Kerala Solid Waste Management Scheme 'Matam'

കേരള ഖരമാലിന്യ പരിപാലന പദ്ധതി ‘മാറ്റം’

സംസ്ഥാനത്തെ നഗരങ്ങളിലെ ഖരമാലിന്യ പരിപാലന സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും, ആധുനിക ശാസ്ത്രീയ-സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നതിനും കേരള സർക്കാർ, ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (AIIB) എന്നിവയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയാണ് മാറ്റം

2400 കോടി രൂപയുടെ ഈ പദ്ധതിയിലൂടെ അത്യാധുനികവും ശാസ്ത്രീയവുമായ ലോകോത്തര മാലിന്യ പരിപാലന സംവിധാനങ്ങളാണ് സംസ്ഥാനത്തെ മുഴുവൻ നഗരസഭകൾക്കും സ്വന്തമാവുന്നത്. ‘മാലിന്യ മുക്തം നവകേരളം’ പ്രവർത്തനങ്ങൾ നിലവിൽ രണ്ടാം ഘട്ടത്തിലാണ്. അടിസ്ഥാന സൗകര്യവികസനത്തിനും, ആധുനിക മാലിന്യ പരിപാലന സംവിധാനങ്ങൾ ഒരുക്കുന്നതിനുമാണ് ഈ ഘട്ടത്തിൽ ഊന്നൽ നല്കുന്നത്. സംസ്ഥാനത്തെ നഗരങ്ങളിലെ ഖരമാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് ലോക ബാങ്കിൻറെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കിൻറെയും ധനസഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘മാറ്റം’ എന്ന് പേരിട്ടിരിക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതി.

93 നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്ത 25 വർഷത്തേക്ക് സുസ്ഥിര മാലിന്യപരിപാലത്തിനാവശ്യമായിട്ടുള്ള രൂപരേഖ കേന്ദ്ര ഖരമാലിന്യ പരിപാലന ചട്ടത്തിനനുസരിച്ച തയ്യാറാക്കണം. വൻകിട പദ്ധതികൾക്കയുള്ള ഉപപദ്ധതികൾ നഗരസഭകൾ നടപ്പാക്കണം. 31 നഗരസഭകളിൽ ഇതിനായുള്ള രൂപരേഖ തയ്യാറാക്കി കഴിഞ്ഞു.

1200 കോടി രൂപയുടെ അടിസ്ഥാനസൗകര്യവികസന ഗ്രാൻറാണ് നഗരസഭകൾക്ക് നൽകുന്നത്. ഈ വർഷം 300 കോടി രൂപയുടെ ഉപപദ്ധതികൾ 93 നഗരസഭകളിൽ തുടങ്ങും. ലോകനിലവാരത്തിലുള്ള പദ്ധതികൾ ഒരു വർഷം കൊണ്ട് തന്നെ പൂർത്തിയാക്കും.

മാലിന്യം ശേഖരിക്കുന്നതിനുള്ള എംസിഎഫ്(മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി), ആർ ആർ എഫ്(റിസോഴ്സ് റിക്കവറി ഫെസിലിറ്റി) എന്നിവ ഗ്രീൻ പാർക്കുകളായി മാറും. ആർക്കിടെക്റ്റ് ശങ്കറാണ് ഇവയുടെ രൂപകൽപന തയ്യാറാക്കിയത്. പൊതുജനങ്ങൾക്ക് വരാവുന്ന സായാഹ്നങ്ങൾ ചെലവഴിക്കാനുള്ള സ്ഥലമായി ഇവ മാറും.

മാലിന്യ ശേഖരണത്തിന് ആഗോള നിലവാരത്തിലുള്ള ആധുനിക വാഹനങ്ങൾ ലഭ്യമാക്കും. മാലിന്യ സംസ്ക്കരണത്തിന് ആവശ്യമായ സ്ഥലം വാങ്ങാൻ നഗരസഭകൾക്ക് ധനസഹായം നൽകും. ഹരിത കർമ്മസേനാംഗങ്ങൾക്ക് ആധുനിക സംവിധാനങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ, തൊഴിലിടങ്ങൾ സുരക്ഷിതമാക്കൽ എന്നിവ നടപ്പാക്കും.
എല്ലാ നഗരസഭകളിലും സാനിറ്ററി മാലിന്യങ്ങൾ കൈകാര്യം ചെയ്യാനായി മാലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച ഇരട്ട അറകളുള്ള ഇൻസിനേറ്റർ എല്ലാ നഗരസഭകളിലും സ്ഥാപിക്കും. കെട്ടിടാവശിഷ്ടങ്ങൾ പ്രത്യേകമായി സംസ്ക്കരിച്ച് നിർമ്മാണ പ്രവർത്തനത്തിൽ ഉപയോഗിക്കാവുന്നതിനുള്ള സംരംഭങ്ങൾ ആരംഭിക്കും. അജൈവമാലിന്യങ്ങൾപുനരുപയോഗിക്കുന്നതിന് ഗ്രീൻ ഇൻഡസ്ട്രിയൽ പാർക്കും സജ്ജീകരിക്കും. ഈ സാമ്പത്തികവർഷം 19 വൻകിട മാലിന്യ കൂനകൾ വൃത്തിയാക്കും. പദ്ധതി പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് ഓരോ നഗരസഭയിലും സോളിഡ് വേസ്റ്റ് എൻജിനിയർമാരെ നിയോഗിച്ചു. സംസ്ഥാനത്തൊട്ടാകെ 350 സാങ്കേതികവിദഗ്ധരെ കെഎസ് ഡബ്ല്യൂഎംപി നിയമിച്ചിട്ടുണ്ട്.

