Minister MV Govindan Master said that according to the building code, the construction must comply with the regulations of the Central Government

കെട്ടിട നിര്‍മ്മാണ ചട്ടപ്രകാരം നിര്‍മ്മാണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകളും പാലിക്കേണ്ടതുണ്ടെന്നു മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ 

തിരുവനന്തപുരം : കെട്ടിട നിര്‍മ്മാണ ചട്ടപ്രകാരം ദേശീയപാതയില്‍ നിന്നും 3 മീറ്റര്‍ അകലത്തില്‍ നിര്‍മ്മാണങ്ങളൊന്നും പാടില്ലായെന്ന് നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ടെന്നും ഇത്തരം നിര്‍മ്മാണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകളും പാലിക്കേണ്ടതുണ്ടെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയപാത അതിര്‍ത്തികളിലുള്ള കെട്ടിട നിര്‍മ്മാണത്തിന് ആക്‌സസ് പെര്‍മിറ്റ് അനുവദിക്കുന്നത് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ആണ്. പ്രസ്തുത അനുമതി ലഭ്യമാവുന്ന മുറയ്ക്കാണ് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ കെട്ടിട നിര്‍മ്മാണാനുമതി നല്‍കി വരുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

നിലവില്‍ സ്വകാര്യ കണ്‍സള്‍ട്ടന്‍സി ഏജന്‍സികള്‍ ആവശ്യക്കാര്‍ക്ക് ആക്‌സസ് പെര്‍മിറ്റ് ലഭ്യമാക്കി നല്‍കുന്നതിന് ഭാരിച്ച തുക കണ്‍സള്‍ട്ടന്‍സി ഫീസായി ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഈ വിഷയം ബന്ധപ്പെട്ട കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള വന്‍തുക ഈടാക്കുന്ന നടപടിമൂലമുള്ള കൂടുതല്‍ ബാധ്യത ഒഴിവാക്കുന്നതിനും ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നത് പോലെ ദേശീയ പാതയോരത്തുള്ള വസ്തുവകകളിലെ പ്രവേശനാനുമതിയ്ക്കായുള്ള ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ചും ദേശീയപാത നിയന്ത്രണ നിയമം പ്രകാരവും സ്വകാര്യ സ്വത്തുക്കള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും ദേശീയപാതയിലേക്കുള്ള പ്രവേശനത്തിന് ബന്ധപ്പെട്ട ഹൈവേ അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് അനുമതി നേടേണ്ടതുണ്ടെന്നും മാനദണ്ഡങ്ങള്‍ക്കനുസൃതമായി ആവശ്യമായ ഫീസ് അപേക്ഷകര്‍ അടയ്‌ക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം കാര്യത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.