വിവിധ കലാ-കായിക പരിപാടികൾ സംഘടിപ്പിക്കും. മയക്കുമരുന്ന് ലഹരിക്കെതിരെ സമൂഹത്തെയാകെ അണിനിരത്താൻ സർക്കാരിൻറെ വിവിധ പ്രചാരണ പരിപാടികളിലൂടെ കഴിഞ്ഞു. രണ്ടാം ഘട്ടം സമാപനവും മികവോടെ സംഘടിപ്പിക്കാനാകണം. പരിപാടിയിൽ അണിചേരാൻ വിദ്യാർഥികളും യുവാക്കളും സ്ത്രീകളുമുൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളും തയ്യാറാകണം.

2022 ഒക്ടോബർ ആറിനാണ് നോ ടു ഡ്രഗ്സ് എന്ന പേരിൽ സർക്കാർ വിപുലമായ പ്രചാരണം ആരംഭിച്ചത്. ആദ്യഘട്ട പ്രചാരണം നവംബർ ഒന്നിന് അവസാനിച്ചു. നവംബർ 14ന് രണ്ടാം ഘട്ടത്തിന് തുടക്കമായി. ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന മുദ്രാവാക്യവുമായി ഗോൾ ചലഞ്ച് സംസ്ഥാനമെങ്ങും നടന്നു. സ്കൂളുകൾ, കോളജുകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡൻറ് അസോസിയേഷനുകൾ, കുടുംബശ്രീ ഉൾപ്പെടെ കേന്ദ്രീകരിച്ചും വിവിധ പരിപാടികൾ രണ്ടാംഘട്ടത്തിൽ നടത്തിയിട്ടുണ്ട്. രണ്ടാം ഘട്ട ക്യാമ്പയിൻറെ സമാപനത്തിനാണ് ജില്ലകളിൽ ലഹരി വിരുദ്ധ തെരുവ് പരിപാടി സംഘടിപ്പിക്കുന്നത്.