ക്യാമറകൾ വഴിയും, വാട്സാപ്പ്, മൊബൈൽ എന്നിവ വഴിയുമുള്ള കേന്ദ്രീകൃത നിരീക്ഷണ സംവിധാനം, സമഗ്ര പരാതി പരിഹാര സംവിധാനം എന്നിവയും നടപ്പാക്കിയിട്ടുണ്ട്.മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ കൂടുതൽ കർശനമായ നിയമഭേദഗതി കൊണ്ടു വരും.
മാലിന്യമുക്ത കേരളത്തിൻറെ ഒന്നാംഘട്ടം പിന്നിടുമ്പോൾ നല്ല പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. പദ്ധതി തുടങ്ങുമ്പോൾ വാതിൽപടി മാലിന്യശേഖരണം 48 ശതമാനം മാത്രമായിരുന്നു. ഇന്നത് 78 ശതമാനമായിട്ടുണ്ട്. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും വാർ റൂമുകൾ പ്രവർത്തിക്കുന്നു.1034 തദ്ദശസ്ഥാപനങ്ങൾക്കായി 2290 കോടി രൂപയാണ് മാലിന്യസംസ്ക്കരണത്തിന് നടപ്പു സാമ്പത്തിക വർഷം വകയിരുത്തിയിട്ടുള്ളത്. ഇതിൽ 422 സ്ഥാപനങ്ങൾ 90-100 ശതമാനം ലക്ഷ്യം നേടി. 298 സ്ഥാപനങ്ങൾ 75 മുതൽ 90 ശതമാനം വരെയും 236 സ്ഥാപനങ്ങൾ 50 മുതൽ 75 ശതമാനം വരെയും വാതിൽപ്പടി മാലിന്യ ശേഖരണത്തിൽ ലക്ഷ്യം കൈവരിച്ചിട്ടുണ്ട്.
മാലിന്യക്കൂനയെക്കുറിച്ച് പരാതിപ്പെടാൻ ഓരോ തദ്ദേശ സ്ഥാപനവും വാട്സാപ്പ് നമ്പർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്കും പൊതുജനങ്ങൾ വാട്സാപ്പ് നമ്പർ വഴിയും റിപ്പോർട്ട് ചെയ്തത് 5965 മാലിന്യക്കൂനകളുടെ കേസുകളാണ്. അതിൽ 5473(91.65 ശതമാനം) കേസുകളിലെ മാലിന്യക്കൂമ്പാരങ്ങൾ ശുചീകരിക്കാൻ കഴിഞ്ഞു. മാലിന്യം അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവരിൽ നിന്ന് സ്ക്വാഡുകൾ വഴി 1.6 കോടി രൂപ പിഴയായി ഈടാക്കി. മാലിന്യം വലിച്ചെറിഞ്ഞവരുടെ ചിത്രങ്ങൾ സഹിതം പൊതുജനങ്ങൾ നൽകിയ പരാതികളിൽ നിന്ന് 25 ലക്ഷം രൂപയാണ് ചുരുങ്ങിയ കാലയളവിൽ പിഴയായി ഈടാക്കിയത്. ഇത്തരത്തിൽ വിവരം തരുന്നവർക്ക് പിഴത്തുകയുടെ 25 ശതമാനം വരെ പാരിതോഷികം നൽകുന്നുണ്ട്‌. ഉറവിടമാലിന്യ സംസ്ക്കരണത്തിനായി 3,64,259 ജൈവ കമ്പോസ്റ്റ് യൂണിറ്റുകൾ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്തു. തൊഴിലുറപ്പ് പദ്ധതി വഴിയും ജൈവമാലിന്യ സംസ്ക്കരണത്തിൽ പങ്കാളിത്തമുണ്ടായി.