Total Open Discharge Free (ODF) plus status for Kerala

സ്വച്ഛ് ഭാരത് മിഷന്റെ (ഗ്രാമീൺ) കണക്ക് പ്രകാരം കേരളത്തിന് സമ്പൂർണ വെളിയിട വിസർജന വിമുക്ത (ഒ.ഡി.എഫ്.) പ്ലസ് പദവി. 75 ശതമാനത്തിൽ കൂടുതൽ വില്ലേജുകളും സമ്പൂർണ വെളിയിട വിസർജന വിമുക്തമായി പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തിന് ഈ പദവി ലഭിച്ചത്. ഇതോടെ കേരളം ഈ വിഭാഗത്തിൽ ‘ഗ്രീൻ’ വിഭാഗത്തിലെത്തി. വെളിയിട വിസർജന വിമുക്ത പദവിയേക്കാൾ ഉയർന്ന പദവിയാണ് ഒ.ഡി.എഫ്. പ്ലസ്.

എല്ലാ വീടുകളിലും ശൗചാലയങ്ങൾ ഉറപ്പുവരുത്തിയാണ് ഗ്രാമപ്പഞ്ചായത്തുകൾ ഒ.ഡി.എഫ്. പദവി കൈവരിച്ചത്. പ്ലസ് പദവിക്കായി ഗ്രാമങ്ങളെ വെളിയിട വിസർജന രഹിതമാക്കി തുടർന്നുകൊണ്ടുപോകുന്നതോടൊപ്പം എല്ലാവർക്കും ഖര, ദ്രവ മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തുകയും വേണം.

ഒ.ഡി.എഫ്. പ്ലസ് പദവി ലഭിക്കണമെങ്കിൽ എല്ലാ വില്ലേജുകളിലും കൃത്യമായ പരിപാലനസംവിധാനമുള്ള പൊതുശൗചാലയം വേണം. വിദ്യാലയങ്ങൾ, അങ്കണവാടികൾ, ഗ്രാമപ്പഞ്ചായത്ത് ആസ്ഥാനം എന്നിവിടങ്ങളിൽ ശൗചാലയം, പൊതു ഇടങ്ങളിൽ മലിനജലം കെട്ടിനിൽക്കാതെയും മാലിന്യക്കൂമ്പാരങ്ങളില്ലാതെയുമുള്ള പരിപാലനം, വീടുകൾ, വിദ്യാലയങ്ങൾ, അങ്കണവാടികൾ, ഗ്രാമപഞ്ചായത്ത് ആസ്ഥാനം എന്നിവിടങ്ങളിൽ മാലിന്യസംസ്കരണ സംവിധാനം എന്നിവയും ഉറപ്പാക്കണം. കമ്യൂണിറ്റി കമ്പോസ്റ്റ് സംവിധാനം, ദ്രവ മാലിന്യ സംസ്കരണ സംവിധാനം, അജൈവ മാലിന്യ ശേഖരണ-സംസ്കരണ സംവിധാനം, ഹരിതകർമസേനയുടെ സേവനം, ശുചിത്വസന്ദേശം പ്രചരിപ്പിക്കുന്ന ബോർഡുകൾ എന്നിവയും വേണം.

ആകെ ഒ.ഡി.എഫ്. പ്ലസ് ആയി പ്രഖ്യാപിച്ച 1184 ൽ 720 എണ്ണം മാതൃക വില്ലേജുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ മാതൃക വില്ലേജുകളുള്ളത് കേരളത്തിലാണ്. 62.3 %. ജൂൺ 5ന് ലോക പരിസ്ഥിതിദിനത്തിൽ ‘മാലിന്യമുക്തം നവകേരളം’ കാമ്പയിന്റെ 1-ാം ഘട്ടം പൂർത്തിയാകുമ്പോൾ സമ്പൂർണ വെളിയിട വിസർജനവിമുക്ത പദവി ലഭിച്ച വില്ലേജുകളുടെ എണ്ണം 100 ശതമാനമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വയനാട്, തൃശ്ശൂർ ജില്ലകൾ 100 % നേട്ടം കൈവരിച്ചു.

വില്ലേജുകളെ ഒ.ഡി.എഫ്. പ്ലസ്, ആസ്പയറിങ്, റൈസിങ്, മോ‌ഡൽ എന്നീ ഘട്ടങ്ങളായാണ് പ്രഖ്യാപനം നടത്തുന്നത്. സംസ്ഥാനത്തെ 1509 വില്ലേജുകളിൽ 1184 വില്ലേജുകൾ ഒ.ഡി.എഫ് പ്ലസ് വില്ലേജുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 420 എണ്ണം ആസ്പയറിങ് വില്ലേജുകളായും 44 എണ്ണം റൈസിംഗ് വില്ലേജുകളായും 720 എണ്ണം മോഡൽ വില്ലേജുകളുമായാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

2023 ഡിസംബറിന് മുമ്പായി രാജ്യത്തെ ഏറ്റവും കൂടുതൽ മോഡൽ വില്ലേജുകളുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് കേരളത്തിൽ നടന്നുവരുന്നത്.