കുടുംബശ്രീ ജീവനക്കാർക്ക് ആർത്തവവേളയിൽ ഒരു ദിവസം വർക്ക് ഫ്രം ഹോം
കുടുംബശ്രീ ജീവനക്കാർക്ക് ഇനി ആർത്തവവേളയിൽ ഒരു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കും. ആർത്തവകാലത്ത് സ്ത്രീകൾ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്തുകൊണ്ടാണ് കുടുംബശ്രീ ഗവേണിംഗ്‌ബോഡി ഇത്തരമൊരു തീരുമാനമെടുത്തത്.
കേരളത്തിലെ സാമൂഹ്യ മണ്ഡലത്തിൽ സ്ത്രീസുരക്ഷയും ലിംഗപദവി തുല്യതയും ഉറപ്പു വരുത്തുന്നതിന് കുടുംബശ്രീ പ്രവർത്തനങ്ങൾ വഴി സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വർഷം കൊണ്ട് കേരളീയ സ്ത്രീജീവിതത്തിന്റെ തലവര മാറ്റിയതുപോലെ സാമൂഹ്യജീവിതത്തിന്റെ വിധിവാക്യങ്ങളെ മാറ്റിയെഴുതാനും കുടുംബശ്രീക്ക് കഴിയണം. സ്ത്രീശാക്തീകരണത്തിന്റെ പ്രധാന ഉപാധിയായി കുടുംബശ്രീ മാറിയിട്ടുണ്ട്. കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തെ പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ സാമ്പത്തിക സ്ത്രീശാക്തീകരണ രംഗത്ത് ശ്രദ്ധേയമായ പങ്കു വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്ത്രീശാക്തീകരണത്തിനൊപ്പം സ്ത്രീസുരക്ഷയ്ക്കും തുല്യപ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. പലതിന്റെയും പേരിൽ മാറ്റിനിർത്തപ്പെടുന്ന സാഹചര്യം നിലനിൽക്കുന്ന ഈ കാലത്ത് എല്ലാവരേയും ഉൾച്ചേർത്തു കൊണ്ടു മുന്നോട്ടു പോവുന്ന പ്രവർത്തനമാണ് കുടുംബശ്രീയുടേത്. ആഗോളതലത്തിൽ ശ്രദ്ധനേടിയ മികച്ച പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ സാമ്പത്തിക സ്ത്രീശാക്തീകരണ വഴികളിൽ ദീർഘദൂരം പിന്നിടാൻ കുടുംബശ്രീക്കായിട്ടുണ്ട്.
‘വനിതകളിൽ നിക്ഷേപിക്കുക, പുരോഗതിയെ ത്വരിതപ്പെടുത്തുക’ എന്ന ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിന സന്ദേശം ഇരുപത്തിയഞ്ച് വർഷം മുമ്പേ നടപ്പാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീ. അതിഗംഭീരമായ ഒരു യാത്രയാണ് കുടുംബശ്രീ പിന്നിട്ടത്.